Sub Lead

അലോപ്പതി വിരുദ്ധ പരാമര്‍ശം: ബാബാ രാംദേവിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടിസ്

അലോപ്പതി വിരുദ്ധ പരാമര്‍ശം: ബാബാ രാംദേവിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടിസ്
X

ന്യൂഡല്‍ഹി: അലോപ്പതി ചികില്‍സയുടെയും കൊവിഡ് 19 വാക്‌സിനുകളുടെയും ഫലപ്രാപ്തിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരായ കേസില്‍ വിവാദ യോഗ ഗുരു ബാബാ രാംദേവിന് ഡല്‍ഹി ഹൈക്കോടതി നോട്ടിസ് അയച്ചു. പ്രസ്തുത പരാമര്‍ശങ്ങള്‍ സംബന്ധിച്ച കേസ് സുപ്രിംകോടതി പരിഗണിക്കുന്നതിനാല്‍ വാദം കേള്‍ക്കാനാവില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവില്‍ വ്യക്തത തേടി ഡോക്ടര്‍മാരുടെ അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ് രാംദേവിന് നോട്ടിസ് അയച്ചത്.

ജസ്റ്റിസ് അനൂപ് ജയറാം ഭംഭാനി, ബാബ രാംദേവ് ഉള്‍പ്പെടെയുള്ള പ്രതികളോട് അടുത്ത വാദം കേള്‍ക്കുന്ന ഒക്ടോബര്‍ ആറിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആഗസ്ത് 26ലെ ഉത്തരവില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നത് തടയരുതെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

ആഗസ്ത് 26 ന് വാദം കേള്‍ക്കുന്നതിനിടെ സുപ്രിംകോടതിയില്‍ ഏതാണ്ട് സമാനമായ വിഷയം നിലനില്‍ക്കുന്നതിനാലാണ് ഡല്‍ഹി ഹൈക്കോടതി വിഷയം മാറ്റിവച്ചത്. സുപ്രിംകോടതി വിഷയം ഏറ്റെടുക്കുകയാണെങ്കില്‍ ജുഡീഷ്യല്‍ ഔചിത്യത്തിനായി ഈ വിഷയം കേള്‍ക്കാതിരിക്കുന്നതാണ് ഉചിതമെന്ന് ജസ്റ്റിസ് ഭംഭാനി പറഞ്ഞു. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഒക്ടോബര്‍ ആറിന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയും സുപ്രിംകോടതിയുടെ പരിഗണനയിലാണ്.

കൊവിഡ് 19 മരണങ്ങള്‍ക്ക് കാരണം അലോപ്പതിയാണെന്ന് പറഞ്ഞ് ബാബ രാംദേവ്, കൊറോണില്‍ എന്ന പതഞ്ജലി മരുന്ന് കൊവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ടിരുന്നു. ഇത്തരം വിവരങ്ങള്‍ പ്രചരിപ്പിച്ച് രാംദേവ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ആരോപണമുന്നയര്‍ന്നത്. അലോപ്പതി ചികില്‍സയുടെയും കൊവിഡ് 19 വാക്‌സിനുകളുടെയും ഫലപ്രാപ്തിയെക്കുറിച്ച് രാംദേവ് ജനങ്ങളുടെ മനസ്സില്‍ സംശയം സൃഷ്ടിക്കുകയാണെന്ന് ഹരജിയില്‍ പറയുന്നു.

Next Story

RELATED STORIES

Share it