Latest News

വെസ്റ്റ് ബാങ്കിലെ ഇസ്രയേലി കുടിയേറ്റക്കാർക്കെതിരായ ഉപരോധം അസാധുവാക്കി ഡോണൾഡ് ട്രംപ്

വെസ്റ്റ് ബാങ്കിലെ ഇസ്രയേലി കുടിയേറ്റക്കാർക്കെതിരായ ഉപരോധം അസാധുവാക്കി ഡോണൾഡ് ട്രംപ്
X

വാഷിങ്ടൺ: അധിനിവേശ വെസ്റ്റ്ബാങ്കിൽ ഫലസ്തീനികൾക്കെതിരായ അക്രമങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് തീവ്ര വലതുപക്ഷ ഇസ്രായേൽ കുടിയേറ്റ ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും എതിരേ ബൈഡൻ ഭരണകൂടം ഏർപ്പെടുത്തിയ ഉപരോധം അസാധുവാക്കി പുതിയ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച ഉത്തരവിറക്കി.

2024 ഫെബ്രുവരി 1ന് പുറപ്പെടുവിച്ച 14115ാം നമ്പർ എക്‌സിക്യൂട്ടീവ് ഓർഡർ ട്രംപ് റദ്ദാക്കിയതായി റോയിട്ടേഴ്സ് ആണ് റിപോർട്ട് ചെയ്തത്. "സമാധാനം തകർക്കുന്ന വ്യക്തികൾക്കെതിരേ" ചില ഉപരോധങ്ങൾ ഏർപ്പെടുത്താൻ അനുമതി നൽകുന്നതായിരുന്നു പ്രസ്തുത ഉപരോധ ഉത്തരവ്. അതാണ് അധികാരമേറ്റയുടനെ ട്രംപ് അസാധുവാക്കിയിരിക്കുന്നത്.

നിരവധി ഇസ്രായേലി കുടിയേറ്റ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തുകയും അവരുടെ യുഎസ് സ്വത്തുക്കൾ മരവിപ്പിക്കുകയും അമേരിക്കക്കാരെ അവരുമായി ഇടപഴകുന്നതിൽ നിന്ന് പൊതുവെ വിലക്കുകയും ചെയ്ത മുൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഭരണകൂടത്തിൻ്റെ ഒരു പ്രധാന നയതന്ത്ര നടപടിക്ക് തിരിച്ചടിയാണ് ട്രംപിൻ്റെ തീരുമാനം.

ലോകശ്രദ്ധ ഗസയിലെ യുദ്ധത്തിൽ കേന്ദ്രീകരിച്ചിരിക്കെ, വെസ്റ്റ്ബാങ്കിൽ ഫലസ്തീനികൾക്കെതിരേ ഇസ്രായേൽ കുടിയേറ്റക്കാരുടെ വർധിച്ചുവരുന്ന അക്രമങ്ങളും അധിനിവേശ പ്രദേശത്തെ ഭൂമി കൈയേറ്റങ്ങളും ഇസ്രായേലിൻ്റെ ചില പാശ്ചാത്യ സഖ്യകക്ഷികളിൽ ആശങ്ക ഉയർത്തിയിരുന്നു.

ഇസ്രയേലികൾക്കും ഫലസ്തീനികൾക്കുമിടയിൽ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പ്രതീക്ഷകളെ പിന്നോട്ടടിക്കുന്നതായി വാഷിങ്ടൺ വിശ്വസിക്കുന്ന പ്രവർത്തനങ്ങൾക്കെതിരേ നടപടിയെടുക്കാൻ ബൈഡൻ ഭരണകൂടം ഇസ്രായേൽ ഗവൺമെൻ്റിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടതിന് ശേഷമാണ് കുടിയേറ്റക്കാർക്കെതിരേ യുഎസ് ഉപരോധം ഏർപ്പെടുത്തിയത്.

1967ലെ പശ്ചിമേഷ്യൻ യുദ്ധത്തിനു ശേഷം, ഒരു സ്വതന്ത്ര രാഷ്ട്രത്തിൻ്റെ സുപ്രധാന ഭാഗം എന്ന നിലയിൽ ഫലസ്തീനികൾ ആഗ്രഹിക്കുന്ന ജോർദാൻ നദിയുടെ പടിഞ്ഞാറെ കര (വെസ്റ്റ് ബാങ്ക്) ഇസ്രായേൽ കൈവശപ്പെടുത്തി. മിക്ക രാജ്യങ്ങളും നിയമവിരുദ്ധമെന്ന് കരുതുന്ന യഹൂദ വാസസ്ഥലങ്ങൾ അവിടെ പണിതു. ഇസ്രായേൽ ഇതിനെ ന്യായീകരിക്കുകയും പ്രസ്തുത ഭൂപ്രദേശവുമായുള്ള ചരിത്രപരവും ബൈബിൾപരവുമായ ബന്ധങ്ങൾ ഉദ്ധരിക്കുകയും ചെയ്തിരുന്നു.

കുടിയേറ്റ സെറ്റിൽമെൻ്റുകളോടുള്ള ട്രംപിൻ്റെ സമീപനം വളരെ വ്യത്യസ്തമായിരുന്നു. 2019 ലെ തൻ്റെ ആദ്യ കാലയളവിൽ, ബൈഡൻ പുനസ്ഥാപിക്കുന്നതിനുമുമ്പ് കുടിയേറ്റങ്ങൾ നിയമവിരുദ്ധമാണെന്ന ദീർഘകാല യുഎസ് നിലപാട് ട്രംപ് ഉപേക്ഷിച്ചിരുന്നു.പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അടുത്ത ബന്ധം പുലർത്തുന്ന യെഷാ സെറ്റ്ലർ കൗൺസിലിൻ്റെ ചെയർമാൻ ഇസ്രായേൽ ഗാൻസ് ട്രംപ് വിജയിച്ചാൽ ഉപരോധം പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒക്ടോബറിൽ റോയിട്ടേഴ്സിനോട് പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it