Latest News

'ഗോഡ്‌സെയെ രാജ്യത്തെ ആദ്യ ഭീകരനായി പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോ?' ഗുജറാത്ത് നിയമസഭയില്‍ ബിജെപിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

ഗോഡ്‌സെയെ രാജ്യത്തെ ആദ്യ ഭീകരനായി പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോ? ഗുജറാത്ത് നിയമസഭയില്‍ ബിജെപിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്
X

ഗാന്ധിനഗര്‍; ഗോഡ്‌സെയെ രാജ്യത്തെ ആദ്യ ഭീകനായി പ്രഖ്യാപിച്ച് നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ ധൈര്യമുണ്ടോയെന്ന് ഗുജറാത്ത് നിയമസഭയില്‍ ബിജെപിയോട് കോണ്‍ഗ്രസ്. ഗോഡ്‌സെ രാജ്യത്തെ ആദ്യ ദേശവിരുദ്ധനാണെന്നും മഹാത്മാഗാന്ധിയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ചെയ്യേണ്ടത് അത് പ്രഖ്യാപിക്കുകയാണെന്നും കോണ്‍ഗ്രസ് വെല്ലിവിളിച്ചു.

കോണ്‍ഗ്രസ് എംഎല്‍എ ദാസദ നൗഷാദ് സോളങ്കിയാണ് ഗവര്‍ണരുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഇക്കാര്യം ചോദിച്ചത്.

'ഇന്നലെ വിദ്യാഭ്യാസ മന്ത്രി ജിതു വഗാനി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചിരുന്നു. ഇന്ന് ഞാന്‍ ബിജെപിയെ വെല്ലുവിളിക്കുന്നു. അവര്‍ ഹൃദയം കൊണ്ട് ഗാന്ധിയില്‍ വിശ്വസിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍, ഈ സഭയില്‍ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ രാജ്യത്തെ ആദ്യത്തെ തീവ്രവാദിയും ദേശവിരുദ്ധനും ആയി പ്രഖ്യാപിക്കുക. നിങ്ങള്‍ക്ക് (ബിജെപി) സത്യം അംഗീകരിക്കാന്‍ ധൈര്യമില്ല. നിങ്ങള്‍ക്കെങ്ങനെ ഞങ്ങളെ ദേശീയത പഠിപ്പിക്കാനാവും? നിങ്ങളുടെ സ്വന്തം എംപിമാര്‍ ഗോഡ്‌സെയെ ഒരു ദേശഭക്തനായി കണക്കാക്കുമ്പോള്‍, നിങ്ങള്‍ ഞങ്ങളെ എങ്ങനെ ദേശഭക്തി പഠിപ്പിക്കും?''- അദ്ദേഹം ചോദിച്ചു.

'നിങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗമായി നിങ്ങള്‍ (ബിജെപി) കരുതിയിരുന്ന സംഘടന രാജ്യത്തിന്റെ അഭിമാനമായ ത്രിവര്‍ണ്ണ പതാക പോലും അംഗീകരിച്ചില്ല. 1949 ജൂലൈ 11ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആര്‍എസ്എസ് നിരോധനത്തില്‍ ഇളവ് വരുത്തിയപ്പോള്‍, 'ദേശീയപതാക അംഗീകരിക്കണമെന്ന് അതില്‍ വ്യക്തമാക്കിയിരുന്നു. എന്തുകൊണ്ടാണ് ദേശീയ പതാക സ്വീകരിക്കാന്‍ അദ്ദേഹത്തിന് ഇത്രയും വ്യക്തവും നിര്‍ദ്ദിഷ്ടവുമായ നിബന്ധന വെക്കേണ്ടി വന്നത്? അതേ വര്‍ഷം തന്നെ ജനുവരി 26ന് നാഗ്പൂര്‍ ആസ്ഥാനത്ത് ആര്‍എസ്എസ്സിന് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തേണ്ടി വന്നു. എന്നാല്‍ സര്‍ദാറിന്റെ മരണശേഷം നിങ്ങള്‍ സര്‍ദാറിനെ മറന്നു, 52 വര്‍ഷമായി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയില്ല. 52 വര്‍ഷമായി നിങ്ങളുടെ ആളുകള്‍ ദേശീയ പതാകയെ അപമാനിച്ചത് നിങ്ങള്‍ മറന്നോ?-അദ്ദേഹം ചോദിച്ചു.

സോളങ്കിയുടെ ചോദ്യങ്ങള്‍ക്ക് ബിജെപി അംഗങ്ങള്‍ ആരും മറുപടി പറഞ്ഞില്ല.

Next Story

RELATED STORIES

Share it