Latest News

കോണ്‍ഗ്രസ് പുറത്താക്കിയാല്‍ കെ വി തോമസിന് സിപിഎം അഭയം നല്‍കും: കോടിയേരി

കോണ്‍ഗ്രസ് പുറത്താക്കിയാല്‍ കെ വി തോമസിന് സിപിഎം അഭയം നല്‍കും: കോടിയേരി
X

തിരുവനന്തപുരം: കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയാല്‍ കെ വി തോമസ് വഴിയാധാരമാവില്ലെന്നും സിപിഎം അഭയം നല്‍കുമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തോമസിന് ഇടതുപക്ഷ പ്രസ്ഥാനത്തില്‍ അഭയം കിട്ടാന്‍ യാതൊരു പ്രയാസവുമില്ല. കോണ്‍ഗ്രസില്‍നിന്ന് ആരെ പുറത്താക്കിയാലും സിപിഎം അഭയം നല്‍കുമെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന്റെ പേരിലാണ് തോമസിനെതിരേ കോണ്‍ഗ്രസ് നടപടിയെടുക്കുന്നത്. കോണ്‍ഗ്രസിന് സിപിഎമ്മിനോടാണ് വിരോധം, ആര്‍എസ്എസ്സിനോടല്ല. ബിജെപിയുടെ കൂടെ ചേര്‍ന്ന് കെ റെയില്‍ സമരം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാത്ത കോണ്‍ഗ്രസാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിന് വന്നതിന്റെ പേരില്‍ കെ വി തോമസിനെതിരേ നടപടി ശുപാര്‍ശ ചെയ്യുന്നത്.

കോണ്‍ഗ്രസ്സും ബിജെപിയും ഒന്നിച്ചാണ് കല്ല് പറിക്കാന്‍ പോവുന്നത്. ബിജെപിക്കൊപ്പം കെ റെയില്‍ സമരം നടത്തുന്ന കോണ്‍ഗ്രസുകാര്‍ക്കെതിരേ എന്തുകൊണ്ട് നടപടിയില്ലെന്നും കോടിയേരി ചോദിച്ചു. കെ വി തോമസിനെതിരേ നടപടിയെടുത്ത കോണ്‍ഗ്രസ് സമീപനം അവരെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തുകയേയുള്ളൂ. സിപിഎമ്മുമായി സഹകരിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് ഒരോരുത്തരെ പുറത്താക്കിയാല്‍ അവര്‍ക്ക് സിപിഎം അഭയം കൊടുക്കുകതന്നെ ചെയ്യും. കോണ്‍ഗ്രസ്സുകാര്‍ ആര്‍എസ്എസ് ഉയര്‍ത്തുന്ന ഹിന്ദുത്വ മുദ്രാവാക്യത്തിന് പിന്നാലെയാണ്. പലയിടത്തും കോണ്‍ഗ്രസുകാര്‍ ബിജെപിയാണ്. കേരളത്തിലും അതാവാനാണ് ശ്രമിക്കുന്നത്.

35 വര്‍ഷം വര്‍ഗീയ കലാപങ്ങള്‍ ഇല്ലാത്ത പശ്ചിമബംഗാളില്‍ ഇന്ന് കലാപങ്ങള്‍ പതിവായി. ഇടതു പക്ഷം ഇല്ലാതായാല്‍ പല ശക്തികളും അഴിഞ്ഞാടും, കലാപമുണ്ടാവുമെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെ പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് അച്ചടക്ക സമിതിയുടെ തീരുമാനം. സെസ്‌പെന്‍ഷന്‍ നടപടിയില്ല. പകരം താക്കീത് ചെയ്യും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ അന്തിമതീരുമാനം നാളെ വന്നേക്കും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അടക്കം മുന്നില്‍ കണ്ടാണ് കടുത്ത നടപടികള്‍ കോണ്‍ഗ്രസ് ഒഴിവാക്കിയത്. അതേസമയം, തന്നെ കോണ്‍ഗ്രസില്‍ നിന്ന് എടുത്തുമാറ്റാന്‍ ആര്‍ക്കും സാധിക്കില്ലെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം.

Next Story

RELATED STORIES

Share it