Latest News

ബേപ്പൂര്‍ തുറമുഖം 'സാഗര്‍മാല'യില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം; മുഹമ്മദ് റിയാസ് കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ബേപ്പൂര്‍ തുറമുഖം സാഗര്‍മാലയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം; മുഹമ്മദ് റിയാസ് കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
X

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖം 'സാഗര്‍മാല' പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലഗതാഗത മന്ത്രി സര്‍ബാനന്ദ സോണോവലുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. 430 കോടി രൂപയാണ് പദ്ധതിക്കായി ആവശ്യപ്പെട്ടത്.

ഒരു വര്‍ഷം 1.25 ലക്ഷം ടണ്‍ കാര്‍ഗോയും 10,000 ല്‍ അധികം യാത്രക്കാരും ബേപ്പൂര്‍ തുറമുഖത്തു നിന്ന് ലക്ഷദ്വീപില്‍ എത്തുന്നുണ്ടെന്നും ആവശ്യത്തിന് വാര്‍ഫുകള്‍ ഇല്ലാത്തത് കപ്പലുകള്‍ അടുക്കുന്നതിന് ബേപ്പൂരില്‍ താമസം സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. തുറമുഖത്തിന്റെ സമ്പൂര്‍ണ വികസനമാണ് ആവശ്യം. അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടി, റോഡ് നെറ്റ്‌വര്‍ക്കിന് 200 കോടി, റെയില്‍ കണക്റ്റിവിറ്റിയ്ക്കായി 50 കോടി, കണ്ടയ്‌നര്‍ ഹാന്‍ഡ്‌ലിംഗ് വാര്‍ഫിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി 80 കോടി, ഡ്രെഡ്ജിംഗിന് 80 കോടി, അധിക വാര്‍ഫ് വികസനത്തിനായി 10 കോടി രൂപവീതം അനുവദിക്കണമെന്ന് മന്ത്രി നല്‍കിയ നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു.

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചരക്കുഗതാഗത തുറമുഖമാണ് ബേപ്പൂരെന്ന് മറുപടിയായി കേന്ദ്ര മന്ത്രി പറഞ്ഞു. ഇവിടെ നിന്നും ലക്ഷദ്വീപിലേയ്ക്കുംമറ്റും ധാരാളമായി ചരക്കുകള്‍ പോകുന്ന സാഹചര്യത്തില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പദ്ധതി പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. വിശദമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു.

Next Story

RELATED STORIES

Share it