Latest News

ഒരു വിഭാഗത്തിന്റേയും സംവരണം അട്ടിമറിച്ചല്ല പത്തു ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുന്നത്: മുഖ്യമന്ത്രി

സംവരണത്തെ വൈകാരിക പ്രശ്‌നമാക്കി വളര്‍ത്തിയെടുത്ത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നോക്കുന്നവര്‍ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ കമ്മീഷന്‍ നടത്തുന്ന സാമൂഹ്യ സാമ്പത്തിക സര്‍വേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ഒരു വിഭാഗത്തിന്റേയും സംവരണം അട്ടിമറിച്ചല്ല പത്തു ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുന്നത്: മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഒരു വിഭാഗത്തിന്റേയും സംവരണം അട്ടിമറിച്ചുകൊണ്ടല്ല മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള പത്തു ശതമാനം സംവരണം നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ കമ്മീഷന്‍ നടത്തുന്ന സാമൂഹ്യ സാമ്പത്തിക സര്‍വേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്തു ശതമാനം സംവരണം പുതിയാതി ഏര്‍പ്പെടുത്തുമ്പോള്‍ നേരത്തെയുണ്ടായിരുന്ന സംവരണം ആര്‍ക്കും നഷ്ടമാവില്ല. എന്നാല്‍, പത്തു ശതമാനം സംവരണം മുന്‍നിര്‍ത്തി വലിയ വിവാദത്തിനാണ് ചിലരുടെ ശ്രമം. നിലവിലെ സംവരണത്തെ അട്ടിമറിച്ചാണ് സാമ്പത്തിക സംവരണം സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് ചിലര്‍ വാദിക്കുന്നു. എന്നാല്‍ ഇതില്‍ ഒരു അട്ടിമറിയും ഉണ്ടായിട്ടില്ല. സംവരണത്തെ വൈകാരിക പ്രശ്‌നമാക്കി വളര്‍ത്തിയെടുത്ത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നോക്കുന്നവര്‍ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സര്‍ക്കാര്‍ ജോലിയില്‍ സംവരണമുണ്ട്. അത് തുടരുക തന്നെ ചെയ്യും. അതില്‍ ആര്‍ക്കും സംശയം വേണ്ട. ഓരോ സമുദായത്തിനും അര്‍ഹതപ്പെട്ട സംവരണാനുകൂല്യം മുഴുവന്‍ അവര്‍ക്കു തന്നെ കിട്ടുകയും ചെയ്യും. ജാതി ഘടകങ്ങള്‍ മാത്രമേ സംവരണത്തിന് അടിസ്ഥാനമാകാവൂ എന്നാണ് ഒരു വാദം. സാമ്പത്തിക ഘടകം മാത്രമേ അടിസ്ഥാമാക്കാവൂ എന്നാണ് മറ്റൊരു വാദം. സാമൂഹ്യ യാഥാര്‍ത്ഥ്യം ഗൗരവമായി കണക്കിലെടുത്തുള്ള സമീപനമാണ് ഇത്തരം ഒരു നടപടിയിലേക്ക് എത്തിച്ചത്. ഏതെങ്കിലും ഒരു വിഭാഗത്തിന് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതുകൊണ്ടാണ് തങ്ങള്‍ക്ക് ആനുകൂല്യം കിട്ടാത്തതെന്ന മട്ടില്‍ വാദിക്കുന്ന ഒരു പ്രവണതയുണ്ട്. ഇത് ശരിയല്ല. എല്ലാവര്‍ക്കും ജീവിതയോഗ്യമായ സാഹചര്യം ഉണ്ടാവുക എന്നതാണ് പ്രധാനം. അടിസ്ഥാനപരമായി ഇത്തരം ഒരു അവസ്ഥയ്ക്ക് അറുതി വരുത്താന്‍ കൂട്ടായ പോരാട്ടമാണ് നടത്തേണ്ടത്. ആ പോരാട്ടത്തില്‍ അണിനിരക്കേണ്ട വിഭാഗത്തെ ഭിന്നിപ്പിച്ച് അതിനെ ക്ഷീണിപ്പിക്കുന്ന അസ്ഥയാണ് പരസ്പരം ആരോപണം ഉന്നയിക്കുന്നതിലൂടെ ഉണ്ടാവുകയെന്ന് നാം തിരിച്ചറിയണം. സംവരണ വിഭാഗങ്ങളും സംവരണേതരവിഭാഗങ്ങളും തമ്മിലെ സംഘര്‍ഷമല്ല, അവരെ പരസ്പരം യോജിപ്പിച്ച് സാമൂഹ്യവും സാമ്പത്തികവുമായ അവശതയ്ക്ക് എതിരായ പൊതുസമര നിരയാണ് രാജ്യത്ത് ഉയര്‍ന്നു വരേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംവരണേതര വിഭാഗത്തിലെ ഒരു കൂട്ടര്‍ പരമദരിദ്രരാണ്. ഇതാണ് പത്തു ശതമാനം സംവരണമെന്ന ആവശ്യത്തിലേക്ക് എത്തുന്നതിന് ഇടയാക്കിയത്. ഇതൊരു കൈത്താങ്ങാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം നല്‍കുന്നത് സംവരണ വിരുദ്ധ നിലപാടായി മാറുന്നില്ല. എല്ലാ വിഭാഗങ്ങളിലും പിന്നാക്കം നില്‍ക്കുന്ന ജനങ്ങളെ കൂട്ടിയോജിപ്പിച്ച് മുന്നോട്ടു പോവുക എന്ന നിലപാടാണ് സംവരണ കാര്യത്തിലും സ്വീകരിക്കുന്നത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് അതത് ഇടങ്ങളിലെ സാഹചര്യങ്ങളനുസരിച്ച് മാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ വരുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. അതനുസരിച്ച് റിട്ടയര്‍ഡ് ജഡ്ജ് ശശിധരന്‍ നായര്‍ അദ്ധ്യക്ഷനായ കമ്മിറ്റി, കേരളത്തിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍, എന്നാല്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ക്കു വ്യതിയാനം സംഭവിക്കാത്ത വിധത്തില്‍ ശുപാര്‍ശകള്‍ മുന്നോട്ടുവെച്ചിരുന്നു.

സംവരണേതര വിഭാഗങ്ങളായി അംഗീകരിക്കപ്പെട്ട 164 വിഭാഗക്കാര്‍ അഭിമുഖീകരിക്കുന്ന സാമൂഹികസാമ്പത്തിക പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കു ലഭ്യമാക്കേണ്ട ആനുകൂല്യങ്ങള്‍ സംബന്ധിച്ച ശിപാര്‍ശകള്‍ പരിഗണിക്കാനും വേണ്ടി മാത്രമാണ് സര്‍വ്വേ. ഇവര്‍ നിലവില്‍ അനുഭവിക്കുന്ന ആനുകൂല്യങ്ങളൊന്നും ഇല്ലാതാക്കാനോ കുറയ്ക്കാനോ ഉദ്ദേശിക്കുന്നില്ല. ഇവരെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ള ഒന്നും സര്‍വ്വേയില്‍ അടങ്ങിയിട്ടില്ല. സര്‍വ്വേയില്‍ പങ്കെടുക്കുന്ന കാര്യത്തിലോ, ചോദ്യങ്ങളുടെ ഉത്തരം പറയുന്ന കാര്യത്തിലോ യാതൊരു വിധ സമ്മര്‍ദ്ദവും സര്‍വ്വേയില്‍ പങ്കെടുക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളുടെ മേല്‍ ചെലുത്തുകയുമില്ല. പരിപൂര്‍ണ്ണ സമ്മതത്തോടെ മാത്രമേ ആളുകള്‍ സര്‍വ്വേയില്‍ പങ്കെടുക്കേണ്ടതുള്ളൂ.

വിദഗ്ദ്ധരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് കമ്മീഷന്‍ സര്‍വ്വേ തയ്യാറാക്കിയത്. വിവിധ സംഘടനകളുമായി സംസ്ഥാന ജില്ലാ തലങ്ങളില്‍ ചര്‍ച്ച നടത്തി സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ട്. കേരളത്തിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ എന്നിവയില്‍ ഉള്‍പ്പെടുന്ന എല്ലാ വാര്‍ഡുകളിലേയും, സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന അഞ്ചു വീതം കുടുംബങ്ങളെ കണ്ടെത്തി അവരില്‍ നിന്നും വിവരശേഖരണം നടത്തുന്ന തരത്തിലാണ് സര്‍വ്വേ വിഭാവനം ചെയ്തിട്ടുള്ളത്. ഈ സര്‍വ്വേയിലൂടെ ഏതാണ്ട് ഒരു ലക്ഷത്തോളം കുടുംബങ്ങളുടെ വിവരശേഖരണം നടത്തും. അങ്ങനെ സംവരണേതര വിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ സംബന്ധിച്ച പഠനം നടത്തുന്നതിനാവശ്യമായ വിവരങ്ങള്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തി.

Next Story

RELATED STORIES

Share it