Latest News

ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നില്‍പ് സമരം പുനരാരംഭിച്ചു

നവംബര്‍ 1 മുതല്‍ കെജിഎംഒഎയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ആരംഭിച്ച നില്‍പ്പ് സമരം സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് ഒരു മാസത്തേക്ക് മാറ്റിവെച്ചിരുന്നു. ഈ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് കെജിഎംഒഎ സംസ്ഥാന സമിതി പ്രത്യക്ഷ പ്രതിഷേധം പുനരാരംഭിക്കുന്നത്

ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നില്‍പ് സമരം പുനരാരംഭിച്ചു
X

തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നില്‍പ് സമരം പുനരാരംഭിച്ചു. മാനവ വിഭവ ശേഷി കുറവായ ആരോഗ്യ വകുപ്പില്‍ കടുത്ത മാനസിക സമ്മര്‍ദത്തിലും ആവശ്യത്തിന് വിശ്രമം പോലുമില്ലാതെ അധിക ജോലി ചെയ്തുമാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൊവിഡിനോടൊപ്പം കൊവിഡേതര ചികിത്സയും മറ്റു പ്രതിരോധ പ്രവര്‍ത്തനങ്ങളും പൊതുജനാരോഗ്യ സംവിധാനങ്ങളുടെ ഭരണ നിര്‍വ്വഹണവും നടത്തുന്നത്. തളരാത്ത ഈ പോരാട്ടത്തിനിടയിലും ഡോക്ടര്‍മാര്‍ക്ക് ന്യായമായും ലഭിക്കേണ്ട റിസ്‌ക് അലവന്‍സ് നല്‍കിയില്ലയെന്ന് മാത്രമല്ല, ശമ്പള പരിഷ്‌കരണം വന്നപ്പോള്‍ അവരുടെ ശമ്പളത്തില്‍ ആനുപാതിക വര്‍ദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവന്‍സുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയാണ് അവലംബിച്ചത്.

2021 ഏപ്രില്‍ ഒന്നിന് ശേഷം എംബിബിഎസ് ഡിഗ്രിയോട് കൂടി ജോലിയില്‍ പ്രവേശിക്കുന്ന അസിസ്റ്റന്റ് സര്‍ജന്‍മാരുടെ അടിസ്ഥാന ശമ്പളത്തില്‍ നിന്നും ഏകദേശം 8500ല്‍ പരം രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. കാലങ്ങളായി ഡോക്ടര്‍മാര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന സമയ ബന്ധിത ഹയര്‍ ഗ്രേഡിനെക്കുറിച്ച് ശമ്പള പരിഷ്‌കരണ ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല. അതിനു പകരമായി ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീം സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഒരു മാസത്തിനുള്ളില്‍ ഉത്തരവാകും എന്ന് പറഞ്ഞെങ്കിലും, ശമ്പള പരിഷ്‌കരണം കഴിഞ്ഞു ഒരു വര്ഷത്തോളമായിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. കൂടാതെ പേഴ്‌സണല്‍ പേ നിര്‍ത്തലാക്കുകയും, റേഷ്യോ പ്രമോഷന്‍ എടുത്തു കളയുകയും, ചാര്‍ജ് അലവന്‍സ് ഒഴിവാക്കുകയും കോമ്പന്‍സേറ്ററി അലവന്‍സ് പരിമിതപ്പെടുത്തുകയും റൂറല്‍ അലവന്‍സ് ഡിഫിക്കല്‍റ്റ് റൂറല്‍ അലവന്‍സ് എന്നിവ പരിഷ്‌കരിക്കാതിരിക്കുകയും ചെയ്തത് അപാതകളില്‍ ചിലത് മാത്രം.

കേരള പിറവി ദിനമായ നവംബര്‍ 1 മുതല്‍ കെജിഎംഒഎയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ആരംഭിച്ച നില്‍പ്പ് സമരം സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് ഒരു മാസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഈ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് കെജിഎംഒഎ സംസ്ഥാന സമിതി പ്രത്യക്ഷ പ്രതിഷേധം പുനരാരംഭിക്കാന്‍ നിര്‍ബന്ധിതരായത്.

സെക്രട്ടേറിയറ്റ് പടിക്കല്‍ പുനരാരംഭിച്ച നില്‍പ്പ് സമരത്തിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഡോ. ജി എസ് വിജയകൃഷ്ണന്‍ നിര്‍വഹിച്ചു. പ്രതിഷേധം വിവിധ ജില്ലകളിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ അനിശ്ചിത കാലത്തേയ്ക്കു തുടരും. ഇന്നത്തെ പ്രതിഷേധം കെജിഎംഒഎ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ടി എന്‍ സുരേഷ്, ഖജാന്‍ജി ഡോ. ജമാല്‍ അഹമ്മദ്, ഡോ. അനൂപ്, ജില്ലാ പ്രസിഡന്റ് ഡോ. സന്തോഷ് ബാബു, മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്യാം സുന്ദര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോക്ടര്‍മാരുടെ ഏറ്റവും ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം എന്നും അല്ലാത്ത പക്ഷം കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാന്‍ കെജിഎംഒഎ നിര്‍ബന്ധിതരായിത്തീരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it