Latest News

വിചാരണ നടത്തേണ്ടത് കോടതികള്‍; ഉമര്‍ ഖാലിദിനെതിരേ നടന്ന മാധ്യമവിചാരണക്കെതിരേ ഡല്‍ഹി കോടതി

താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ കുറ്റസമ്മതം നടത്തിയതായി തെറ്റായി റിപോര്‍ട്ട് ചെയ്തതു വഴി തനിക്ക് ന്യായമായ വിചാരണ നിഷേധിച്ചതായും ഉമര്‍ ഖാലിദ് പരാതിപ്പെട്ടിരുന്നു. അതിനോട് പ്രതികരിച്ചുകൊണ്ടാണ് കോടതിയുടെ ഇടപെടല്‍.

വിചാരണ നടത്തേണ്ടത് കോടതികള്‍; ഉമര്‍ ഖാലിദിനെതിരേ നടന്ന മാധ്യമവിചാരണക്കെതിരേ ഡല്‍ഹി കോടതി
X

ന്യൂഡല്‍ഹി: ശിക്ഷവിധിക്കും വരെ എല്ലാ കുറ്റാരോപിതരും നിരപരാധികളാണെന്ന നിയമതത്ത്വം ഉമര്‍ ഖാലിദിന്റെ കേസില്‍ മാധ്യമങ്ങള്‍ കാറ്റില്‍പ്പറത്തിയതായി ഡല്‍ഹി കോടതി. ഡല്‍ഹി കലാപക്കേസില്‍ തനിക്കെതിരേ മാധ്യമങ്ങള്‍ വിദ്വേഷപ്രചാരണം നടത്തിയതായ ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ഖാലിദിന്റെ വാദം ശരിവച്ചുകൊണ്ടാണ് ഡല്‍ഹി ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ദിനേഷ് കുമാറിന്റെ വിമര്‍ശനം.

''ഉമര്‍ ഖാലിദ് ഡല്‍ഹി കലാപക്കേസില്‍ കുറ്റസമ്മതം നടത്തിയതായി നിരവധി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഒരു മാധ്യമവും കുറ്റസമ്മത മൊഴി പ്രസിദ്ധീകരിച്ചില്ല. ഏതെങ്കിലും കാരണവശാല്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെങ്കില്‍ത്തന്നെ അത് പ്രോസിക്യൂഷന് തെളിവായി ഉന്നയിക്കാനുമാവില്ല- കോടതി പറഞ്ഞു.

താന്‍ കുറ്റസമ്മത മൊഴിയില്‍ ഒപ്പിട്ടിട്ടില്ലെന്ന് ഉമര്‍ഖാലിദും കോടതിയെ അറിയിച്ചു.

''ഇസ്ലാമിക തീവ്രവാദിയും ഹിന്ദു വിരുദ്ധനുമായ ഡല്‍ഹി കലാപത്തിലെ പ്രതി' എന്ന് ഉമര്‍ ഖാലിദിനെ ഒരു മാധ്യമം വിശേഷിപ്പിച്ചതായി കോടതി എടുത്തുപറഞ്ഞു. ഡല്‍ഹി കലാപത്തെ ഹിന്ദുവിരുദ്ധകലാപമായി വ്യാഖ്യാനിക്കുന്നതിനെ കോടതി വിമര്‍ശിച്ചു. ഹിന്ദുക്കള്‍ മാത്രമല്ല, സമൂഹത്തിലെ പല വിഭാഗങ്ങളും കലാപത്തിന്റെ ഇരകളായതായും കോടതി ചൂണ്ടിക്കാട്ടി.

മാധ്യമങ്ങള്‍ പുറത്തുവിട്ട കഥകള്‍ ഉമര്‍ ഖാലിദിന് ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന മട്ടിലായിരുന്നു. അതങ്ങനെയാണെങ്കിലും അത് വിചാരണ നടത്തി കോടതിയാണ് തീരുമാനിക്കേണ്ടത്. പ്രതിചേര്‍ക്കപ്പെട്ടയാള്‍ പ്രത്യേകമായി ആവശ്യപ്പെട്ടില്ലെങ്കിലും മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ സ്വയം നിയന്ത്രണം കൊണ്ടുവരണമെന്ന് കോടതി നിര്‍ദേശിച്ചു.

താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ കുറ്റസമ്മതം നടത്തിയതായി തെറ്റായി റിപോര്‍ട്ട് ചെയ്തതു വഴി തനിക്ക് ന്യായമായ വിചാരണ നിഷേധിച്ചതായും ഉമര്‍ ഖാലിദ് പരാതിപ്പെട്ടിരുന്നു. അതിനോട് പ്രതികരിച്ചുകൊണ്ടാണ് കോടതിയുടെ ഇടപെടല്‍.

Next Story

RELATED STORIES

Share it