Latest News

റെജോസാരി സെനിക്ക്; കാലാവസ്ഥ വ്യതിയാനത്തിനെതിരേ ഒരു കുടുംബം തീര്‍ത്ത പ്രതിരോധത്തിന്റെ കഥ (ചിത്രങ്ങള്‍)

റെജോസാരി സെനിക്ക്; കാലാവസ്ഥ വ്യതിയാനത്തിനെതിരേ ഒരു കുടുംബം തീര്‍ത്ത പ്രതിരോധത്തിന്റെ കഥ (ചിത്രങ്ങള്‍)
X

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സെന്‍ട്രല്‍ ജാവ പ്രവിശ്യയില്‍ താമസിക്കുന്ന 55 വയസ്സുള്ള ഒരു വീട്ടമ്മയായ പാസിജ എല്ലാ ദിവസവും ഉണരുന്നത് കടലിന്റെ ശബ്ദം കേട്ടാണ്. കാലെടുത്തു വക്കുന്നത് വെള്ളത്തിലേക്കും. ഇന്തോനേഷ്യയിലെ ഒരു ചെറിയ ഗ്രാമമായ റെജോസാരി സെനിക്കിന് പറയാനുള്ളത് പാസിജയുടെ കഥയാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരേ പൊരുതി നില്‍ക്കാന്‍ തയ്യാറായ കുടുംബത്തിന്റെ കഥയാണ്.


ജാവയുടെ വടക്കന്‍ തീരത്തുള്ള ഒരു ചെറിയ ഗ്രാമമായ റെജോസാരി സെനിക്ക് ഒരു കാലത്ത് വരണ്ട പ്രദേശമായിരുന്നു. എന്നാല്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്ന് അവിടെ വെള്ളം കയറി. ആ ഗ്രാമം തന്നെ വെള്ളത്തിനടിയിലായി. ഇവിടെ നിന്നും കര തൊടാന്‍ കുറച്ച് ദൂരം സഞ്ചരിക്കണം. ഏറ്റവും അടുത്തുള്ള കര രണ്ട് കിലോമീറ്റര്‍ (1.24 മൈല്‍) അകലെയാണ്, ഏറ്റവും അടുത്തുള്ള നഗരമായ ഡെമാക് 19 കിലോമീറ്റര്‍ (11.8 മൈല്‍) അകലെയും. അവിടെയെത്താനുള്ള ഏക മാര്‍ഗം ബോട്ട് വഴിയാണ്.


തങ്ങളുടേതെന്ന് കരുതിയതെല്ലാം കടലെടുത്തപ്പോള്‍ അയല്‍ക്കാരെല്ലാം ഇവിടം വിട്ടു പോയി. പക്ഷേ പാസിജക്കു മാത്രം അവിടം വിടാന്‍ മനസു വന്നില്ല. ഒടുക്കം ഈ ഗ്രാമത്തില്‍ അവരുടെ വീട് മാത്രം ബാക്കിയായി. പിന്നീടങ്ങോട്ട് തന്റെ വീട് സംരക്ഷിക്കുക എന്ന ചിന്തയില്‍ മുന്നോട്ടു പോയ പാസിജ അതിനായുള്ള ശ്രമം തുടങ്ങി. ആ ശ്രമം അവരെ കൊണ്ടെത്തിച്ചത് കണ്ടലുകള്‍ വച്ചുപിടിപ്പിക്കുകയെന്ന ആശയത്തിലാണ്. അങ്ങനെ പാസിജയും കുടുംബവും പ്രകൃതിയിലേക്ക് തിരിഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ അവര്‍ പ്രതിവര്‍ഷം 15,000 കണ്ടല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.


'വെള്ളപ്പൊക്കം തിരമാലകളായാണ് വരുന്നത്, ക്രമേണ, ഒറ്റയടിക്ക് അല്ല,'വെള്ളം ഉയരാന്‍ തുടങ്ങിയപ്പോള്‍, വീടിനെ കാറ്റില്‍ നിന്നും തിരമാലകളില്‍ നിന്നും സംരക്ഷിക്കാന്‍ കണ്ടല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കേണ്ടതുണ്ടെന്ന് ഞാന്‍ മനസിലാക്കി.' പാസിജ പറഞ്ഞു. മക്കള്‍ പിടിക്കുന്ന മീന്‍ അടുത്തുള്ള മാര്‍ക്കറ്റില്‍ വിറ്റാണ് പാസിജയും കുടുംബവും ജീവിക്കുന്നത്. 35 വര്‍ഷത്തിലധികമായി താന്‍ ഇവിടെ താമസിക്കുന്നുവെന്നും വേലിയേറ്റത്തെ പിടിച്ചു നിര്‍ത്താന്‍ കഴിയുന്നിടത്തോളം കാലം താനും കുടുംബവും ഇവിടെ തന്നെ തുടരുമെന്നും പാസിജ പറയുന്നു.


ആയിരക്കണക്കിന് ദ്വീപുകളുടെ ഒരു ദ്വീപസമൂഹമായ ഇന്തോനേഷ്യയ്ക്ക് ഏകദേശം 81,000 കിലോമീറ്റര്‍ തീരപ്രദേശമുണ്ട്, ഇത് സമുദ്രനിരപ്പ് ഉയരുന്നതിനും മണ്ണൊലിപ്പിനും ഇരയാകാന്‍ സാധ്യതയുള്ള പ്രദേശമാണ്.


1992 മുതല്‍ 2024 വരെ രാജ്യത്തിന്റെ തീരങ്ങളിലെ സമുദ്രനിരപ്പ് പ്രതിവര്‍ഷം ശരാശരി 4.25 മില്ലിമീറ്റര്‍ (0.16 ഇഞ്ച്) ഉയര്‍ന്നിരുന്നു, എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ഈ നിരക്ക് വര്‍ധിച്ചതായി ഇന്തോനേഷ്യയിലെ ജിയോഫിസിക്കല്‍ ഏജന്‍സിയിലെ ഉദ്യോഗസ്ഥനായ കദര്‍സ പറയുന്നു.ഏകദേശം 10 ദശലക്ഷം ആളുകള്‍ താമസിക്കുന്ന ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ഈ പ്രശ്‌നം പ്രത്യേകിച്ച് രൂക്ഷമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണങ്ങളിലൊന്ന് സമുദ്രനിരപ്പ് ഉയരുന്നതാണെന്നും അതുകൊണ്ടു തന്നെ ചില ചെറിയ ദ്വീപുകള്‍ അപ്രത്യക്ഷമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Next Story

RELATED STORIES

Share it