Latest News

മുന്നാക്ക സംവരണ വിഭാഗങ്ങള്‍ക്കുള്ള കമ്മീഷന്‍ പുനസംഘടിപ്പിച്ചു

ആറാം ധനകാര്യ കമ്മീഷന്‍ ശിപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു

മുന്നാക്ക സംവരണ വിഭാഗങ്ങള്‍ക്കുള്ള കമ്മീഷന്‍ പുനസംഘടിപ്പിച്ചു
X

തിരുവനന്തപുരം: 2022 മാര്‍ച്ച് 13ന് കാലാവധി അവസാനിച്ച മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംസ്ഥാന കമ്മീഷന്‍ പുനഃസംഘടിപ്പിച്ചു. ജസ്റ്റിസ്(റിട്ട.) സിഎന്‍ രാമചന്ദ്രന്‍ നായര്‍ ചെയര്‍മാനും അഡ്വ. മാണി വിതയത്തില്‍ (എറണാകുളം), ജി രതികുമാര്‍(കൊട്ടാരക്കര) എന്നിവര്‍ അംഗങ്ങളുമാണ്.

ധനകാര്യ കമ്മീഷന്‍ ശിപാര്‍ശ അംഗീകരിച്ചു

ആറാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ രണ്ടാം റിപോര്‍ട്ടിലുള്ള ശിപാര്‍ശകള്‍ ഭേദഗതിയോടെ അംഗീകരിച്ചു. പ്രാദേശിക സര്‍ക്കാരുകളുടെ വിഭവസമാഹരണം, വായ്പ എടുക്കല്‍, സ്വമേധയാ നല്‍കുന്ന സംഭാവനകള്‍ ശേഖരിക്കല്‍, പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികള്‍, വികസന ഫണ്ടിന്റെയും പൊതു അവശ്യ ഫണ്ടിന്റെയും വിന്യാസവും ബന്ധപ്പെട്ട കാര്യങ്ങളും മുതലയാവയാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്.

ശമ്പളപരിഷ്‌കരണം

കേരള കെട്ടിട നിര്‍മ്മാണത്തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ ചീഫ് ഓഫിസിലും 14 ജില്ലാ ഓഫിസുകളിലും സേവനമനുഷ്ഠിക്കുന്ന സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമിതരായ 4 എല്‍.ഡി. ക്ലര്‍ക്ക്, 4 പ്യൂണ്‍/ആഫീസ് അറ്റന്‍ഡന്റ്, 2 പ്യൂണ്‍കം പ്രോസസ്സ് സെര്‍വര്‍ എന്നിവര്‍ക്കും ബോര്‍ഡിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമിതരായ 8 പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ക്കും 10.02.2021 ലെ ഉത്തരവ് പ്രകാരമുള്ള ശമ്പളപരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു.

കമ്മീഷന്‍ പുനഃസംഘടിപ്പിച്ചു

2022 മാര്‍ച്ച് 13ന് കാലാവധി അവസാനിച്ച മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംസ്ഥാന കമ്മീഷന്‍ പുനഃസംഘടിപ്പിച്ചു. ജസ്റ്റിസ്(റിട്ട.) സിഎന്‍ രാമചന്ദ്രന്‍ നായര്‍ ചെയര്‍മാനും അഡ്വ. മാണി വിതയത്തില്‍ (എറണാകുളം), ജി രതികുമാര്‍(കൊട്ടാരക്കര) എന്നിവര്‍ അംഗങ്ങളുമാണ്.

അധിക ധനസഹായം

കൊല്ലം അഴീക്കലിന് സമീപം 02.09.2021 ന് മത്സ്യബന്ധന വള്ളം മറിഞ്ഞ് മരണപ്പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അധിക ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. 3,90,000 രൂപ വീതമാണ് ഓരോ കുടുംബത്തിനും നല്‍കുക. തങ്കപ്പന്‍, സുദേവന്‍, സുനില്‍ ദത്ത് എന്നിവരുടെ കുടുംബങ്ങള്‍ക്ക് 1,10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 15,000 രൂപ ഫിഷറീസ് വകുപ്പില്‍ നിന്നും നേരത്തെ അനുവദിച്ചിരുന്നു.

ഭൂമി കൈമാറ്റം

കിന്‍ഫ്രയ്ക്ക് വേണ്ടി അക്വയര്‍ ചെയ്ത ഭൂമിയില്‍ ഉള്‍പ്പെട്ട എറണാകുളം കാക്കനാട് വില്ലേജില്‍ ബ്ലോക്ക് 9 റീസര്‍വ്വെ 570/2 ല്‍ പ്പെട്ട 02.1550 ഹെക്ടര്‍ പുറമ്പോക്ക് ഭൂമി ഏക്കറിന് 1.169 കോടി രൂപ നിരക്കില്‍ വ്യവസായ പാര്‍ക്ക് വികസനത്തിന് കിന്‍ഫ്രയ്ക്ക് കൈമാറാന്‍ ജില്ലാ കലക്ടര്‍ക്ക് അനുമതി നല്‍കി.

പൊതുമരാമത്ത് വകുപ്പിന്റെ കൈവശം കാക്കനാട്ടുള്ള 14 ഏക്കര്‍ ഭൂമി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് വ്യവസ്ഥകള്‍ക്ക് വിധേയമായി പതിച്ചു നല്‍കാന്‍ തീരുമാനിച്ചു. 17.4 ഏക്കര്‍ ഭൂമി നേരത്തെ കൈമാറിയിരുന്നു.

പാട്ടത്തിന് നല്‍കും

മലപ്പുറം ജില്ലയല്‍ നടുവട്ടം വില്ലേജിലെ എട്ട് ഏക്കര്‍ ഭൂമി ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് കെ.എസ്.ഐ..ഡി.സിക്ക് 30 വര്‍ഷത്തേക്ക് വ്യവസ്ഥകളോടെ പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു.

കെ.പി.പി.എല്‍ പ്രവര്‍ത്തനം സുഗമമാക്കാന്‍ നടപടി

മൂന്ന് വര്‍ഷത്തിലധികമായി അടഞ്ഞു കിടന്നിരുന്ന ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് കമ്പനി സര്‍ക്കാര്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് പുതുതായി ആരംഭിച്ച കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും പരീക്ഷണാടിസ്ഥാനത്തിലുള്ള ഉല്പാദന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും നടപടിയെടുക്കും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ വനം വകുപ്പിന്റെ അധീനതിയിലുള്ള തോട്ടങ്ങളില്‍ കെ.പി.പി.എല്‍ പേപ്പര്‍ പള്‍പ്പ് നിര്‍മ്മാണത്തിനാവശ്യമായി കണ്ടെത്തിയ 24000 എം.റ്റി വനാധിഷ്ഠിത അസംസ്‌കൃത വസ്തുക്കള്‍ കെ.പി.പി.എല്‍ ന് അനുവദിക്കും. ഇതിനുള്ള നിരക്ക് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി.

മുദ്ര വില ഒഴിവാക്കി

കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് സര്‍വകലാശാലയുടെ ഭാഗമായി തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ബയോ സയന്‍സ് റിസര്‍ച്ച് & ട്രെയിനിങ് സെന്ററിന് പാട്ടത്തിനെടുക്കുന്ന കെ.എസ്.ഐ.ഡി.സിയുടെ കീഴിലുള്ള വെയിലൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 3ല്‍ റീസര്‍വ്വെ 187/1 ല്‍പ്പെട്ട 80.93 ആര്‍ വസ്തുവിന്റെ ലീസ് ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് മുദ്രവില, രജിസ്‌ട്രേഷന്‍ ഫീസ് ഇനങ്ങളില്‍ ആവശ്യമായി വരുന്ന 50,00,470 രൂപ ഒഴിവാക്കി നല്‍കും.

ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതിപട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ പേരില്‍ ദുരന്ത ലഘൂകരണ പദ്ധതിപ്രകാരം ദുരന്ത പ്രതികരണ നിധി ഉപയോഗിച്ച് വാങ്ങുന്ന ഭൂമിയുടെ രജിസ്‌ട്രേഷന് ആവശ്യമായ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഇളവ് ചെയ്യാന്‍ തീരുമാനിച്ചു.

പുനരധിവസിപ്പിക്കും

കോന്തുരുത്തി പുഴ കൈയ്യേറി താമസിച്ചുവരുന്നവരെ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി പുനരധിവസിപ്പിക്കും. സര്‍വ്വേയില്‍ അര്‍ഹരായി കണ്ടെത്തിയ 122 പേരില്‍ ലൈഫ് ഭൂരഹിത, ഭവനരഹിത ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട 56 കുടുംബങ്ങള്‍ ഒഴികെയുള്ളവരെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തും. പള്ളുരുത്തി വില്ലേജില്‍ ജി.സി.ഡി.എ കൊച്ചി നഗരസഭയ്ക്കു കൈമാറിയ 1 ഏക്കര്‍ 38 സെന്റ് 200 സ്‌ക്വയര്‍ ലിങ്ക്‌സ് സ്ഥലത്ത് ലൈഫ് ഭവനസമുച്ചയം കൊച്ചി നഗരസഭ മുഖേന നിര്‍മ്മിക്കാന്‍ തത്വത്തില്‍ അനുമതി നല്‍കി. പുഴ കയ്യേറി താമസിച്ചുവരുന്നവരെ പുനരധിവസിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് സജ്ജീകരിക്കും

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് സജ്ജീകരിക്കും. 2021-22 വാര്‍ഷിക ബജറ്റിന്റെ അടിസ്ഥാനത്തിലാണിത്. ചെറുകിട സംരംഭങ്ങളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും വളര്‍ച്ചയ്ക്കാണ് വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് ആരംഭിക്കുന്നത്. പ്രാരംഭ ചെലവിനായി 1 കോടി വകയിരുത്തിയിരുന്നു. 250 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാനുള്ള നിര്‍ദ്ദേശമാണ് മുന്നോട്ടുവെക്കുന്നത്.

കേരള സര്‍ക്കാരിനുവേണ്ടി കെ.എഫ്.സി, കെ.എസ്.എഫ്.ഇ, കെ.എസ്.ഐ.ഡി.സി എന്നീ ഏജന്‍സികള്‍ അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള/ നിയന്ത്രണത്തിലുള്ള മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും സംയുക്തമായി സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രസ്റ്റായാണ് ഫണ്ട് രൂപീകരിക്കുക. കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതോ പ്രവര്‍ത്തനത്തിന്റെ ഏറിയ പങ്കും കേരളത്തിലായതോ ആയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണം ലഭിക്കും.

തസ്തിക

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്‌റ്റേറ്റ് സര്‍വ്വീസിന്റെയും സബോര്‍ഡിനേറ്റ് സര്‍വ്വീസിന്റെയും കരട് വിശേഷാല്‍ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയ തസ്തിക സൃഷ്ടിക്കലും തസ്തികകളുടെ അപ്ഗ്രഡേഷനും അംഗീകരിച്ചു.

കോഴിക്കോട് ജില്ലയിലെ വടകര, കൊടുവള്ളി, മുക്കം, കൊയിലാണ്ടി, ഫറോക്ക് നഗരസഭകളിലെ ആരോഗ്യ വിഭാഗത്തില്‍ 17 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ അധിക തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഡയറക്ടര്‍ (ധനകാര്യം) തസ്തിക സൃഷ്ടിച്ച് ധനകാര്യ വകുപ്പില്‍ ഡെപ്യൂട്ടി / ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കും.

എസ്ഡി പ്രിന്‍സിനെ കേരള രാജ് ഭവനില്‍ പബ്ലിക് റിലേഷന്‍സ് ഓഫിസറായി നിയമിച്ച നടപടി സാധൂകരിച്ചു.

വ്യവസായ വകുപ്പില്‍ സ്റ്റീല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്‌സ് ലിമിറ്റഡില്‍ നാല് വര്‍ഷമായി ഒഴിഞ്ഞു കിടക്കുന്ന അസിസ്റ്റന്റ് മാനേജറുടെ തസ്തിക പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചു.

ശമ്പള പരിഷ്‌കരണം

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും അനുവദിച്ച 11ാം ശമ്പളപരിഷ്‌കരണ ആനുകൂല്യം സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ ജീവനക്കാര്‍ക്കും കേരള ഡന്റല്‍ കൗണ്‍സില്‍ ജീവനക്കാര്‍ക്കും അനുവദിക്കും.

കെ എം മാണിയുടെ പേര് നല്‍കും

പാലാ ജനറല്‍ ആശുപത്രിയെ 'കെ എം മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രി പാലാ' എന്ന് പുനര്‍നാമകരണം ചെയ്യും.

കാര്‍ വാങ്ങാന്‍ അനുമതി

ഏഴ് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാര്‍ക്ക് പ്രീമിയം ഹോണ്ട സിറ്റിയോ മാരുതി സിയാസ് കാറോ വാങ്ങാന്‍ അനുമതി നല്‍കി. ഇലക്ട്രിക് വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാനുള്ള ഓപ്ഷനും നല്‍കും.

Next Story

RELATED STORIES

Share it