Latest News

ഇഡി റെയ്ഡ്; ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ സഹായി അറസ്റ്റില്‍

ഇഡി റെയ്ഡ്; ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ സഹായി അറസ്റ്റില്‍
X

റാഞ്ചി: അനധികൃത ഖനന കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹോമന്ത് സോറന്റെ അടുത്ത സഹായി പ്രേം പ്രകാശ് അറസ്റ്റിലായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഹോമന്റ് സോറന്റെ സെക്രട്ടറിയായ പ്രേം പ്രകാശിനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഇയാളുടെ വസതിയില്‍ നടന്ന റെയ്ഡില്‍ രണ്ട് എകെ 47 തോക്കുകളും അറുപതോളം വെടിയുണ്ടകളും കണ്ടെടുത്തതിനു പിന്നാലെയാണ് അറസ്റ്റ്. കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ മറ്റൊരു അനുയായി പങ്കജ് മിശ്ര നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് പ്രകാശിന്റെ വസതിയില്‍ ഇഡി പരിശോധന നടത്തിയത്.

തോക്ക് കൈവശം വച്ചതിന്റെ വിവരം കൈമാറാത്തതോടെയാണ് ഇഡി അറസ്റ്റിലേക്ക് കടന്നത്. 100 കോടി രൂപയുടെ അനധികൃത ഖനനക്കേസില്‍ പ്രേം പ്രകാശിന്റെ ജാര്‍ഖണ്ഡിലെ വസതിയില്‍ പരിശോധന നടത്തുന്നതിനിടെയാണ് തോക്കുകള്‍ കണ്ടെത്തിയത്. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ് നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തോക്കുകള്‍ കണ്ടെടുത്തത്.

മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അനുയായി പ്രേം പ്രകാശ് വാടകയ്ക്ക് എടുത്ത വീട്ടിലെ അലമാരിയില്‍ നിന്നുമാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. അതേസമയം, പ്രേം പ്രകാശിന്റെ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥര്‍ വീട്ടില്‍ വച്ചിട്ട് പോയ തോക്കുകളാണ് ഇഡി കണ്ടെടുത്തതെന്ന് റാഞ്ചി പോലിസ് അറിയിച്ചു. ഇവരെ സസ്‌പെന്റ് ചെയ്‌തെന്നും പോലിസ് വ്യക്തമാക്കി. ജാര്‍ഖണ്ഡിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ജാര്‍ഖണ്ഡ്, ബിഹാര്‍, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലെ ഇരുപതോളം ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്.

Next Story

RELATED STORIES

Share it