Latest News

ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് പ്രധാനമന്ത്രിയെ കാണും

കുടംബം ഡല്‍ഹിയിലെത്തി. കുടുംബത്തെ കൊല്ലം എംപി എം കെ പ്രേമചന്ദ്രന്‍ അനുഗമിക്കും.

ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് പ്രധാനമന്ത്രിയെ കാണും
X

ന്യൂഡല്‍ഹി: ചെന്നൈ ഐഐടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കും. ഇതിനായി കുടംബം ഡല്‍ഹിയിലെത്തി. കുടുംബത്തെ കൊല്ലം എംപി എം കെ പ്രേമചന്ദ്രന്‍ അനുഗമിക്കും. അതേസമയം, കൂടിക്കാഴ്ച്ചക്കുള്ള സമയത്തെ കുറിച്ച് വ്യക്തത വന്നിട്ടില്ല.

അന്വേഷണത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടാണ് കുടുംബം പ്രധാനമന്ത്രിയെ കാണുന്നത്. കഴിഞ്ഞ മാസം ഒമ്പതിനാണ് ഫാത്തിമയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതിനിടെ, ഫാത്തിമ ലത്തീഫിന്റെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് വിഭാഗം ഇന്നലെ സ്ഥരീകരിച്ചു.

ഫാത്തിമ മരിക്കുന്നതിന് മുമ്പ് എഴുതിയതാണ് രണ്ട് കുറിപ്പുകളും സ്‌ക്രീന്‍ഷോട്ടുമെന്ന് കോടതിയില്‍ ഫോറന്‍സിക് വിഭാഗം റിപോര്‍ട്ട് നല്‍കി. അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദി എന്നായിരുന്നു ഫാത്തിമയുടെ ഫോണില്‍ സ്‌ക്രീന്‍ സേവറായി ഉണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പ്. ഈ സ്‌ക്രീന്‍ഷോട്ടും, മൊബൈല്‍ ഫോണിലെ രണ്ട് കുറിപ്പുകളും ഫാത്തിമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നവംബര്‍ ഒന്‍പതിന് മുമ്പ് എഴുതിയെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിത്.

സുദര്‍ശന്‍ പത്മനാഭന്റെ പേരുള്ള ആത്മഹത്യാക്കുറിപ്പ് പുലര്‍ച്ചെ 12.27ന് എഴുതിയതാകാം എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അന്വേഷണ സംഘം കൈപ്പറ്റി. ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുദര്‍ശന്‍ പത്മനാഭനെ വീണ്ടും ചോദ്യം ചെയ്യും. നിലവില്‍ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദിയായവര്‍ക്കെതിരേ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു.




Next Story

RELATED STORIES

Share it