Latest News

ഇറ്റലിയില്‍ നപ്പോളിയെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ച മറഡോണ

ബാഴ്‌സലോണയില്‍ നിന്നും അന്നത്തെ റെക്കോഡ് തുകയായ 12 മില്ല്യണ്‍ യൂറോയ്ക്കാണ് മറഡോണയെ നപ്പോളി സ്വന്തമാക്കിയത്.

ഇറ്റലിയില്‍ നപ്പോളിയെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ച മറഡോണ
X

ടൂറിന്‍: കഴിഞ്ഞ ദിവസം അന്തരിച്ച അര്‍ജന്റീന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ലോക ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മുഴുവന്‍ ആവേശമായിരുന്നുവെങ്കില്‍ നപ്പോളിക്കാര്‍ക്ക് ജീവനും ജീവിതവുമായിരുന്നു. ഇറ്റാലിയന്‍ ക്ലബ്ബ് നപ്പോളി എന്നത് ആരാധകര്‍ക്ക് മതവും ഡീഗോ മറഡോണ ദൈവവുമായിരുന്നു. അര്‍ജന്റീന കഴിഞ്ഞാല്‍ ഡീഗോയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത് നപ്പോളി ആയിരുന്നു. നപ്പോളിയെന്ന സീരി എ ക്ലബ്ബിനെ ഇറ്റലിയിലും യൂറോപ്പിലും പ്രിയപ്പെട്ടതാക്കിയതിന് പിന്നില്‍ മറഡോണയുടെ കാലുകളായിരുന്നു. വടക്കന്‍ ഇറ്റലിയില്‍ നിന്നുള്ള നപ്പോളി എന്ന ക്ലബ്ബ് സീരി എയില്‍ പറയപ്പെടുന്ന സ്ഥാനമാനങ്ങള്‍ ഇല്ലാത്ത ക്ലബ്ബായിരുന്നു. ഈ ക്ലബ്ബിനെയാണ് മറഡോണ കൈപിടിച്ച് എഴുന്നേല്‍പ്പിച്ചത്.


ബാഴ്‌സലോണയില്‍ നിന്നും അന്നത്തെ റെക്കോഡ് തുകയായ 12 മില്ല്യണ്‍ യൂറോയ്ക്കാണ് മറഡോണയെ നപ്പോളി സ്വന്തമാക്കിയത്. മറഡോണ ടീമിലെത്തിയതിന് തൊട്ടടുത്ത വര്‍ഷം സീരി എയില്‍ നപ്പോളി മൂന്നാമതായി ഫിനിഷ് ചെയ്തു്. ഇത് അവരുടെ കരിയറിലെ ഏറ്റവും മികച്ച റെക്കോഡായിരുന്നു. 1984 മുതല്‍ 1991 വരെയാണ് മറഡോണ നപ്പോളിക്ക് വേണ്ടി കളിച്ചത്.


1987 , 1990 വര്‍ഷങ്ങളില്‍ നപ്പോളി സീരി എ കിരീടം കരസ്ഥമാക്കി. 1987 മെയ്‌ 11 നാണ് നപ്പോളി ആദ്യ മായി സീരി എ കിരീടം നേടുന്നത്. വടക്കന്‍ ഇറ്റലിയില്‍ നിന്ന് കിരീടം നേടുന്ന ആദ്യ ടീമായിരുന്നു നപ്പോളി. മറഡോണയുടെ ഒറ്റയാള്‍ പ്രകടനമായിരുന്നു നപ്പോളിയുടെ കിരീട നേട്ടങ്ങള്‍ക്ക് പിന്നില്‍. ഇതേ വര്‍ഷം തന്നെ അവര്‍ കോപ്പാ ഇറ്റാലിയാ കിരീടവും നേടി. 1989 ല്‍ നപ്പോളി യുവേഫാ കപ്പ് നേടി. യൂറോപ്പിലേക്കും നപ്പോളിയുടെ നേട്ടങ്ങള്‍ പടര്‍ന്ന് പന്തലിച്ചു.


115 ഗോളുകളാണ് നപ്പോളിയ്ക്കായി ഡീഗോ അടിച്ചു കൂട്ടിയത്. ഏഴ് സീസണുകളിലാണ് മറഡോണ നപ്പോളിക്കായി പന്ത് തട്ടിയത്. മറഡോണ എന്ന മജീഷ്യന്റെ മികവിലായിരുന്നു നപ്പോളിയുടെ നേട്ടങ്ങളെല്ലാം. അറ്റ്‌ലാന്റയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചായിരുന്നു നപ്പോളി ആദ്യ് സീരി എ കിരീടം നേടിയത്. 1988-89 വര്‍ഷത്തില്‍ സീരി എയില്‍ നപ്പോളി റണ്ണേഴ്‌സ് അപ്പായിരുന്നു. ഇതേ വര്‍ഷമാണ് മറഡോണയെന്ന ക്യാപ്റ്റന്റെ മികവില്‍ യുവേഫാ കപ്പ് കരസ്ഥമാക്കിയത്. 1989-90 സീസണില്‍ നപ്പോളി വീണ്ടും സീരി എ കിരീടം സ്വന്തമാക്കി. ഇതിന് തൊട്ടടുത്ത സീസണിലാണ് കൊക്കെയ്ന്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് മറഡോണയ്ക്ക് വിലക്ക് വീഴുന്നത്. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് മറഡോണയെ പരിശോധനയ്ക്ക് വിധേയനാക്കിയത്. തുടര്‍ന്ന് 15 മാസമാണ് ഇതിഹാസത്തിന് വിലക്ക് വന്നത്. പിന്നീട് മറഡോണ നപ്പോളിക്കായി കളിച്ചിരുന്നില്ല. തുടര്‍ന്ന് പോയത് സ്പാനിഷ് ക്ലബ്ബ് സെവിയ്യക്ക് വേണ്ടിയാണ്. മറഡോണ ക്ലബ്ബ് വിട്ടത് മുതല്‍ നപ്പോളിയുടെ പതനവും ആരംഭിച്ചു. 1991-92 സീസണില്‍ നപ്പോളിക്ക് നാലാമതായാണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. പിന്നീട് നടന്ന യുവേഫാ കപ്പിലും കോപ്പാ ഇറ്റാലിയയിലും നപ്പോളിക്ക് മുന്നേറാന്‍ കഴിഞ്ഞില്ല. മറഡോണയുടെ കൊഴിഞ്ഞ് പോക്കോടെ നപ്പോളി തകരാന്‍ തുടങ്ങി. 1997-98 സീസണില്‍ ക്ലബ്ബ് രണ്ടാം ഡിവിഷനിലേക്ക് താഴ്ത്തപ്പെട്ടു. തുടര്‍ന്ന് നപ്പോളിക്ക് പ്രമോഷന്‍ ലഭിച്ചത് 1999-2000 സീസണിലാണ്. നപ്പോളിയെന്ന വടക്കന്‍ ഇറ്റലിയിലെ സാധരണ ക്ലബ്ബിനെ ഇറ്റലിയുടെയും യൂറോപ്പിന്റെ നെറുകയിലെത്തിച്ചത് മറഡോണയെന്ന മാന്ത്രിക ഫുട്‌ബോളറായിരുന്നു. മറഡോണയുടെ വിയോഗത്തില്‍ ലോകം മുഴുവന്‍ വിതുമ്പോള്‍ നപ്പോളികാര്‍ അവരുടെ ദൈവത്തിന് കൂടുതല്‍ കണ്ണീര്‍ ഒഴുക്കും. നപ്പോളി ആരാധകര്‍ പണ്ട് വീടുകളില്‍ ആരാധനാ മുറികളില്‍ യേശു ക്രിസ്തുവിനൊപ്പം ഡീഗോയുടെ പടവും വച്ചാണ് ആരാധിച്ചിരുന്നത്.



Next Story

RELATED STORIES

Share it