Latest News

എല്‍ഗാര്‍ പരിഷദ് കേസ്: ഗൗതം നവ്‌ലാഖയുടെ ജാമ്യാപേക്ഷയില്‍ സുപ്രിംകോടതി എന്‍ഐഎ റിപോര്‍ട്ട് തേടി

എല്‍ഗാര്‍ പരിഷദ് കേസ്: ഗൗതം  നവ്‌ലാഖയുടെ ജാമ്യാപേക്ഷയില്‍ സുപ്രിംകോടതി എന്‍ഐഎ റിപോര്‍ട്ട് തേടി
X

ന്യൂഡല്‍ഹി: എല്‍ഗാര്‍ പരിഷദ് കേസില്‍ ഉള്‍പ്പെടുത്തി മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റിലായ ആക്റ്റിവിസ്റ്റ് ഗൗതം നവ്‌ലാഖ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ സുപ്രിംകോടതി അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ റിപോര്‍ട്ട് തേടി. ജസ്റ്റിസ് ലലിത് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മുംബൈ ഹൈക്കോടതി ഫെബ്രുവരി 8ാം തിയ്യതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതേതുടര്‍ന്നാണ് ജാമ്യത്തിനു വേണ്ടി സുപ്രിംകോടതിയെ സമീപിച്ചത്.

നവ്‌ലാഖയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബലിന്റെ വാദം അംഗീകരിച്ച കോടതി മാര്‍ച്ച് 15നു മുമ്പ് തങ്ങളുടെ പ്രതികരണമറിയിക്കാന്‍ എന്‍ഐഎയോട് നിര്‍ദേശിച്ചിട്ടുണ്ട്.

2017 ഡിസംബര്‍ 31 ന് പൂനെയില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് മീറ്റില്‍ ചില പ്രവര്‍ത്തകര്‍ പ്രകോപനപരമായ പ്രസംഗിച്ചുവെന്നും ഇത് അടുത്ത ദിവസം അക്രമത്തിന് കാരണമായെന്നുമാണ് പോലിസിന്റെ വാദം. നവ്‌ലാഖയ്ക്ക് മാവോവാദികളുമായി ബന്ധമുണ്ടെന്നും ആരോപിക്കുന്നു.

ഗൗതം നവ്‌ലാഖയ്ക്കു പുറമെ എല്‍ഗാര്‍ പരിഷത്ത് നടത്തിയ ഭീമ കൊറേഗാവ് അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത അഭിഭാഷക സുധാ ഭരദ്വാജ്, സാമൂഹ്യപ്രവര്‍ത്തകരായ അരുണ്‍ ഫേരേറിയ, വരവര റാവു, വെര്‍നോണ്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ക്കെതിരേയും യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.

ഇതേ കേസില്‍ അറസ്റ്റിലായ വരവര റാവുവിന് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നു.

Next Story

RELATED STORIES

Share it