Latest News

പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വസതികളിലും ഇ ഡി റെയ്ഡ്; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വസതികളിലും ഇ ഡി റെയ്ഡ്; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം
X

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വസതികളിലും ഓഫിസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്യായ റെയ്ഡിനെതിരേ സംസ്ഥാനത്ത് പ്രതിഷേധമിരമ്പി. ഇന്ന് രാവിലെ മുതലാണ് വിവിധ നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് റെയ്ഡ് നടന്നത്.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം, പ്രഫ.പി കോയ തുടങ്ങിയ നേതാക്കളുടെ വസതികളിലും കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫിസായ യൂനിറ്റി ഹൗസിലും റെയ്ഡ് നടന്നു.


ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയപ്രേരിത റെയ്ഡ് നടത്തിയതിനെതിരേ സംസ്ഥാനത്ത് ജില്ലകളും ഡിവിഷനുകളും ഏരിയകളും കേന്ദ്രീകരിച്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

കേരളത്തിലെ പോപുലര്‍ ഫ്രണ്ട് ദേശീയ നേതാക്കളുടെ വീടുകളിലും സംസ്ഥാന കമ്മിറ്റി ഓഫിസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്യായമായ റെയ്ഡിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ആഹ്വാനം ചെയ്തിരുന്നു. റെയ്ഡ് സംഘടനക്കെതിരായ ആര്‍എസ്എസ് നീക്കങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ ഡവിഷന്‍ പ്രസിഡന്റ് കെ ഫവാസ്, സെക്രട്ടറി മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി. മയ്യില്‍ ഡിവിഷനില്‍ കമ്പില്‍, മുണ്ടേരി എന്നിവിടങ്ങളിലും പ്രടനം നടന്നു. കമ്പിലില്‍ ഏരിയാ പ്രസിഡന്റ് ഷാഫി മയ്യില്‍, എം റാസിഖ് നേതൃത്വം നല്‍കി. കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും പ്രതിഷേധങ്ങള്‍ അരങ്ങേറി.


പുത്തനത്താണി ഡിവിഷനില്‍ ഏഴ് സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. പട്ടര്‍നടക്കാവ്, വൈരങ്കോട്, തിരുനാവായ, കല്‍പ്പകഞ്ചേരി, പുത്തനത്താണി, കാടാമ്പുഴ, രണ്ടത്താണി എന്നീ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധ പ്രകടനങ്ങള്‍ക്ക് മുസ്തഫ കുന്നത്ത്, അലി, ഹക്കീം, ഷമീര്‍, താജുദ്ദീന്‍, മുസ്തഫ, ജാഫര്‍, ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

തൂരൂര്‍ താഴേപാലത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. പ്രകടനത്തിന് ഏരിയാ പ്രസിഡന്റ് നജീബ് തിരൂര്‍, സെക്രട്ടറി യഹിയ അന്നാര, ഇബ്രാഹിം തിരൂര്‍, അബ്ദു പയ്യനങ്ങാടി, കുഞ്ഞിബാവ എന്നിവര്‍ നേതൃത്വം നല്‍കി. തങ്ങളുടെ കൈയിലെ പാവകളായ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള ഇത്തരം വേട്ടകള്‍കൊണ്ട് പോപുലര്‍ ഫ്രണ്ടിനെ നിശബ്ദമാക്കാന്‍ ഹിന്ദുത്വഭരണകൂടത്തിന് കഴിയില്ലെന്നും അതിനെ ജനാധിപത്യമാര്‍ഗങ്ങളിലൂടെ നേരിടുമെന്നും പ്രകടനത്തില്‍ പങ്കെടുത്തവര്‍ ഉറക്കെ പ്രഖ്യാപിച്ചു.


റെയ്ഡുകളിലൊന്നും യാതൊന്നും കണ്ടെത്താന്‍ കഴിയാതിരുന്നിട്ടും മാധ്യമങ്ങളിലൂടെ വലിയതോതില്‍ പ്രചാരണം അഴിച്ചുവിടാനുള്ള കേന്ദ്ര ഏജന്‍സിയുടെ നീക്കത്തിനെതിരേ വലിയ പ്രതിഷേധമാണുയരുന്നത്. റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.


കരമന അഷ്റഫ് മൗലവിയുടെ വീട്ടില്‍ ഇ ഡി സംഘമെത്തിയെന്നതിനെ തുടര്‍ന്ന് നിരവധി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. തിരച്ചില്‍ നടത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്‌ക്വാഡിന് പക്ഷേ, ഒന്നും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. കണ്ടെടുക്കാനായില്ലെന്ന് എഴുതിനല്‍കാന്‍ ജനക്കൂട്ടം പറഞ്ഞതനുസരിച്ച് സംഘം രസീതി നല്‍കി.


വിയോജിപ്പുകള്‍ ഇല്ലാതാക്കാനായി മോദി സര്‍ക്കാര്‍ അനേഷണ ഏജന്‍സികളെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ ആയുധമാക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി മുഹമ്മദ് ഷാക്കിഫ് അഭിപ്രായപ്പെട്ടു. ഇത്തരം പ്രവര്‍ത്തികള്‍ മൂലം സര്‍ക്കാര്‍ സംവിധാനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ നടന്ന റെയ്ഡും ഈ രീതിയിലുള്ളതാണ്. ഡല്‍ഹിയിലെ കര്‍ഷക സമരം കേന്ദ്രസര്‍ക്കാരിനെ കടുത്ത സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. ഇതിനെ വഴിതിരിച്ചുവിടാനായി സര്‍ക്കാര്‍ നടത്തുന്ന കണ്ണില്‍പ്പൊടിയിടലാണ് ഇപ്പോഴത്തെ ഇഡി റെയ്ഡെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it