Latest News

മുട്ടില്‍ വനം കൊള്ള; അന്വേഷണ സംഘത്തില്‍ നിന്ന് ഡിഎഫ്ഒ ധനേഷ് കുമാറിനെ മാറ്റിയത് ദുരൂഹമെന്ന് വിഡി സതീശന്‍

17ന് യുഡിഎഫ് പ്രതിനിധി സംഘം വയനാട് സന്ദര്‍ശിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു

മുട്ടില്‍ വനം കൊള്ള; അന്വേഷണ സംഘത്തില്‍ നിന്ന് ഡിഎഫ്ഒ ധനേഷ് കുമാറിനെ മാറ്റിയത് ദുരൂഹമെന്ന് വിഡി സതീശന്‍
X

തിരുവനന്തപുരം: മുട്ടില്‍ വനം കൊള്ളയുടെ അന്വേഷണ സംഘത്തില്‍ നിന്ന് ഡിഎഫ്ഒ ധനേഷ് കുമാറിനെ മാറ്റിയത് പ്രതിഷേധാര്‍ഹവും ദുരൂഹവുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വനം കൊള്ള കണ്ടെത്തുകയും ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ അന്വേഷണ സംഘത്തില്‍ നിന്നൊഴിവാക്കിയത് വനം മാഫിയയുടേയും അവര്‍ക്ക് പിന്നിലെ ഗൂഢസംഘത്തിന്റേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ്. സത്യസന്ധതയോടും കാര്യപ്രാപ്തിയോടും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താന്‍ മാഫിയാ തലവന്‍മാരുടെ ജല്‍പനങ്ങള്‍ വനം മന്ത്രിയും വനം മേധാവിയും ഉപയോഗിക്കുകയാണ്. യഥാര്‍ഥത്തില്‍ വനം റവന്യൂ വകുപ്പിലെ ഐഎഫ്എസ്, ഐഎഎസ് കാഡറിലുള്ള ചിലരെക്കുറിച്ചാണ് അന്വേഷണം വേണ്ടത്. വനം കൊള്ളക്ക് വഴി തെളിച്ചു കൊടുത്ത ഉന്നത ഉദ്യോഗസ്ഥരെ മാറ്റി നിറുത്തിക്കൊണ്ടുള്ള ജുഡീഷ്യല്‍ അന്വഷണത്തിലൂടെയേ സത്യം പുറത്തു വരികയുള്ളൂ. ഉത്തരമേഖല സിസിഎഫ്, പ്രിന്‍സിപ്പല്‍ സിസിഎഫിന് നല്‍കിയ റിപോര്‍ട്ട് എവിടെ പോയി? ഇക്കാര്യം അറിയാതെയാണോ റിപോര്‍ട്ട് കിട്ടട്ടെ എന്ന് വനം മന്ത്രി ആവര്‍ത്തിക്കുന്നത്? കര്‍ഷകരെയും പട്ടിക വര്‍ഗ, പട്ടികജാതി വിഭാഗങ്ങളിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും അടിമുടി കളിപ്പിച്ചു കൊണ്ടാണ് വന്‍ കൊള്ളക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചത്.

കര്‍ഷക താല്‍പര്യം അപ്പാടെ ഇട്ടെറിഞ്ഞ് പുറമെ കര്‍ഷക സ്‌നേഹം നടിക്കുകയാണ് മന്ത്രിമാരും മുന്‍ മന്ത്രിമാരും. കര്‍ഷകരുടെ അവകാശങ്ങളും ന്യായമായ ആവശ്യങ്ങളും സംരക്ഷിച്ചു അവരുടെ മണ്ണിനും ജീവനോപാധികള്‍ക്കും കാടിനും ജല സ്രോതസുകള്‍ക്കും സംരക്ഷണം നല്‍കണം. വന, ഭൂ നിയമങ്ങള്‍ അട്ടിമറിക്കപ്പെടരുത്. ഒപ്പം സത്യസന്ധരായ ഉദ്യോഗസ്ഥരെയും വനം കൊള്ളക്കാരില്‍ നിന്ന് സംരക്ഷിക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു. 17ന് വ്യാഴാഴ്ച പ്രതിപക്ഷഉപനേതാവിനൊപ്പം യുഡിഎഫ് പ്രതിനിധി സംഘം വയനാട് സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it