Latest News

കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് വേദിയില്‍: ആര്‍എസ്എസ്സിനെ ഹിന്ദുമതവുമായി തുലനം ചെയ്യുന്നത് അപകടകരമെന്ന് പികെ ഉസ്മാന്‍

രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹം ആര്‍എസ്എസ്സിനെ നിരാകരിക്കുമ്പോള്‍ ആര്‍എസ്എസ്സിനെ ഹൈന്ദവ സമൂഹത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന നിലപാടിന്റെ ധാര്‍മികത ലീഗ് നേതൃത്വം വ്യക്തമാക്കേണ്ടതുണ്ട്

കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് വേദിയില്‍: ആര്‍എസ്എസ്സിനെ ഹിന്ദുമതവുമായി തുലനം ചെയ്യുന്നത് അപകടകരമെന്ന് പികെ ഉസ്മാന്‍
X

തൃശൂര്‍: മുസ്‌ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ ഉള്‍പ്പെടെയുള്ളവര്‍ ആര്‍എസ്എസ് വേദികള്‍ പങ്കിടുന്നത് ആര്‍എസ്എസ്സിന് മാന്യത നല്‍കാനുള്ള അജണ്ടയുടെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആര്‍എസ്എസ്സിനെ ഹിന്ദുമതവുമായി തുലനം ചെയ്യുന്നത് അപകടകരമാണ്. വംശഹത്യയില്‍ മാത്രം വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായ ആര്‍എസ്എസ് അധികാരമുപയോഗിച്ചും അല്ലാതെയും രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന വ്യാപകമായ സംഘര്‍ഷങ്ങളുടെയും അതിക്രമങ്ങളുടെയും ഏറ്റവും പ്രതിസന്ധി നിറഞ്ഞ പശ്ചാത്തലത്തിലും അവരുമായി വേദി പങ്കിടാനും അതിനെ ഹൈന്ദവ സമൂഹവുമായുള്ള സഹവര്‍ത്തിത്വം എന്ന പേരില്‍ ആര്‍എസ്എസ്സിന് മാന്യത പകര്‍ന്നു നല്‍കാനും മുസ്‌ലിം ലീഗ് നടത്തുന്ന ശ്രമം അപകടകരമാണ്.

ഇത്തരം ആളുകള്‍ ആര്‍എസ്എസ്സിനും സംഘപരിവാര നേതാക്കള്‍ക്കും ഉണ്ടാക്കിക്കൊടുത്ത വ്യക്തിപ്രഭാവമാണ് പല തിരഞ്ഞെടുപ്പുകളിലും അവര്‍ക്ക് വിജയിക്കാന്‍ അവസരമൊരുക്കിയത്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹം ആര്‍എസ്എസ്സിനെ നിരാകരിക്കുമ്പോള്‍ ആര്‍എസ്എസ്സിനെ ഹൈന്ദവ സമൂഹത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന നിലപാടിന്റെ ധാര്‍മികത ലീഗ് നേതൃത്വം വ്യക്തമാക്കേണ്ടതുണ്ട്. ഭരണഘടനാ മൂല്യങ്ങളെ ആര്‍എസ്എസ് നേതാക്കള്‍ അട്ടിമറിക്കുന്നതും രാജ്യവ്യാപകമായി മനുഷ്യരെ കൊന്നൊടുക്കുന്നതും പ്രവാചക നിന്ദ നടത്തുന്നതും മതന്യൂനപക്ഷങ്ങളും പുരോഗമന ചിന്താഗതിക്കാരും ഇല്ലാത്ത ഇന്ത്യയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറഞ്ഞ് വംശഹത്യയ്ക്ക് ആക്കം കൂട്ടുന്നതും മുസ്‌ലിം ലീഗിനെ അസ്വസ്ഥപ്പെടുത്തുന്നില്ലെങ്കില്‍ ഏറ്റവും സ്വാര്‍ത്ഥമായ നിലപാടിലേക്ക് ലീഗ് എത്തിച്ചേര്‍ന്നു എന്നാണ് മനസിലാക്കുന്നത്. ഇതിനു പിന്നിലുള്ള മുസ്‌ലിം ലീഗിന്റെ സ്വാര്‍ത്ഥ മോഹമെന്താണെന്ന് ലീഗ് വ്യക്തമാക്കണം.

സാദിഖലി തങ്ങള്‍ ജില്ലകള്‍ തോറും നടത്തിക്കൊണ്ടിരിക്കുന്ന പരിപാടികളില്‍ പോലും കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ഭൂരിപക്ഷ വര്‍ഗീയത പോലെ ന്യൂനപക്ഷ വര്‍ഗീയതയും കേരളത്തിലുണ്ട് എന്ന് നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്നത് ആര്‍എസ്എസ്സിന്റെ അപകടത്തെ ലഘൂകരിക്കുന്നതിനു വേണ്ടി ഏറ്റെടുത്ത വക്കാലത്തിന്റെ ഭാഗമാണ്. മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ കച്ചവട താല്‍പ്പര്യവും തെറ്റായ പ്രവണതകളും ഈ പ്രസ്ഥാനത്തിന്റെ നയം തന്നെ ആര്‍എസ്എസ്സിന് അടിയറവെക്കുന്നതിലേക്ക് എത്തിയിരിക്കുന്നു. സാദിഖലി തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ താല്‍പ്പര്യം തന്നെയാണ് താനും ആര്‍എസ്എസ് വേദി പങ്കിട്ടതിലുള്ളതെന്ന് കെഎന്‍എ ഖാദര്‍ പറയുമ്പോള്‍ ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ ആര്‍എസ്എസ്സുമായിട്ടുള്ള സൗഹൃദത്തെയാണോ കേരളത്തിലെ സൗഹൃദത്തിന്റെ അളവുകോലായി കാണുന്നതെന്ന് സാദിഖലി തങ്ങള്‍ വ്യക്തമാക്കണം. ഈ ഒത്തുതീര്‍പ്പു രാഷ്ട്രീയം പുതിയതല്ല. വിവാദമായ മുത്വലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വേളയില്‍ ഹാജരാവാതിരുന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാടും ഇതിന്റെ ഭാഗമായിരുന്നു എന്നു വേണം കരുതാനെന്നും പി കെ ഉസ്മാന്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് വടക്കൂട്ട് സംബന്ധിച്ചു.

Next Story

RELATED STORIES

Share it