Latest News

പ്രവാസിയുടെ കൊലപാതകം: രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി; 13 പേര്‍ കൂടി പിടിയിലാവുമെന്ന് പോലിസ്

പ്രവാസിയുടെ കൊലപാതകം: രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി; 13 പേര്‍ കൂടി പിടിയിലാവുമെന്ന് പോലിസ്
X

കാസര്‍കോട്: കുമ്പളയില്‍ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ഉപ്പള സ്വദേശികളായ അസീസ്, റഹിം എന്നിവരെയാണ് പോലിസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. കേസില്‍ ഇനി 13 പേര്‍ കൂടി പിടിയിലാവാനുണ്ടെന്നും ഇവര്‍ക്കായി വിവിധയിടങ്ങളില്‍ റെയ്ഡുകള്‍ തുടരുകയാണെന്നും ജില്ലാ പോലിസ് മേധാവി പറഞ്ഞു. ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായ രണ്ടുപേര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളുടെ വീട്ടില്‍നിന്ന് 4.5 ലക്ഷം രൂപയും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്.

കൃത്യവുമായി ബന്ധപ്പെട്ട് അഞ്ച് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ഞായറാഴ്ചയാണ് കുമ്പള സീതാംഗോളി മുഗുറോഡിലെ അബൂബക്കര്‍ സിദ്ദീഖ് (32) ക്രൂരമായ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. മര്‍ദ്ദനമേറ്റ് മരണപ്പെട്ട സിദ്ദീഖിനെ മൂന്നംഗസംഘം ബന്തിയോട്ടെ ആശുപത്രിയിലെത്തിച്ച് മുങ്ങുകയായിരുന്നു. ഗള്‍ഫിലേക്ക് പണം കടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു തട്ടിക്കൊണ്ടുപോവലിനും കൊലപാതകത്തിനും കാരണം. സിദ്ദീഖിനെ ഗള്‍ഫില്‍നിന്ന് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോവുന്നതിന് മുമ്പ് ഇയാളുടെ സഹോദരന്‍ അന്‍വര്‍, സുഹൃത്ത് അന്‍സാരി എന്നിവരെയും സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചിരുന്നു.

സിദ്ദീഖ് കൊല്ലപ്പെട്ടതോടെ ഇവരെ പിന്നീട് വാഹനത്തില്‍ കൊണ്ടുപോയി വഴിയരികില്‍ ഇറക്കിവിടുകയായിരുന്നു. ഉപ്പള സ്വദേശിയായ റിയാസ് എന്നയാളാണ് നാട്ടില്‍നിന്ന് പണമടങ്ങിയ ബാഗ് നല്‍കിയതെന്ന് മര്‍ദ്ദനമേറ്റ അന്‍സാരി പറഞ്ഞു. സിദ്ദീഖിന്റെ സഹോദരന്‍ അന്‍വര്‍ വഴിയാണ് ഈ ബാഗ് തനിക്ക് ലഭിച്ചത്. ബാഗില്‍ പണമാണെന്ന് പറഞ്ഞിരുന്നില്ല. ഗള്‍ഫില്‍വച്ച് മംഗളൂരു സ്വദേശിയായ റസീന്‍ എന്നയാള്‍ക്കാണ് ബാഗ് കൈമാറിയതെന്നും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചവരുടെ കൂട്ടത്തില്‍ ഇയാളുണ്ടായിരുന്നതായും അന്‍സാരി വെളിപ്പെടുത്തി.

അന്‍സാരിയും അന്‍വറും ഗള്‍ഫിലേക്ക് എത്തിച്ച ബാഗില്‍നിന്ന് പണം നഷ്ടമായെന്ന ആരോപണമാണ് തട്ടിക്കൊണ്ടുപോവലിലും മര്‍ദ്ദനത്തിലും കലാശിച്ചതെന്നാണ് പോലിസ് നല്‍കുന്ന വിവരം. ബാഗ് കൈമാറി ഒരുമണിക്കൂറിന് ശേഷം ബാഗില്‍ പണമില്ലെന്ന് പറഞ്ഞ് റിയാസ് ഇവരെ വിളിച്ചിരുന്നു. തുടര്‍ന്ന് അന്‍സാരിയും അന്‍വറും നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച വിഷയത്തില്‍ സംസാരിക്കാമെന്ന് പറഞ്ഞ് അന്‍സാരിയെയും അന്‍വറിനെയും പ്രതികള്‍ വിളിച്ചുവരുത്തി. തുടര്‍ന്നാണ് വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചത്.

Next Story

RELATED STORIES

Share it