Latest News

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് ; വിദ്യയ്ക്ക് പിഎച്ച്ഡി പഠനം തുടരാം

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് ; വിദ്യയ്ക്ക് പിഎച്ച്ഡി പഠനം തുടരാം
X

തൃശൂര്‍: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ. വിദ്യയ്ക്ക് പിഎച്ച്ഡി പഠനം തുടരാം. കാലടി സര്‍വകലാശാലയുടെ ആഭ്യന്തര അന്വേഷണ സമിതിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. വിദ്യയ്ക്ക് ഗവേഷണം തുടരാന്‍ കേസ് തടസമില്ലെന്ന് കാലടി സര്‍വകലാശാല നിയമിച്ച ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കി. വിദ്യ ഗവേഷണം തുടരുന്ന കാര്യത്തില്‍ അടുത്ത അക്കാദമിക് കൗണ്‍സില്‍ യോഗമാകും തീരുമാനമെടുക്കുക.

ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനു വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലായിരുന്നു മുന്‍ എസ്എഫ്‌ഐ നേതാവായ കെ.വിദ്യയെ പോലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടക്കുന്ന ഘട്ടത്തില്‍ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിനിയായിരുന്നു വിദ്യ. ഇതോടെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തെ സംബന്ധിച്ചും വിവാദമുയര്‍ന്നു. സംവരണ മാനദണ്ഡങ്ങള്‍ പാലിക്കാതെ വിദ്യയ്ക്ക് പിഎച്ച്ഡി പ്രവേശനം നല്‍കിയെന്നായിരുന്നു ആരോപണം. ഇതോടെയാണ് സിന്‍ഡിക്കറ്റ് അംഗവും ഒറ്റപ്പാലം എംഎല്‍എയുമായ കെ.പ്രേംകുമാറിന്റെ നേതൃത്വത്തിലുളള സമിതിയെ സംഭവം അന്വേഷിക്കാന്‍ സര്‍വകലാശാല നിയോഗിച്ചത്.

വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിനും സംസ്‌കൃത സര്‍വകലാശാലയിലെ പിഎച്ച്ഡി പഠനത്തിനും തമ്മില്‍ ബന്ധമേതുമില്ലെന്നാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍. സര്‍വകലാശാലയ്ക്കു പുറത്തു നടന്ന സംഭവത്തിന്റെ പേരില്‍ വിദ്യയുടെ ഗവേഷണ പഠനം തടയേണ്ടതില്ലെന്നാണ് പ്രേംകുമാര്‍ അധ്യക്ഷനായ സിന്‍ഡിക്കേറ്റ് ഉപസമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.



Next Story

RELATED STORIES

Share it