Latest News

ആഭ്യന്തര വകുപ്പ് ആര്‍എസ്എസ് കൈയടക്കാന്‍ വഴിയൊരുക്കിയത് സിപിഎം: ഹമീദ് വാണിയമ്പലം

കേരളം ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആണെങ്കിലും സംഘപരിവാറിന് അനുഗുണമാകുന്ന തീരുമാനങ്ങളാണ് സര്‍ക്കാരില്‍ നിന്ന് വരുന്നതെന്നും പ്രത്യേകിച്ച് പോലിസ് വകുപ്പ് സംഘ്പരിവാര്‍ നിയന്ത്രണത്തിലുമാണ് എന്ന് വ്യാപകമായി ആരോപണമുണ്ട്. അതിന് വസ്തുതകളുടെ പിന്‍ബലവുമുണ്ട്.

ആഭ്യന്തര വകുപ്പ് ആര്‍എസ്എസ് കൈയടക്കാന്‍ വഴിയൊരുക്കിയത് സിപിഎം: ഹമീദ് വാണിയമ്പലം
X

തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര വകുപ്പ് സമ്പൂര്‍ണ്ണമായി ആര്‍എസ്എസിന് കയ്യടക്കാന്‍ സാഹചര്യമൊരുക്കിയത് സിപിഎമ്മാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. പോലിസിലെ നിര്‍ണായക ജോലികള്‍ ആര്‍എസ്എസ് അനുകൂലികള്‍ കൈയടുക്കുന്നുവെന്ന് കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ സിപിഎം ജില്ലാ സമ്മേളനത്തില്‍ തുറന്നു പറഞ്ഞത് സംസ്ഥാന സെക്രട്ടറി കോടിയേരിയാണ്. കേരളം ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആണെങ്കിലും സംഘപരിവാറിന് അനുഗുണമാകുന്ന തീരുമാനങ്ങളാണ് സര്‍ക്കാരില്‍ നിന്ന് വരുന്നതെന്നും പ്രത്യേകിച്ച് പോലിസ് വകുപ്പ് സംഘ്പരിവാര്‍ നിയന്ത്രണത്തിലുമാണ് എന്ന് വ്യാപകമായി ആരോപണമുണ്ട്. അതിന് വസ്തുതകളുടെ പിന്‍ബലവുമുണ്ട്. എന്നാല്‍ ഇതുന്നയിക്കുന്നവരെ മുസ്‌ലിം തീവ്രവാദികളെന്നോ മുസ്‌ലിം തീവ്രവാദികളുടെ സ്വാധീനത്താല്‍ പ്രവര്‍ത്തിക്കുന്നവരെന്നോ പറഞ്ഞ് ആക്ഷേപിക്കുകയാണ് സിപിഎം നേതാക്കളടക്കം ചെയ്യുന്നത്.

ഈ സാഹചര്യത്തില്‍ കൊടിയേരിയുടെ ആത്മവിമര്‍ശനം ഗൗരവതരമാണ്.പോലിസില്‍ ആര്‍എസ്എസ് സാന്നിദ്ധ്യമുണ്ടെന്ന് പറയുന്ന ആദ്യത്തെ ഇടത് നേതാവല്ല കൊടിയേരി. സിപിഐ നേതാവ് ആനി രാജ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അത് പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷത്തിരിക്കുന്ന സമയത്ത് പിണറായി വിജയന്‍ തന്നെയും അത് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ കൊടിയേരി പറഞ്ഞത് ആഭ്യന്തര വകുപ്പ് കൈയാളുന്ന പാര്‍ട്ടിയുടെ ഏറ്റവും ഉന്നത നേതാവ് എന്ന നിലയില്‍ വളരെ പ്രാധന്യമുള്ളതാണ്. എങ്ങനെയാണ് പോലിസില്‍ ആര്‍എസ്എസ് സ്വാധീനമുണ്ടാകുന്നത് എന്നാണ് കൊടിയേരിയോട് തിരിച്ച് ചോദിക്കാനുള്ള ചോദ്യം. ഉത്തരം തിരിയാന്‍ കൊടിയേരിക്ക് എകെജി സെന്റര്‍ വിട്ട് എങ്ങോട്ടും പോകേണ്ടി വരില്ല. പോലിസില്‍ ആര്‍എസ്എസ് സാന്നിധ്യം നേരത്തേയുള്ള ഏര്‍പ്പാടാണെങ്കിലും സമ്പൂര്‍ണമായി പോലിസ് വകുപ്പ് നാഗ്പൂരിലെ ആര്‍എസ്എസ് കാര്യവാഹകര്‍ക്ക് പാട്ടത്തിന് കൊടുക്കുന്നത് ഇത് ആദ്യമായാണ്.

ബഹ്‌റയെപ്പോലെ ഗുജറാത്ത് കേഡറില്‍ നിന്ന് വന്ന അമിത് ഷായുടെയും മോദിയുടെയും ഇഷ്ടക്കാരനായ പോലിസ് ഓഫീസറായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ട ഡിജിപി. ഒട്ടേറെ അഴിമതി ആരോപണങ്ങളുയര്‍ന്നിട്ടും അദ്ദേഹത്തെ തന്നെ താരതമ്യേനെ ജൂനിയര്‍ ആയിട്ടു കൂടി ഡിജിപി ആയി നിയമിച്ചതും പിരിയുന്നത് വരെ നില നിര്‍ത്തിയതും പിരിഞ്ഞതിന് ശേഷം മെട്രോ റെയിലില്‍ നിയമിച്ച് കേരളത്തില്‍ തന്നെ നില നിര്‍ത്തിയതും എന്തിനാണെന്ന് വ്യക്തമാക്കണം. പോലിസിന് അമിതാധികാരം നല്‍കുന്ന 118 എ ഭേദഗതി കൊണ്ട് വന്നത് ബെഹ്‌റയുടെ താത്പര്യത്തിലാണ്. എതിര്‍പ്പു മൂലം പിന്‍വലിക്കേണ്ടി വന്നു എങ്കിലും മകോക മോഡലില്‍ മറ്റൊരു നിയമവും എന്‍ഐഎ മോഡലില്‍ പ്രത്യേക സേനയും ഉണ്ടാക്കാനുള്ള ഡ്രാഫ്റ്റ് പൂര്‍ത്തിയാക്കിയാണ് ബെഹ്‌റ പിരിയുന്നത്.

ഐ വാണ്‍ഡ് ഡെഡ് ബോഡീസ് ഓഫ് മുസ്‌ലിം ബാസ്റ്റഡ്‌സ് എന്ന് അലറിയ രമണ്‍ ശ്രീവാസ്തവ എന്ന പ്രഖ്യാപിത സംഘ്പരിവാര്‍ അനുകൂലി എങ്ങനെയാണ് ജോലി പിരിഞ്ഞ് പോയ ശേഷവും കേരള മുഖ്യമന്ത്രിയുടെ പോലിസ് ഉപദേഷ്ടാവായത്. തലപ്പത്ത് ആര്‍എസ്എസ് വിധേയരെ കുടിയിരുത്തിയ പോലിസ് സേനയില്‍ താഴെ അറ്റം വരെ ആര്‍എസ്എസ് നിയന്ത്രണമുണ്ടാകും എന്നത് സാമാന്യ ബോധമുള്ള ആര്‍ക്കും മനസ്സിലാകും.

പോലിസ് സേനയില്‍ സംഘ്പരിവാര്‍ ആഭിമുഖ്യവും മുസ്‌ലിം വിരുദ്ധതയും ഉണ്ടാകാന്‍ സിപിഎം നേതാക്കള്‍ സൃഷ്ടിച്ച സാമൂഹ്യാന്തരീക്ഷവും കാരണമാണ്. കേരളം 30 വര്‍ഷം കൊണ്ട് മുസ്‌ലിം രാജ്യമാകും എന്ന വി എസ് അച്യുതാനന്ദന്റെ പ്രസ്താവന പിന്നീട് യോഗി ആദിത്യനാഥ് ഉദ്ധരിച്ചിരുന്നു. ലൗ ജിഹാദ് എന്ന സംഘ്പരിവാര്‍ വ്യാജ ആരോപണത്തെ ന്യയീകരിക്കുന്നതായിരുന്നു ഇത്.

പൗരത്വ പ്രക്ഷോഭത്തില്‍ മുസ്‌ലിം തീവ്രവാദികള്‍ നുഴഞ്ഞുകയറി എന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വസ്തുതാവിരുദ്ധവും നുണയുമായ നിയമസഭാ പ്രസംഗം മോദി പാര്‍ലമെന്റില്‍ ഉദ്ധരിച്ചിരുന്നു. ഡല്‍ഹിലെ ഷഹീന്‍ബാഗ് പ്രക്ഷോഭത്തെയടക്കം അധിക്ഷേപിക്കാന്‍ മോദിയും സംഘ്പരിവാറും ഉപയോഗിച്ചത് പിണറായിയുടെ ഈ പരാമര്‍ശമാണ്.

കഴിഞ്ഞ തദ്ദേശ തിരെഞ്ഞെടുപ്പിന് മുന്നോടിയായി മുസ്‌ലിം ക്രൈസ്തവ സൗഹൃദം തകര്‍ക്കാന്‍ ഉദ്ദേശിച്ച് കൊടിയേരി തന്നെ നടത്തിയ ഹസന്‍-കുഞ്ഞാലിക്കുട്ടി-അമീര്‍ എന്ന പരാമര്‍ശം അതേ സമയം നടന്ന ബീഹാറിലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ആര്‍ജെഡി-കോണ്‍ഗ്രസ്-സിപിഎം-സിപിഐ സഖ്യത്തിനെതിരേ തിരെഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപി ഉപയോഗിച്ചു.

ഇടതു മുന്നണി കണ്‍വീനറും സിപിഎം മുന്‍ ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവന്‍ നിരന്തരം സംഘ്പരിവാറിന് മരുന്നിട്ട് കൊടുക്കുന്ന തരത്തില്‍ മുസ്‌ലിം വിരുദ്ധ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

കേരളത്തിലെ എല്ലാ ജനകീയ സമരത്തെയും അധിഷേപിക്കാന്‍ മുസ്‌ലിം തീവ്രവാദ ആരോപണമുന്നയിക്കുന്നത് മുഖ്യമന്ത്രി മുതല്‍ ബ്രാഞ്ച് സെക്രട്ടറി വരെയുള്ള സിപിഎം നേതാക്കളുടെ ഹോബിയാണ്. ആഗോള തലത്തില്‍ സാമ്രാജ്യത്വ ശക്തികളുല്‍പാദിപ്പിച്ച ഇസ്ലാമോഫോബിയയുടെ ഇന്ത്യയിലെ ഗുണഭോക്താക്കള്‍ ആര്‍എസ്എസ്സാണ്. സിപിഎം കേരളത്തില്‍ മുസ്‌ലിം വിരുദ്ധ പ്രചരണങ്ങളിലൂടെ സംഘ്പരിവാറിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നു. പോലിസും കേരളത്തിലെ ജനങ്ങളുടെ പരിഛേദം തന്നെയായിരിക്കുമല്ലോ. സേനയുടെ തലപ്പത്ത് സംഘ്പരിവാര്‍ നിയന്ത്രിക്കുന്നവരെ നിയമിച്ച് അടിമുടി സംഘപരിവാറിന് അനുകൂല പ്രചരണം സിപിഎം നേതാക്കള്‍ തന്നെ നടത്തുമ്പോള്‍ പോലിസിലെ ഏത് തസ്തികയിലുള്ളവരും സംഘ്പരിവാര്‍ അനുകൂലികളായി മാറും. കൊടിയേരി പരിതപിക്കുന്നതുപോലെ സിപിഎം അനുകൂല പോലിസ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പോലിസിലെ നിര്‍ണായക സ്ഥാനത്തിരുന്നാലും അന്തരീക്ഷം ഇതായിരിക്കുവോളം ആര്‍എസ്എസ് അജണ്ടകളായിരിക്കും കേരളാ പോലിസില്‍ നടക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it