Latest News

രക്തച്ചൊരിച്ചില്‍ ആഗ്രഹിക്കുന്നില്ല; ചര്‍ച്ചക്ക് തയ്യാറാവണമെന്ന് പഞ്ച്ശീര്‍ നേതാക്കളോട് താലിബാന്‍

രക്തച്ചൊരിച്ചില്‍ ആഗ്രഹിക്കുന്നില്ല; ചര്‍ച്ചക്ക് തയ്യാറാവണമെന്ന് പഞ്ച്ശീര്‍ നേതാക്കളോട് താലിബാന്‍
X

കാബൂള്‍: പഞ്ചശീര്‍ താഴ്‌വരയിലെ ദേശീയ പ്രതിരോധ മുന്നണി നേതാക്കളോട് ചര്‍ച്ചക്ക് തയ്യാറാവണമെന്ന് താലിബാന്‍. താഴ്‌വരയില്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അനുരഞ്ജനാണ് ആഗ്രഹിക്കുന്നതെന്നും താലിബാന്‍ നേതാക്കള്‍ വിവിധ നേതാക്കളെയും മാധ്യമങ്ങളെയും അറിയിച്ചു.

പ്രശ്‌നത്തില്‍ ഇടപെടാനും പഞ്ച്ശീര്‍ താഴ്‌വരയില്‍ പ്രതിരോധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അഹ് മദ് ഷാ മസൂദിനോട് സംസാരിക്കാനും അനുരഞ്ജനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനും അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി, അഫ്ഗാന്‍ സമാധാനച്ചര്‍ച്ച പ്രതിനിധി അബ്ദുള്ള അബ്ദുള്ള എന്നിവരോട് താലിബാന്‍ അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ദിവസം താലിബാന്‍ പ്രതിനിധികള്‍ കാബൂളിലെ റഷ്യന്‍ എംബസി സന്ദര്‍ശിച്ചിരുന്നു. പഞ്ച്ശീര്‍ നേതാക്കളോടും ജനങ്ങളോടും തങ്ങളുടെ സന്ദേശം കൈമാറണമെന്ന് താലിബാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

അനുരജ്ഞനത്തിന്റെ പാതയാണ് തങ്ങള്‍ കാംക്ഷിക്കുന്നതെന്നും പഞ്ച്ശീര്‍ താഴ്‌വരയില്‍ സൈന്യത്തെ ഉപയോഗിക്കാനോ ബലം പ്രയോഗിക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും രക്തച്ചൊരിച്ചില്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ റഷ്യന്‍ അംബാസിഡറെ അറിയിച്ചു.

അഷ്‌റഫ് ഗാനി, അമ്‌റുള്ള സലേഷ് എന്നിവര്‍ക്ക് താലിബാന്‍ മാപ്പുനല്‍കിയിട്ടുണ്ട്. താല്‍പര്യമുണ്ടെങ്കില്‍ അവര്‍ക്ക് രാജ്യത്തേക്ക് തിരിച്ചെത്താമെന്നും അറിയിച്ചു.

അഫ്ഗാനിസ്താനില്‍ സോവിയറ്റ് ആക്രമണ സമയത്ത് പ്രതിരോധമുയര്‍ത്തിയ അഹ് മദ് ഷാ മസൂദിന്റെ മകനാണ് അഹ് മദ് മസൂദ്. 2001 സപ്തംബറില്‍ അഹ് മദ് ഷാ മസൂദ് കൊല്ലപ്പെട്ടു. സോവിയറ്റ് കാലത്തെ ആയുധങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് മസൂദ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

മസൂദിനെതിരേ കടുത്ത പ്രയോഗങ്ങളില്ലാതെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് താലിബാനെന്നാണ് പൊതുവെ കരുതുന്നത്.

ബാഗ്ലാന്‍ പ്രവിശ്യയില്‍ താലിബാന് മൂന്ന് ജില്ലകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അത് വീണ്ടെടുക്കാന്‍ വലിയ സന്നാഹമാണ് കുന്‍ഡുസിലേക്ക് നീങ്ങുന്നതെന്നാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it