Latest News

മന്ത്രി പി രാജീവും തായ്‌ലന്റ് കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച; സംസ്ഥാനത്ത് തുടങ്ങാന്‍ കഴിയുന്ന വ്യവസായങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു

നിക്ഷേപ സൗഹൃദ അന്തരീക്ഷം മാതൃക; കൂടുതല്‍ സഹകരിക്കുമെന്ന് തായ്‌ലന്റ്

മന്ത്രി പി രാജീവും തായ്‌ലന്റ് കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച; സംസ്ഥാനത്ത് തുടങ്ങാന്‍ കഴിയുന്ന വ്യവസായങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു
X

തിരുവനന്തപുരം: കേരളത്തിലെ നിക്ഷേപ സൗഹൃദാന്തരീക്ഷം മാതൃകയാണെന്നും സംസ്ഥാനവുമായി സഹകരിച്ച് ഭക്ഷ്യസംസ്‌കരണം, കരകൗശല നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ സംരംഭങ്ങള്‍ ആരംഭിക്കുമെന്നും തായ്‌ലന്റ് കോണ്‍സുല്‍ ജനറല്‍ നിടിരോഗ് ഫൊണ്‍പ്രസേട്ട് പറഞ്ഞു. കേരളവുമായി പ്രത്യേക ധാരണാപത്രം ഒപ്പുവെക്കാന്‍ തായ്‌ലന്റിനുള്ള താല്‍പര്യം അദ്ദേഹം അറിയിച്ചു. വ്യവസായ മന്ത്രി പി രാജീവുമായി കോണ്‍സുല്‍ ജനറലിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ കൂടിക്കാഴ്ചയില്‍ കേരളത്തില്‍ ആരംഭിക്കാന്‍ സാധിക്കുന്ന മറ്റ് വ്യവസായങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

സംസ്ഥാനത്തെ വ്യാവസായിക രംഗത്ത് നിക്ഷേപകര്‍ക്കനുകൂലമായി വരുന്ന മാറ്റങ്ങളില്‍ കോണ്‍സുല്‍ ജനറല്‍ സന്തോഷം പ്രകടിപ്പിച്ചു. തായ് സംരംഭക ലോകത്തിന് പ്രതീക്ഷ നല്‍കുന്നതാണ് ഈ മാറ്റങ്ങളെന്നും കേരളത്തില്‍ സംരംഭം ആരംഭിക്കാനാഗ്രഹിക്കുന്ന നിക്ഷേപകര്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ള തായ്‌ലന്റ് നിക്ഷേപകരുമായി ആശയവിനിമയം നടത്താന്‍ നിശ്ചയിച്ചു.

ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ വര്‍ധിച്ചുവരുന്ന സാധ്യതകള്‍ മന്ത്രി കോണ്‍സുല്‍ ജനറലിനോട് വിശദീകരിച്ചു. വ്യവസായം ആരംഭിക്കാന്‍ താല്‍പര്യമുള്ള സംരംഭകര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണവും അദ്ദേഹം ഉറപ്പ് നല്‍കി. തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും ചര്‍ച്ചയില്‍ തീരുമാനിച്ചു. കോണ്‍സുല്‍ സംഘത്തിന് കേരളത്തിന്റെ സ്‌നേഹോപഹാരമായി ആറന്മുള വാല്‍ക്കണ്ണാടിയും സമ്മാനിച്ചു.

തായ് ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ലലാന ജിറ്റ്‌സട്ടാനനെ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.


Next Story

RELATED STORIES

Share it