Latest News

ഡോ.വന്ദനാദാസ് വധക്കേസ്: സാക്ഷിവിസ്താരം സെപ്റ്റംബറിൽ; കുറ്റംചെയ്തിട്ടില്ലെന്ന് പ്രതി കോടതിയിൽ

ഡോ.വന്ദനാദാസ് വധക്കേസ്: സാക്ഷിവിസ്താരം സെപ്റ്റംബറിൽ; കുറ്റംചെയ്തിട്ടില്ലെന്ന് പ്രതി കോടതിയിൽ
X

കൊല്ലം: ഡോ. വന്ദനാദാസ് വധക്കേസില്‍ സാക്ഷിവിസ്താരം സെപ്റ്റംബറില്‍ തുടങ്ങും. ഇതിനു മുന്നോടിയായി കേസിന്റെ കുറ്റപത്രം പ്രതിയായ സന്ദീപിനെ വായിച്ചുകേള്‍പ്പിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പിഎന്‍ വിനോദ് നേരിട്ടാണ് പ്രതിയെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചത്.

ഡോ. വന്ദനയെ കൊലപ്പെടുത്തിയതിന് കൊലപാതകക്കുറ്റം, കേസിലെ രണ്ടുമുതല്‍ അഞ്ചുവരെ സാക്ഷികളെ ദേഹോപദ്രവം ഏല്‍പ്പിച്ചു കൊല്ലാന്‍ശ്രമിച്ചതിന് വധശ്രമം, പോലിസ്, ഹോം ഗാര്‍ഡ്, ആംബുലന്‍സ് ഡ്രൈവര്‍ തുടങ്ങി സര്‍ക്കാര്‍ ജീവനക്കാരായ സാക്ഷികളുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ആശുപത്രിജീവനക്കാരെ ആക്രമിക്കല്‍, തെളിവുനശിപ്പിക്കല്‍ എന്നിവയ്ക്ക് വിവിധ വകുപ്പുകള്‍പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവ പ്രതിക്കുമേല്‍ ചുമത്തിയിട്ടുണ്ട്. കുറ്റങ്ങളെല്ലാം വായിച്ചുകേള്‍പ്പിച്ചശേഷം സന്ദീപിനോട് കുറ്റം ചെയ്തിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. ഇല്ലെന്ന മറുപടിയാണ് പ്രതി നല്‍കിയത്.

പ്രതിയുടെ വിടുതല്‍ഹരജി കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതിനാല്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നത് മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രതിഭാഗം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ കേസ് നടപടികള്‍ തുടരുന്നതിന് മേല്‍ക്കോടതിയുടെ സ്‌റ്റേ ഇല്ലാത്തതിനാല്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നത് മാറ്റിവയ്ക്കരുതെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി പടിക്കല്‍ ആവശ്യപ്പെട്ടു. പ്രതിക്കുവേണ്ടി ബിഎ ആളൂര്‍ ഓണ്‍ലൈനായി വാദമുഖങ്ങള്‍ നിരത്തി.

ഇരുഭാഗത്തിന്റെയും വാദംകേട്ട കോടതി പ്രതിയുടെ ഹരജി തള്ളുകയായിരുന്നു. സെപ്റ്റംബര്‍ രണ്ടുമുതല്‍ സാക്ഷിവിസ്താരത്തിന് തയ്യാറാകാന്‍ കോടതി ഇരുഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ തുടര്‍നടപടികള്‍ക്കായി കേസ് ഈ മാസം 24ലേക്ക് മാറ്റി. വന്ദനയുടെ മാതാപിതാക്കളും സന്ദീപിന്റെ മാതാവും കോടതിയില്‍ എത്തിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി പ്രതാപ് ജി പടിക്കലിനൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരും ഹാജരായി.

Next Story

RELATED STORIES

Share it