- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹി വായു മലിനീകരണം; കര്‍ഷകര്‍ വില്ലന്മാരായി അവതരിപ്പിക്കപ്പെടുമ്പോള്‍
വായുമലിനീകരണം തീവ്രമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സമ്പൂര്‍ണ ലോക്ഡൗണിന് തയ്യാറെന്ന് ഡല്‍ഹി സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. എന്നാല്‍ ലോക് ഡൗണ്‍ വഴി എത്രത്തോളം മലിനീകരണ തീവ്രത കുറയ്ക്കാനാവുമെന്ന് വ്യക്തമല്ലെന്നും സര്‍ക്കാര്‍ പറയുന്നു. വായുമലിനീകരണം രാജ്യ തലസ്ഥാനത്തെ ശ്വാസം മുട്ടിക്കുകയാണെന്ന ആശങ്ക നേരത്തെയും കോടതി പങ്കുവച്ചിരുന്നു. വീടുകളില്‍ പോലും മാസ്‌ക് ധരിക്കേണ്ട അവസ്ഥയാണെന്നാണ് ചീഫ് ജസ്റ്റിസ് സ്വന്തം അനുഭവത്തില്‍ നിന്ന് പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസമായി ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 437 ആയിരുന്നു. ഞായറാഴ്ച അത് 330ആയി. ഹരിയാനയിലും പഞ്ചാബിലും വയല്‍കത്തിക്കല്‍ കുറഞ്ഞ സാഹചര്യത്തിലാണ് ഈ മാറ്റം. വെള്ളിയാഴ്ച ഡല്‍ഹിയിലെ എക്യൂഐ 471ആയിരുന്നു.
ഡല്‍ഹിയില്‍ സ്‌കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. പുറംജോലിയില്‍ നിന്ന് കഴിയാംവിധം വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട് വായുമലിനീകരണത്തോത് കുറയ്ക്കാന്‍ നടപടി സ്വീകരിക്കാന്‍ ഹരിയാനയോടും രാജസ്ഥാനോടും യുപിയോടും എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍ ആവശ്യപ്പെട്ടു.
എല്ലാ കണ്ണുകളും പക്ഷേ, ഹരിയാന, യുപി, പഞ്ചാബ് എന്നിവിടങ്ങളിലെ വയല്‍കത്തിക്കലില്‍ ചെന്നു നില്‍ക്കുകയാണ്. കര്‍ഷകരാണ് വില്ലന്മാര്‍ എന്ന തോന്നല്‍ ശക്തമാണ്. തങ്ങളുടെ വയലുകളില്‍ വൈക്കോല്‍ കത്തിച്ച് കിലോമീറ്ററുകളകലെയുള്ള ഡല്‍ഹി നിവാസികളെ കുഴപ്പത്തിലാക്കുന്ന കര്‍ഷക പ്രതിബിംബം ഇപ്പോള്‍ മധ്യവര്‍ഗക്കാര്‍ക്കിടയില്‍ വളരുകയാണ്. കര്‍ഷകര്‍ ഒരു വര്‍ഷമായി നടത്തുന്ന സമരത്തിന്റെ പശ്ചാത്തലം ഈ വെറുപ്പ് വര്‍ധിപ്പിക്കാനും കാരണമായിട്ടുണ്ട്.
യഥാര്‍ത്ഥത്തില്‍ ഒരു കര്‍ഷകന്‍ പോലും തന്റെ വയലില്‍ വൈക്കോല്‍ കത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, അവന്‍ നിര്‍ബന്ധിതനാണ്. അവനെ സംബന്ധിച്ചിടത്തോളം വിളവെടുത്ത് കഴിഞ്ഞ് അധികം താമസിയാതെ വൈക്കോല്‍ കളമൊഴിഞ്ഞേ പറ്റൂ. കാരണം വൈക്കോല്‍ അവിടെ ദീര്‍ഘകാലം കിടന്നാല്‍ അതുകഴിഞ്ഞേ വിളവിറക്കാന്‍ കഴിയൂ. ആ നീളല്‍ അടുത്ത വിളവെടുപ്പിനെ ബാധിക്കും. ചെറിയൊരു നീളല്‍ തങ്ങളുടെ വിളവ് നഷ്ടത്തിലാക്കാന്‍ ഇടാക്കും.
ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം പഞ്ചാബിലെ വയല്‍കത്തില്‍ക്കല്‍ അവരെ ശ്വാസം മുട്ടിക്കുന്ന പുക മാത്രമാണ്. പക്ഷേ, യഥാര്‍ത്ഥ പ്രശ്‌നം കുറേകൂടി സങ്കീര്‍ണമാണ്. വിഭവങ്ങളുടെ കുറവാണ് കര്‍ഷകരെ വയല്‍കത്തിക്കലിലേക്ക് തള്ളിവിടുന്നത്. ഒപ്പം കാലാവസ്ഥാ രീതിയിലുണ്ടായ മാറ്റം, ഇന്ധനച്ചെലവിലെ വര്‍ധന, സര്‍ക്കാരിനോടുള്ള വിശ്വാസക്കുറവ്, മറ്റ് വിളവുകള്‍ ലഭ്യമല്ലാത്തത് ഒക്കെ കാരണമാണ്.
പഞ്ചാബ്, ഹരിയാന, യുപി സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് കഴിഞ്ഞ് അടുത്ത വിളവിന് മുന്നോടിയായി നിലം ഒരുക്കുന്ന സമയത്താണ് വയലുകളില്‍ വൈക്കോല്‍ കത്തിക്കുന്നത്. ഓരോ വിളവെടുപ്പിലും 20 ദശലക്ഷം ടണ്‍ വൈക്കോലാണ് ഉണ്ടാവുക പതിവ്. അവയില്‍ മിക്കവയും കര്‍ഷകര്‍ തങ്ങളുടെ വയലുകളില്‍ കത്തിച്ച് കളയും. ഏറ്റവും പെട്ടെന്ന് വയലൊരുക്കാനുള്ള മാര്‍ഗമാണ് ഇത്.
അന്തരീക്ഷ താപനില, കാറ്റിന്റെ അളവും ഗതിയും എന്നിവയ്ക്കനുസരിച്ച് ഈ പ്രക്രിയ വടക്കേ ഇന്ത്യന്‍ പ്രദേശങ്ങളില്‍ വായു മലിനീകരണം സൃഷ്ടിക്കും. ഡല്‍ഹി പോലുള്ള ലാന്റ് ലോക്ക്ഡ് ആയ പ്രദേശങ്ങളില്‍ വലിയ പ്രശ്‌നമാണ് ഇത് സൃഷ്ടിക്കുക. ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ 20-40 ശതമാനം വൈക്കോല്‍ കത്തിക്കലാണെന്നാണ് കരുതപ്പെടുന്നത്. വാഹനങ്ങളുടെ ആധിക്യവും ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കുന്നു.
ഏതാനും വര്‍ഷമായി ഡല്‍ഹിയ്ക്ക് ചുറ്റും കിടക്കുന്ന പല സംസ്ഥാനങ്ങളും വയല്‍കത്തിക്കല്‍ കുറച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പഞ്ചാബും ഹരിയാനയും ബഹുമുഖതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. 2014ല്‍ കേന്ദ്ര കാര്‍ഷിക മന്ത്രാലയം നാഷണല്‍ പോളിസി ഫോര്‍ മാനേജ്‌മെന്റ് ഓഫ് ക്രോപ് റെസിഡ്യൂ ഫോര്‍ സ്‌റ്റേറ്റ് എന്ന പേരില്‍ ഒരു നയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്നത്തെ നയരേഖകൊണ്ട് വലിയ കാര്യമൊന്നുമുണ്ടായില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സുപ്രിംകോടതി തന്നെ രംഗത്തുവന്നു. ആഗസ്തില്‍ കേന്ദ്രം ഒരു നിയമം പാസ്സാക്കി ഒരു കമ്മീഷനെയും നിയമിച്ചു. കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് ഇന്‍ നാഷണല്‍ കാപ്പിറ്റല്‍ റീജ്യന്‍ ആന്റ് അഡ്‌ജോയനിങ് ഏരിയ ആക്റ്റ് എന്നായിരുന്നു പേര്. ആക്റ്റ് അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന് വായുമലിനീകരണം തടയാന്‍ ഒരു കമ്മീഷനെ വയ്ക്കാം.
കമ്മീഷന്‍ പറഞ്ഞതനുസരിച്ച് വൈക്കോല്‍ കത്തിക്കുന്നത് ഒഴിവാക്കന്‍ വൈക്കോല്‍ കഷ്ണങ്ങളാക്കാന്‍ 1,43,801 മെഷീനുകള്‍ വാങ്ങിയിട്ടുണ്ട്. 56,513 മെഷീനുകള്‍ ഉടന്‍ വാങ്ങും. ബയോ ഡികമ്പോസറായ ഒരു മരുന്ന് ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ചിട്ടുണ്ട്. അത് കര്‍ഷകര്‍ക്ക് നല്‍കും. പാക്കറ്റിന് 20 രൂപ വിലവരുന്ന ഇത് വൈക്കോല്‍ ജീര്‍ണിപ്പിക്കാന്‍ സഹായിക്കും. ജീര്‍ണിക്കാന്‍ 25 ദിവസമെടുക്കും. യുപിയിലെ 6 ലക്ഷം ഏക്കര്‍ വയലുകളിലും ഹരിയാനയിലെ ഒരു ലക്ഷത്തിലും പഞ്ചാബിലെ 7,413 ഏക്കറിലും ഡല്‍ഹിയിലെ 4,000 ഏക്കറിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഡല്‍ഹിക്ക് 300 കിലോമീറ്റര്‍ പ്രദേശത്ത് താപനിലയങ്ങളില്‍ വൈക്കോല്‍ ഇന്ധനമായി ഉപയോഗിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വൈക്കോല്‍ ബുള്ളറ്റുകളായാണ് അവ താപനിലയങ്ങളിലെത്തിക്കുക. അത് ഇപ്പോഴത്തെ ഇന്ധന ഉപഭോഗത്തെ 10 ശതമാനം കണ്ട് കുറയ്ക്കും.
വയല്‍ കത്തിക്കല്‍ കുറയ്ക്കാനായി പല സംസ്ഥാനങ്ങളും നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പഞ്ചാബില്‍ 20 ദശലക്ഷം ടണ്‍ വൈക്കോലാണ് വര്‍ഷവും ഉദ്പാദിപ്പക്കുന്നത്. അവ 55 ദിവസം എവിടെയെങ്കിലും സൂക്ഷിക്കേണ്ടിവരും. പഞ്ചായത്തുകളുടെ സ്ഥലം പാട്ടത്തിനെടുത്ത് സൂക്ഷിക്കാനാണ് പദ്ധതി. അതിന് പഞ്ചായത്തുക്കള്‍ക്ക് തറവാടകയും നല്‍കും. വൈക്കോല്‍ പൊടിക്കുന്ന 71,000 മെഷീനുകള്‍ നിര്‍മിച്ചിട്ടുണ്ട്. അതുവഴി വൈക്കോല്‍ കത്തിക്കല്‍ മൂന്നിലൊന്ന് കുറയ്ക്കാന്‍ കഴിയും. പക്ഷേ, അതിനൊരു പ്രശ്‌നവുമുണ്ട്. ഒരു മെഷീന് 2 ലക്ഷം രൂപ വിലവരും. അത് 80 ശതമാനം സബ്‌സിഡിയോടെ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കോപറേറ്റീവ് സൊസൈറ്റികള്‍ക്കാണ് ഇത് ലഭിക്കുക. സ്വകാര്യ വ്യക്തികള്‍ക്ക് 50 ശതമാനം സബ്‌സിഡി ലഭിക്കും.
സ്വകാര്യ സംരംഭകരോട് പ്രത്യേകിച്ച് പേപ്പര്‍ മില്ലുകളെ പോലുള്ളവയോട് വൈക്കോല്‍ ഉപയോഗിച്ച് ബോയിലറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന് സബ് സിഡിയും ലഭിക്കും. മൂന്ന് ലക്ഷം ടണ്‍ വൈക്കോല്‍ ഉപയോഗിക്കുന്നതില്‍ നിന്ന് 5 ലക്ഷമായി വര്‍ധിപ്പിക്കാനാണ് ശ്രമം.
ഇതൊന്നും പ്രശ്‌നത്തിന് പരിഹാരമായില്ലെന്നതാണ് ഇപ്പോള്‍ മനസ്സിലാവുന്നത്. ഏത് വര്‍ഷത്തേക്കാള്‍ ഡല്‍ഹിയിലെ സ്ഥിതി ഗുരുതരമായി. ഇരുട്ടുകൊണ്ട് ഓട്ടയടക്കാനാവില്ലെന്നും വ്യക്തമായി. വിളവില്‍ വൈവിധ്യം കൊണ്ടുവരണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. അതു പക്ഷേ, വിപണിയുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. വിപണി ഉറപ്പ് വരുത്തേണ്ടത് കര്‍ഷകരല്ല, സര്‍ക്കാരാണ്. പുതിയ കാര്‍ഷിക നിയമങ്ങള്‍ ആ വിപണിയെയാണ് തകര്‍ക്കുക. കര്‍ഷകര്‍ക്കാവട്ടെ സര്‍ക്കാരിന്റെ ഇടപെടലില്‍ വിശ്വാസമില്ലാതായി.
കര്‍ഷക സമരത്തിനും വയല്‍കത്തിക്കലില്‍ പങ്കുണ്ടത്രെ. സര്‍ക്കാരിനോടുള്ള ദേഷ്യം തീര്‍ക്കുന്നത് ഇപ്പോള്‍ വയലുകളില്‍ വൈക്കോല്‍ കത്തിച്ചാണ്. തങ്ങളെ ശ്രദ്ധിക്കാത്ത സര്‍ക്കാരിനോട് പ്രതികാരമായി കഴിഞ്ഞ വര്‍ഷം കര്‍ഷകര്‍ കൂടുതല്‍ വൈക്കോല്‍ കത്തിച്ചു. ഈ വര്‍ഷം ആ കണക്കുകള്‍ ലഭ്യമല്ല. വയലില്‍ വൈക്കോല്‍ കത്തിക്കുന്നവരെ നിയമപരമായി നേരിടലും പിഴ ചുമത്തലുമൊക്കെ നടപ്പാക്കുന്നുണ്ട്. പഞ്ചാബ് 2500 രൂപയാണ് പിഴ വിധിക്കുന്നത്. ഭൂവിസ്ത്രിതി കൂടുമ്പോള്‍ പിഴയും കൂടും. അഞ്ച് ഏക്കറിനുമുകളില്‍ 15,000 രൂപ വരും. പഞ്ചാബില്‍ കഴിഞ്ഞ വര്‍ഷം 460 വയല്‍കത്തിക്കല്‍ കേസുകളുണ്ടായി, 12.5 ലക്ഷം പിരിഞ്ഞു. ഹരിയാനയില്‍ 252 എണ്ണമുണ്ടായി, 6.5 ലക്ഷം പിരിഞ്ഞു. ഈ വര്‍ഷത്തെ കണക്ക് വരാനിരിക്കുന്നേയുള്ളൂ.
ഇതൊക്കെയുണ്ടായാലും വായുമലിനീകരണം ഈ വര്‍ഷവും ആവര്‍ത്തിച്ചു. ഡല്‍ഹിയിലെ അധികാരികള്‍ക്ക് ശുദ്ധവായു ശ്വസിക്കണമെങ്കില്‍ കര്‍ഷകന്റെ പ്രതിസന്ധി തീര്‍ത്തേ പറ്റൂ. അവന് വിഭവങ്ങള്‍ നല്‍കിയേ തീരൂ. അവന് വിപണി ഉറപ്പ് നല്‍കിയേ പറ്റൂ. അതിന് അവന്‍ ആദ്യം സര്‍ക്കാരിനെ വിശ്വസിക്കണം. കര്‍ഷക സമരത്തെ അവഗണിക്കുന്ന ഒരു സര്‍ക്കാരിന് അതിന് കഴിയില്ല. അത് കഴിയുന്ന സമയത്തേ വായുമലിനീകരണം ഡല്‍ഹിയെ ബാധിക്കാതിരിക്കൂ.
RELATED STORIES
പാലക്കാടിന്റെ സമധാനന്തരീക്ഷം തകര്ക്കാന് സംഘ്പരിവാര് നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTഡിവൈഎഫ്ഐ മുന് നേതാവ് ബിജെപിയിലേക്ക്
18 Dec 2024 9:28 AM GMTപനയംപാടം അപകടം; ലോറി ഡ്രൈവര്മാരുടെ ലൈസന്സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTസിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്ഥികള് മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്ഥികള്ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMT