Latest News

ബീഹാറില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയെന്നാരോപിച്ച് ദലിത് യുവാവിനെ കസ്റ്റഡിയില്‍ കൊലപ്പെടുത്തി; പ്രതിഷേധിച്ച കോളനി നിവാസികളുടെ വീടും സാധനങ്ങളും പോലിസ് തകര്‍ത്തു

ബീഹാറില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയെന്നാരോപിച്ച് ദലിത് യുവാവിനെ കസ്റ്റഡിയില്‍ കൊലപ്പെടുത്തി; പ്രതിഷേധിച്ച കോളനി നിവാസികളുടെ വീടും സാധനങ്ങളും പോലിസ് തകര്‍ത്തു
X

സത്താറ: ബീഹാറിലെ സത്താറയില്‍ ദലിത് ഭൂരിപക്ഷ കോളനി പോലിസ് തല്ലിത്തകര്‍ത്തു. കോളനിയിലെ വീടുകളിലുണ്ടായിരുന്ന ടെലിവിഷന്‍, ഓട്ടോറിക്ഷ, പാത്രങ്ങള്‍ എന്നിവയും തകര്‍ത്തു. പ്രധാനമായി പുല്ലും മണ്ണും ഉപയോഗിച്ച് നിര്‍മിച്ച അവശേഷിക്കുന്ന വീടുകള്‍ പൂട്ടി ഗ്രാമീണര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ബീഹാറിലെ സത്താറയില്‍ ജൂലൈ 28നാണ് സംഭവം.

ജൂലൈ 19നാണ് കോളനിയിലെ മുപ്പത്തിയൊന്നുകാരനായ ഗോവിന്ദ് മജ്ഹി ജയിലില്‍ വച്ച് പോലിസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടത്. നാടന്‍ മദ്യം അനധികൃതമായി വിറ്റുവെന്നാരോപിച്ചാണ് മജ്ഹിയെ പോലിസ് കസ്റ്റഡിയിലെടുത്തത്. 2016 ഏപ്രില്‍ മുതല്‍ ബീഹാറില്‍ മദ്യനിരോധനം നിലവിലുണ്ട്.


മജ്ഹി ബീഹാറിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സമുദായമാണ്. 2011ലെ സെന്‍സസ് പ്രകാരം 2,50,000 പേരാണ് ഈ സമുദായത്തിലുള്ളത്. മിക്കവാറും പേര്‍ ഭൂരഹിതരാണ്. കഴിയാവുന്നവരൊക്കെ വിവിധ സംസ്ഥാനങ്ങളില്‍ കുടിയേറി തൊഴിലെടുക്കുന്നു. അവശേഷിക്കുന്നവരില്‍ ഭൂരിഭാഗവും ദിവസക്കൂലിക്കാരാണ്. ഇഷ്ടികക്കളങ്ങളിലും കൃഷിയിടങ്ങളിലും ജോലി ചെയ്യുന്നവരുണ്ട്. പ്രതിദിനം 150-200 രൂപവരെയാണ് ലഭിക്കുന്നത്.


തന്റെ മകനെ കസ്റ്റഡിയിലെടുക്കും മുമ്പ് തന്നെ പോലിസ് കഠിനമായി മര്‍ദ്ദിച്ചിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. പിന്നീട് ഔറംഗബാദിലെ സബ് ജയിലിലേക്ക് മാറ്റി. സത്താറയിലെ ഗ്രാമത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് ജയില്‍. ജൂലൈ 24ന് രാവിലെ ഒരു മണിയോടെ ജയിലില്‍ വച്ച് ഗോവിന്ദ് മജ്ഹി മരിച്ചു.

രാജ്കുമാര്‍യാദവ് എന്ന പോലിസുകാരന്‍ നല്‍കിയ പരാതിയിലാണ് മജ്ഹിയെ അറസ്റ്റ് ചെയ്തത്. പരസ് ബിഘ പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനാണ് രാജ്കുമാര്‍. സത്താറയും ഇതേ സ്‌റ്റേഷന്റെ പരിധിയിലാണ്.


ജൂലൈ 19ന് പുലര്‍ച്ചെ തങ്ങള്‍ മദ്യവില്‍പ്പനക്കാരുടെ കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്‌തെന്നും സത്താറയില്‍ ഗോവിന്ദ് മജ്ഹിയുടെ വീടിനു മുന്നില്‍ വച്ച് മദ്യത്തോടെ ഇയാളെ കണ്ടെത്തിയെന്നും ദീര്‍ഘകാലമായി ഇയാള്‍ മദ്യവില്‍പ്പന നടത്തുന്നുണ്ടെന്ന കാര്യം സമ്മതിച്ചെന്നും രാജ് കുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇയാള്‍ എഴുതി നല്‍കിയ പരാതിയനുസരിച്ചാണ് പോലിസ് മജ്ഹിക്കെതിരേ ബീഹാര്‍ മദ്യനിരോധന എക്‌സൈസ് നിയമം, 2018ന്റെ സെക്ഷന്‍ 30 അനുസരിച്ച് കേസ് എടുത്തത്. കേസ് തെളിയുകയാണെങ്കില്‍ ഒരു ലക്ഷം രൂപ പിഴയും 10 വര്‍ഷം തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇത്.



മജ്ഹിയുടെ ഭാര്യ സുരന്ദി ദേവി പോലിസിന്റെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. ഇവര്‍ക്ക് ആറ് വയസ്സുള്ള മകളുണ്ട്.

പത്ത് പേരടങ്ങുന്ന സംഘം തങ്ങളുടെ വീടുകളിലേക്ക് ഇരച്ചു കയറിയെന്ന് ഭാര്യ പറയുന്നു.

പോലിസ് വരുമ്പോള്‍ ഭാര്യ വീടിനു വെളിയിലായിരുന്നു. വന്നുകയറിയ പോലിസുകാരിലൊരാള്‍ അവരെ ചീത്ത വിളിച്ച് അകത്തേക്ക് വിളിച്ചു. പോലിസുകാരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് അനുസരിച്ചില്ലെന്ന് മാത്രമല്ല, ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഉണര്‍ത്തി കൊണ്ടുപോവുകയും ചെയ്തുവെന്നാണ് ഭാര്യ സുരന്ദി പറയുന്നത്.

തന്റെ വീട്ടില്‍ പോലിസ് പറയുന്നതുപോയ പ്ലാസ്റ്റിക് ഗാലന്‍ ഉണ്ടായിരുന്നിലെന്നും വീട്ടില്‍ നിന്ന് നാടന്‍ മദ്യം ലഭിച്ചെന്ന ആരോപണം വ്യാജമാണെന്നും തന്റെ ഭര്‍ത്താവ് കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നയാളാണെന്നും മദ്യവ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നില്ലെന്നും മരിക്കാന്‍ മാത്രമുള്ള രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഭാര്യ പറയുന്നു. ആരോപണങ്ങള്‍ക്കൊന്നിനും പോലിസ് പ്രതികരിച്ചിട്ടില്ല.

ജൂലൈ 23നാണ് സുരന്ദി ദേവിക്ക് ഒരു ഫോണ്‍ കോള്‍ വരുന്നത്. ഭര്‍ത്താവ് ഗുരുതരമായ രോഗം ബാധിച്ച് ആശുപത്രിയിലാണെന്നായിരുന്നു സന്ദേശം. മജ്ഹിയുമായി ജയിലില്‍ കഴിഞ്ഞിരുന്നയാളാണ് വിളിച്ചത്. ജൂലൈ 23നാണ് ഇയാളെ ജയിലില്‍ നിന്ന് വിട്ടയച്ചത്. ഗോവിന്ദ് തന്നെയാണ് വീട്ടുകാരെ അറിയിക്കണമെന്ന് പറഞ്ഞ് നമ്പര്‍ നല്‍കിയത്.

എന്നാല്‍ ഭാര്യക്ക് ജൂലൈ 23ന് ജയിലില്‍ എത്താനായില്ല. ജൂലൈ 24ന് അവര്‍ ജയിലിലെത്തി. അവിടെ ഒരു വാനില്‍ ഗോവിന്ദിന്റെ മൃതദേഹമാണ് അവര്‍ കണ്ടത്. കാലിലും കയ്യിലും ധാരാളം പരിക്കുകളുണ്ടായിരുന്നു. വസ്ത്രം കീറിപ്പറിഞ്ഞിരുന്നു. ജൂലൈ 23ന് അദ്ദേഹം മരിച്ചുവെന്ന് കാവല്‍ നിന്നിരുന്ന ഗാര്‍ഡ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം നടന്നെങ്കിലും റിപോര്‍ട്ട് ഇതുവരെ കുടുംബത്തിന് നല്‍കിയിട്ടില്ല.

ജയിലില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് ജൂലൈ 22ന് ഗോവിന്ദിന്റെ ആരോഗ്യം വഷളായി. അന്ന് രാത്രി രണ്ട് കിലോമീറ്റര്‍ മാത്രം അകലേയുള്ള ഡോന്‍ഡ് നഗര്‍ സബ് ഡിവിഷണല്‍ ആശുപത്രിയലേക്ക് മാറ്റി. ഗോവിന്ദിന് കടുത്ത പനിയുണ്ടായിരുന്നതായും അബോധാവസ്ഥയിലായിരുന്നെന്നും കടുത്ത ആള്‍ക്കഹോളിക്കാരുന്നുവെന്നും ജയില്‍ അധികാരികള്‍ അവകാശപ്പെട്ടു.

പോലിസ് രേഖയില്‍ പറയുന്നതുപോലെ മജ്ഹിക്ക് ആല്‍ക്കഹോളിസത്തിന്റെ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നാണ് ചികില്‍സിച്ച താന്‍ രേഖപ്പെടുത്തിയതെന്ന് ഡോ. രാജേഷ് കുമാറും പറയുന്നു.

എന്നാല്‍ പരിശോധനയില്‍ ആല്‍ക്കഹോളിക്കായി തോന്നിയില്ലെന്നും രണ്ട് മൂന്ന് മണിക്കൂറാണ് ആശുപത്രിയിലുണ്ടായിരുന്നതെന്നും ഡോക്ടര്‍ പറയുന്നു. ഡോക്ടര്‍ മരുന്നുകളും ഇന്‍ജക്ഷനുകളും നല്‍കി. ആരോഗ്യം വീണ്ടെടുത്തതോടെ ജയിലധികാരികള്‍ തിരികെക്കൊണ്ടുപോയി.

ജൂലൈ 23ന് രാത്രി രോഗം മൂര്‍ച്ഛിച്ചു. ജയിലധികൃതര്‍ മജ്ഹിയെ വീണ്ടും ആശുപത്രിയിലെത്തിച്ചു. പക്ഷേ, കൊണ്ടുവരുമ്പോള്‍തന്നെ മരിച്ചിരുന്നു.

ജൂലൈ 22ന് ഇത്ര മോശം അവസ്ഥയില്‍ എന്തിനാണ് ജയിലിലേക്ക് തിരികെയെത്തിച്ചതെന്നാണ് കുടുംബം ചോദിക്കുന്നത്. ജയിലില്‍ ഡോക്ടറുണ്ടെന്നാണ് പോലിസിന്റെയും ജയിലധികൃതരുടെയും വാദം. ഹൃദ്രോഗം മൂലം മരിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്.

മരണവാര്‍ത്ത വന്നശേഷം ജൂലൈ 24ന് ഗ്രാമവാസികള്‍ പ്രതിഷേധിച്ചു. ദേശീയ പാത 110 ഉപരോധിച്ചു. ട്രാഫിക് തടസ്സപ്പെടുത്തി. ഇവരെ നേരിടാന്‍ വന്‍പോലിസ് സന്നാഹവും എത്തിയിരുന്നു.

ജനക്കൂട്ടം നിയന്ത്രണാധീതമായിരുന്നെന്നാണ് പോലിസിന്റെ എഫ്‌ഐആറില്‍ പറയുന്നത്. പോലിസ് പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ അവര്‍ അത് കേട്ടിലെന്നും പറയുന്നു. പ്രതിഷേധക്കാര്‍ നടത്തിയ ആക്രമണത്തില്‍ 13 പോലിസുകാര്‍ മരിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

എന്നാല്‍ പോലിസാണ് അക്രമം തുടങ്ങിവച്ചതെന്നാണ് ദൃക്‌സാക്ഷികളുടെ വിവരണം. പ്രതിഷേധം തങ്ങളുടെ അവകാശമാണെന്നും സഹോദരനാണ് മരിച്ചതെന്നും അതില്‍ പ്രതിഷേധിക്കാനുള്ള അവകാശമില്ലേയെന്നും മജ്ഹിയുടെ സഹോദരന്‍ ബബ്ലു ചോദിച്ചു. പോലിസാണ് ആക്രമണമാരംഭിച്ചതെന്നാണ് അദ്ദേഹവും പറയുന്നത്.

പ്രതിഷേധത്തിനിടയില്‍ കാന്തി ദേവി എന്ന പോലിസുകാരി റോഡില്‍ വീണിരുന്നു. പാഞ്ഞുവന്ന ഒരു വാഹനം കയറി അവര്‍ തല്‍ക്ഷണം മരിച്ചു.

എന്നാല്‍ പോലിസുകാരിയെ ഇടിച്ചത് പോലിസ് വാഹനമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അവര്‍ പോകാനൊരുങ്ങിയ ഒരു വാഹനത്തില്‍ ചാടിക്കയറാന്‍ ശ്രമിക്കുകയായിരുന്നെന്നും അതിനിടയിലാണ് വീണതെന്നും വാര്‍ത്ത പുറത്തുവിട്ട ദി വയറിനോട് പലരും പറഞ്ഞു. അവരെ ഇടിച്ചിട്ടതും പോലിസ് വാഹനമാണെന്ന് സഹോദരന്‍ പറയുന്നു.

പ്രതിഷേധക്കാരെ പിരിച്ചയക്കാന്‍ പോലിസ് 8 റൗണ്ട് ആകാശത്തേക്ക് വെടിയുതിര്‍ത്തു.

മജ്ഹി സമുദായത്തിലെ 51 പേര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. തിരിച്ചറിഞ്ഞിട്ടില്ലാത്ത 200 പേര്‍ക്കെതിരേയും കേസെടുത്തു.

പലര്‍ക്കെതിരേയും ആയുധനിയമവും ചുമത്തിയിട്ടുണ്ട്. ഇതുവരെ പന്ത്രണ്ടോളം പേരെ അറസ്റ്റ് ചെയ്തു. അതില്‍ ഏതാനും പേര്‍ സ്ത്രീകളാണ്.

ജൂലൈ 27ന് ഗോവിന്ദിന്റെ മൃതദേഹം ഗ്രാമത്തിലെത്തിച്ചു. ധാരാളം പോലിസുകാരും അണിനിരന്നു. എത്രയും പെട്ടെന്ന് മൃതദേഹം സംസ്‌കരിക്കണമെന്ന് പോലിസ് ആവശ്യപ്പെട്ടു.

പോലിസുകാര്‍ സംസ്‌കാരം നടത്തുമെന്ന് അറിയിച്ചതായി സുരന്ദി ദേവി പറയുന്നു. എന്നാല്‍ ഗ്രാമീണര്‍ അതിനനുവദിച്ചില്ല. അവര്‍ ഗ്രാമത്തില്‍ നിന്ന് ഏറെ അകലെയല്ലാതെ സംസ്‌കരിച്ചു.

എന്നാല്‍ പ്രശ്‌നങ്ങള്‍ അവിടെയും അവസാനിച്ചില്ല. ജൂലൈ 24, 25 ദിവസങ്ങളില്‍ പോലിസുകാര്‍ ഗ്രാമം റെയ്ഡ് ചെയ്തു.

രന്‍വീര്‍ സേനയുടെ ആക്രമണത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു അതെന്ന് ഗ്രാമീണര്‍ പറയുന്നു. ബീഹാര്‍ ഗ്രാമങ്ങളിലെ സവര്‍ണഗുണ്ടാസേനയാണ് ഇത്.

പോലിസ് ഗോവിന്ദിന്റെ വീടുകളിലേക്ക് ഇരച്ചുകയറി സൂക്ഷിച്ചിരുന്ന 15,000 രൂപ മോഷ്ടിച്ചു. രണ്‍വീര്‍ സേനയുടെയും ആക്രമണം ഇതുപോലെയാണ് നടക്കാറുള്ളതെന്നാണ് ഭാര്യ സുരന്ദി ദേവി പറയുന്നത്.

പോലിസ് മറ്റുവീടുകളിലും ആക്രമണം നടത്തി. കുഴല്‍ക്കിണറുകള്‍ നശിപ്പിച്ചു, വീടുകള്‍ തകര്‍ത്തു, ടെലിവിഷന്‍ സെറ്റുകള്‍ അടിച്ചുതകര്‍ത്തു, ഫര്‍ണിച്ചറുകള്‍ പുറത്തിട്ടു, ലാപ്‌ടോപ്പുകള്‍ നശിപ്പിച്ചു, വീടുകളുടെ വാതിലുകളും തകര്‍ത്തു.

പോലിസ് ആക്രമണം തുടങ്ങിയതോടെ ഗ്രാമീണര്‍ വീട് പൂട്ടി പാടശേഖരങ്ങളില്‍ ഒളിച്ചുകഴിയുകയാണ്. പലരും വനങ്ങളിലാണ് കഴിച്ചുകൂട്ടുന്നത്.

പോലിസ് പലര്‍ക്കുനേരെയും ആക്രമണമഴിച്ചുവിട്ടിരുന്നു.

വയലില്‍ ഒളിച്ചുകഴിഞ്ഞ ഒരാളെ പാമ്പു കടിച്ച സംഭവം പോലും ഉണ്ടായി. പ്രതിഷേധത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരേയും പോലിസ് കേസെടുത്തിട്ടുണ്ട്. അതില്‍ പലരും ഇതരം സംസ്ഥാനങ്ങളില്‍ പണിക്കു പോയവരാണ്.

ഉദാഹരണത്തിന് ഗ്രാമത്തിലെ ബിന്ദു മജ്ഹിയുടെ മരുമകന്‍ സംഭവം നടക്കുമ്പോള്‍ മാത്രമല്ല, ഇപ്പോഴും പഞ്ചാബിലാണ്. പക്ഷേ, അദ്ദേഹത്തെയും പ്രതിചേര്‍ത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it