Latest News

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഡല്‍ഹി തമിഴ്‌നാടിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക്; മരണസംഖ്യയും കുതിക്കുന്നു

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഡല്‍ഹി  തമിഴ്‌നാടിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക്; മരണസംഖ്യയും കുതിക്കുന്നു
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ഏറ്റവും ഗുരുതരമായ സ്ഥിതിയിലെത്തിയ ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 3,000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയിലെ ആകെ രോഗികളുടെ എണ്ണം 59,746 ആയി. ഇന്നത്തെ കണക്കു പുറത്തുവന്നതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനങ്ങളില്‍ ഡല്‍ഹി രണ്ടാം സ്ഥാനത്തെത്തി. തമിഴ്‌നാടിനെയാണ് ഡല്‍ഹി കവച്ചുവച്ചത്. രോഗികളുടെ എണ്ണത്തില്‍ രണ്ട് സംസ്ഥാനങ്ങളും തമ്മില്‍ ചെറിയ വ്യത്യാസമേയുള്ളുവെങ്കിലും മരിച്ചവരുടെ എണ്ണത്തില്‍ വലിയ അന്തരമുണ്ട്. തമിഴ്‌നാട്ടിലുള്ളതിനേക്കാള്‍ മൂന്ന് ഇരട്ടിയിലധികം പേര്‍ ഡല്‍ഹിയില്‍ മരിച്ചു. ഇന്ന് ഡല്‍ഹിയില്‍ 63 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഡല്‍ഹിയിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. തമിഴ്‌നാട്ടില്‍ 59,337 രോഗബാധ സ്ഥിരീകരിച്ചിരുന്നത്. ഡല്‍ഹിയും മഹാരാഷ്ട്രയും തമ്മില്‍ രോഗബാധിതരുടെ എണ്ണത്തില്‍ ചെറിയ വ്യത്യാസമേയുള്ളൂവെങ്കിലും ഡല്‍ഹിയിലെ മരണസംഖ്യ തമിഴ്‌നാടിനേക്കാള്‍ അപകടത്തിലാണ്. തമിഴ്‌നാട്ടില്‍ ഇതുവരെ 757 പേരാണ് മരിച്ചിട്ടുള്ളത്. ഡല്‍ഹിയില്‍ 2,175 പേരും മരിച്ചു. തമിഴ്‌നാടിനെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി.

ഡല്‍ഹിയില്‍ 10 ലക്ഷം പേരില്‍ 19,474 പേര്‍ക്കാണ് കൊവിഡ് പരിശോധന നടത്തിയത്. റാപിഡ് ആന്റിജന്‍ പരിശോധന ഡല്‍ഹിയില്‍ ഉടന്‍ ആരംഭിക്കും. ഇപ്പോള്‍ ഡല്‍ഹിയില്‍ 261 കണ്ടെയ്ന്‍മെന്റ് സോണുകളാണ് ഉള്ളത്.

ഡല്‍ഹിയിലെ സ്ഥിതിഗതിള്‍ വിലയിരുത്താന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് ഒരു യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ലെഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. രോഗികളുടെ സമ്പര്‍ക്കപ്പട്ടിക പെട്ടെന്ന് തയ്യാറാക്കാനും ആശുപത്രി സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. കൊവിഡ് പോസിറ്റീവ് കേസുകള്‍ പൊടുന്നനെ വര്‍ധിച്ചതിനെ തുടര്‍ന്ന് അമിത് ഷാ ഡല്‍ഹിയില്‍ പല തവണ യോഗം വിളിച്ചിരുന്നു. അതിന്റെ ഭാഗമായിരുന്നു ഇന്നത്തെ യോഗം.

ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം നിലവില്‍ 4,10,461 ആണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. രാജ്യത്ത് 13,254 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 1,69,451 പേരാണ് ആശുപത്രികളില്‍ കഴിയുന്നത്. 2,27,756 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു.

Next Story

RELATED STORIES

Share it