Latest News

ബാലു മികച്ച ഉദ്യോഗസ്ഥന്‍; പോലിസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ ഡിജിപി അനുശോചിച്ചു

പോത്തന്‍കോട് സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ തിരഞ്ഞുപോയ വള്ളം മുങ്ങിയാണ് അപകടമുണ്ടായത്

ബാലു മികച്ച ഉദ്യോഗസ്ഥന്‍; പോലിസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ ഡിജിപി അനുശോചിച്ചു
X

തിരുവനന്തപുരം: എസ്എപി ബറ്റാലിയനിലെ പോലിസ് കോണ്‍സ്റ്റബിള്‍ എസ് ബാലുവിന്റെ നിര്യാണത്തില്‍ സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്ത് അനുശോചിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായ ബാലു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ഇന്ന് ഉച്ചയോടെയാണ് ബാലു മുങ്ങിമരിച്ചത്.

ആലപ്പുഴ പുന്നപ്ര സ്വദേശിയായ ബാലു(27) ഇക്കൊല്ലം ജനുവരിയിലാണ് പരിശീലനത്തിനായി സേനയില്‍ ചേര്‍ന്നത്. പുന്നപ്ര ആലിശ്ശേരില്‍ കാര്‍ത്തികയില്‍ ഡി സുരേഷിന്റെയും അനിലാ ദാസിന്റെയും മകനാണ്. സിവില്‍ എഞ്ചിനീയറിങ്, ധനതത്വശാസ്ത്രം എന്നിവയില്‍ ബിരുദധാരിയായ അദ്ദേഹം അവിവാഹിതനാണ്.

പോത്തന്‍കോട് സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ തിരഞ്ഞുപോയ വള്ളം മുങ്ങിയാണ് അപകടമുണ്ടായത്. വര്‍ക്കല പണയില്‍കടവിലാണ് സംഭവം. വര്‍ക്കല ശിവഗിരി ഡ്യൂട്ടിയിലായിരുന്നു. വര്‍ക്കല സിഐയും രണ്ടു പോലിസുകാരുമാണ് വള്ളത്തിലുണ്ടായിരുന്നത്. ചെറുവള്ളത്തിന് താങ്ങാനാവുന്നതില്‍ കൂടുതല്‍ പേര്‍ കയറിയതാണ് വള്ളം മുങ്ങാന്‍ കാരണം.

സിഐയും വള്ളത്തിലുണ്ടായിരുന്ന മറ്റൊരു പോലിസുകാരനും നീന്തി രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിലുള്ള പോലിസുദ്യോഗസ്ഥനെ വര്‍ക്കല മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോത്തന്‍കോട് സുധീഷ് വധക്കേസില്‍ രണ്ടാം പ്രതിയും ഗുണ്ടാ സംഘത്തലവനുമായ ഒട്ടകം രാജേഷിനെ തേടിയുള്ള തിരച്ചിലിനിടെയാണ് വള്ളം മുങ്ങിയത്.

Next Story

RELATED STORIES

Share it