Latest News

കണിമംഗലം പാടശേഖരത്തിലെ വ്യാപക കൃഷിനാശം: പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി

കണിമംഗലം പാടശേഖരത്തിലെ വ്യാപക കൃഷിനാശം: പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി
X

തൃശൂര്‍: കണിമംഗലം പാടശേഖരത്തിലെ ചാമക്കോളില്‍ ഉണ്ടായ വ്യാപക കൃഷിനാശം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂവകുപ്പ് മന്ത്രി കെ രാജന്‍.

ചാമക്കോള് പടവ് സന്ദര്‍ശിച്ച് കൃഷി നാശം സംബന്ധിച്ച് കര്‍ഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായുംചര്‍ച്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ചൊവ്വാഴ്ച ഡ്രോണ്‍ ഉപയോഗിച്ച് പാടശേഖരത്തില്‍ മരുന്ന് തളിക്കും. കര്‍ഷകരുടെ പരാതികള്‍ പരിഗണിച്ചുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. കൃത്യമായ സമയത്ത് കൃഷിയിറക്കാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

കണിമംഗലം പാടശേഖരത്തിലെ 600 ഏക്കറില്‍ 93 ഏക്കറോളം വരുന്ന ചാമക്കോളില്‍ വ്യാപകമായ കൃഷി നാശമാണ് ഉണ്ടായത്. 65 മുതല്‍ 70 ദിവസം പ്രായമായ കതിരെത്തുന്ന നിലയിലെത്തിയപ്പോഴാണ് കേട് വന്ന് കരിഞ്ഞുണങ്ങിയത്. പാടശേഖരങ്ങളില്‍ വ്യാപകമായി കുമിള്‍ രോഗങ്ങളായ കുലവാട്ടം, തവിട്ട് പുള്ളിക്കുത്ത് എന്നിവ രൂക്ഷമായി കണ്ടു തുടങ്ങിയ സാഹചര്യത്തിലാണ് കര്‍ഷകര്‍ പരാതിയുമായി രംഗത്തെത്തിയത്. ഇതോടെ വിഷയം പഠിക്കാന്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരെയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തുകയായിരുന്നു.

ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും ഇടവിട്ട് വന്ന മഴയും മണ്ണിലെ കൂടിയ അമ്ലതയും പൊട്ടാസ്യം മൂലകത്തിന്റെ അപര്യാപ്തതയുമാണ് നെല്ലിലെ രോഗങ്ങളുടെ പ്രധാന കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കൃഷിവകുപ്പില്‍ നിന്ന് നല്‍കുന്ന കുമ്മായത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കും. രോഗ കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കുന്നതിന് കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. കെ. എല്‍. ഡി. സി ബണ്ടുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് കെഎല്‍ഡി സി ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു.

റവന്യൂ മന്ത്രിയോടൊപ്പം കാര്‍ഷിക സര്‍വ്വകലാശാല കൃഷിവിജ്ഞാനകേന്ദ്രം മേധാവി ഡോ. എ ലത, ശാസ്ത്രജ്ഞരായ ഡോ. ബെറിന്‍ പത്രോസ്, ഡോ. സന്ധ്യ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സരസ്വതി, അസി. ഡയറക്ടര്‍മാരായ ഗോപകുമാര്‍, രമേശ്, കൃഷി ഓഫീസര്‍ സീമ ഡേവിസ്, നെടുപുഴ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പുരുഷോത്തമന്‍, പാടശേഖര സമിതി ഭാരവാഹികള്‍, കര്‍ഷകര്‍ എന്നിവരും പടവ് സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it