Latest News

വിദ്യാര്‍ത്ഥികളുടെ ഫീസ് മുന്‍കൂര്‍ ഈടാക്കാന്‍ തീരുമാനം: കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്ത് കെഎസ്‌യു പ്രതിഷേധം

വിദ്യാര്‍ത്ഥികളുടെ ഫീസ് മുന്‍കൂര്‍ ഈടാക്കാന്‍ തീരുമാനം: കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്ത് കെഎസ്‌യു പ്രതിഷേധം
X

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലെ ഫീസ് ആനുകൂല്യം ലഭിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് മുന്‍കൂറായി ഫീസ് ഈടാക്കാനുള്ള സര്‍വകലാശാലയുടെ തലതിരിഞ്ഞ ഉത്തരവില്‍ പ്രതിഷേധിച്ച് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാല ആസ്ഥാനം ഉപരോധിച്ചു. പരീക്ഷാ ഫീസിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ബ്ലേഡ്കാരെപ്പോലെ കൊള്ളയടിക്കുന്ന സമീപനമാണ് സര്‍വകലാശാല സ്വീകരിക്കുന്നതെന്നും കൊള്ളപ്പലിശക്കാരുടെ സംഘത്തലവനെപ്പോലയാണ് കണ്ണൂര്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളോട് പെരുമാറുന്നതെന്നും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്‍പ്പടെ നിരവധി പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ഫീസ് ആനുകൂല്യം മുന്‍കൂറായി ഈടാക്കുകയും പിന്നീട് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന മുറയ്ക്ക് തിരിച്ച് നല്‍കാമെന്നുമുള്ള സര്‍വ്വകലാശാല ഉത്തരവ് വിചിത്രമാണെന്നും വിദ്യാര്‍ത്ഥികളില്‍ നിന്ന് എങ്ങനെ പണം കൊള്ളയടിക്കാം എന്നത് സംബന്ധിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല ഗവേഷണം നടത്തുകയാണെന്നും പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

ഉപരോധ സമരത്തെ തുടര്‍ന്ന് കെ.എസ്.യു നേതാക്കളുമായി പ്രൊ വൈസ് ചാന്‍സലര്‍ പ്രഫ. എ സാബു ചര്‍ച്ച നടത്തി. ഉത്തരവില്‍ അപാകത പറ്റിയത് പരിശോധിക്കുമെന്നും വൈസ് ചാന്‍സലറുടെ അനുമതിയോടെ വിദ്യാര്‍ത്ഥികളുടെ ഫീസ് ആനുകൂല്യം സംബന്ധിച്ച് നിലവിലെ രീതി തുടരുന്നതിനാവശ്യമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചതിനെത്തുടര്‍ന്ന് ഉപരോധ സമരം അവസാനിപ്പിച്ചു.

സമരത്തിന് കെ.എസ്.യു ജില്ലാ ഭാരവാഹികളായ സി.ടി അഭിജിത്ത്, ഫര്‍ഹാന്‍ മുണ്ടേരി, അന്‍സില്‍ വാഴപ്പള്ളില്‍, അശ്വിന്‍ മതുക്കോത്ത്, ഹരികൃഷ്ണന്‍ പാളാട്, ആഷിത്ത് അശോകന്‍, അബിന്‍ വടക്കേക്കര, ജോയ്‌സ് ജേക്കബ്, മുഹമ്മദ് റിസ്വാന്‍, ദേവകുമാര്‍ പി, ശ്രീരാഗ് ഹേമന്ത്, പ്രകീര്‍ത്ത് മുണ്ടേരി, അഭിജിത്ത് കാപ്പാട്, ടി.സനിക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it