Latest News

കുട്ടികളെ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ: സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

സഹപാഠിയായ ആണ്‍കുട്ടി സൗഹൃദത്തിലൂടെ ലഹരിക്കടിമയാക്കി ചൂഷണം ചെയ്‌തെന്ന കണ്ണൂര്‍ ജില്ലയിലെ ഒന്‍പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തല്‍ മലയാളികളുടെ ഉറക്കം കെടുത്തുന്നതാണ്

കുട്ടികളെ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ: സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
X

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി കെകെ ഫൗസിയ. സംസ്ഥാനത്തെ പല കാംപസുകളും ലഹരിയുടെ പിടിയിലാണെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സഹപാഠിയായ ആണ്‍കുട്ടി സൗഹൃദത്തിലൂടെ ലഹരിക്കടിമയാക്കി ചൂഷണം ചെയ്‌തെന്ന കണ്ണൂര്‍ ജില്ലയിലെ ഒന്‍പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തല്‍ മലയാളികളുടെ ഉറക്കം കെടുത്തുന്നതാണ്. കുരുന്നു മക്കളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും പറഞ്ഞയച്ചിട്ട് മനസ്സമാധാനത്തോടെ വീട്ടിലിരിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ല. മയക്കുമരുന്ന് മാഫിയ തലമുറയെ തന്നെ തകര്‍ക്കുകയാണ്. ഇവയെ നിയന്ത്രിക്കാന്‍ ക്രിയാത്മകമായ നടപടികളുണ്ടാവണം. സര്‍ക്കാരും അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പ്പനയ്‌ക്കെതിരേ എല്ലാനിലക്കും ജാഗ്രത പാലിക്കണം.

ലഹരി മാഫിയ സംഘങ്ങളുടെ കണ്ണികളായും ഏജന്റുമാരായും മൈനര്‍മാരെ ഉപയോഗിക്കുന്നത് നിയമനടപടികള്‍ക്ക് തടസ്സമാവുന്നുണ്ട്. ഇതു പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സ്റ്റുഡന്റ് പോലിസിന് ആവശ്യമായ പരിശീലനം നല്‍കി വിദ്യാര്‍ഥികള്‍ക്കിടയിലുള്ള ലഹരി മാഫിയാസംഘങ്ങളെ നിരീക്ഷിക്കണം. ലഹരി വസ്തുക്കളുമായി പിടികൂടപ്പെടുന്നവര്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുന്നതു തടയണമെന്നും മാഫിയകള്‍ക്കെതിരെ നിലപാട് കടുപ്പിക്കണമെന്നും കെകെ ഫൗസിയ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it