Latest News

ഇ കെ നജ്മുദ്ദീന്‍ പ്രസിഡന്റ്, നവാസ് അബ്ദുല്‍ ഖാദര്‍ ജനറല്‍ സെക്രട്ടറി; തനത് സാംസ്‌കാരിക വേദിക്ക് പുതിയ ഭാരവാഹികള്‍

ഇ കെ നജ്മുദ്ദീന്‍ പ്രസിഡന്റ്, നവാസ് അബ്ദുല്‍ ഖാദര്‍ ജനറല്‍ സെക്രട്ടറി; തനത് സാംസ്‌കാരിക വേദിക്ക് പുതിയ ഭാരവാഹികള്‍
X

ദോഹ: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ എല്ലാ അടരുകളിലും ഫാഷിസം കുടിയിരിക്കുന്നുവെന്ന് തനത് സാംസ്‌കാരിക വേദി ജനറല്‍ ബോഡി അഭിപ്രായപ്പെട്ടു. അടിയന്തിരാവസ്ഥയില്‍ നിലനിന്നതിനേക്കാള്‍ ഭീകരമായ വെല്ലുവിളികളാണ് സ്തുതിപാഠകരല്ലാത്ത മാധ്യമങ്ങളെ കാത്തിരിക്കുന്നത്. ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ജുഡീഷ്യറി പോലും ഭരണകൂട താല്‍പര്യത്തിനനുസരിച്ച് നീങ്ങുന്ന ഈ സന്ദര്‍ഭത്തില്‍ നീതിക്കു വേണ്ടി ശബ്ദിക്കുകയെന്നത് മഹത്തായ മൂല്യമാണ്. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് ചര്‍ച്ചയായത്.

ഖത്തറിലെ പ്രമുഖ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനായ തനത് സാംസ്‌കാരിക വേദിയുടെ 2022-24 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ ജനറല്‍ ബോഡിയില്‍ തിരഞ്ഞെടുത്തു. കോഴിക്കോട് ചേന്ദമംഗലൂര്‍ സ്വദേശി ഇ കെ നജ്മുദ്ദീനാണ് പ്രസിഡന്റ്. വൈസ് പ്രസിഡന്റുമാര്‍ ഉസ്മാന്‍ ആലുവ, ഇ. എം ഫര്‍സാന. നവാസ് അബ്ദുല്‍ഖാദര്‍ ജനറല്‍ സെക്രട്ടറി. സെക്രട്ടറിമാര്‍ ലുഖുമാനുല്‍ ഹഖീം, മീഡിയ സെക്രട്ടറി എ എം നജീബ്, ട്രഷറര്‍ ഷബ്‌ന ഫൈസല്‍ തുടങ്ങിയവരാണ് പുതിയ ഭാരവാഹികള്‍. മുഹമ്മദലി, ഷബീര്‍ വി പി, ഫിറോസ് ഹസന്‍, ഡോ. മുബീന, ജിഫാസ്, മുഹമ്മദ് സാബിത്ത്, അമ്മാര്‍ അസീസ്, ബിനാസ് ബഷീര്‍, ഫൈസല്‍ യു കെ, സയ്യിദ് അതീഖ് ബുഖാരി എന്നിവരാണ് തനത് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍.

മന്‍സൂറയില്‍ നടന്ന ജനറല്‍ ബോഡിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തെ പ്രവര്‍ത്തന റിപോര്‍ട്ട് ജനറല്‍ സെക്രട്ടറി നവാസ് അബുദുല്‍ ഖാദര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് വാര്‍ ഓഫ് നറേറ്റീവ് എന്ന വിഷയത്തില്‍ ഡോ. സി കെ അബ്ദുല്ല ക്ലാസ് നടത്തി. നുണകളും അര്‍ധസത്യങ്ങളും കൊണ്ട് പുതിയ ആഖ്യനങ്ങള്‍ നിര്‍മിക്കുകയാണ് ഫാഷിസം. സാംസ്‌കാരിക വിനിമയത്തിന്റെ എല്ലാ മാര്‍ഗങ്ങളും ഫാഷിസം ഇതിനായി ഉപയോഗപ്പെടുത്തുന്നു. പല കോണുകളില്‍ നിന്നുള്ള ആഖ്യാനങ്ങളുടെ ഒഴുക്കിന് സംബോധിതരില്‍ സ്വീകാര്യത ലഭിക്കുന്നത് ഇന്ത്യയില്‍ വലിയൊരു കലാപം നടത്താന്‍ ഫാഷിസത്തിന് നിഷ്പ്രയാസം കഴിയുമെന്നതിന്റെ സൂചന കൂടിയാണ്. ഭയപ്പെടാതിരിക്കുകയെന്നതാണ് ഈ കാലത്തെ ഏറ്റവും വലിയ സന്ദേശം- അബ്ദുല്ല പറഞ്ഞു.

എ എം നജീബ് അധ്യക്ഷത വഹിച്ചു. ടി വി അബ്ദുര്‍റസാഖ് ആയിരുന്നു റിട്ടേണിങ് ഓഫിസര്‍.

Next Story

RELATED STORIES

Share it