Latest News

ജീവനെടുത്ത് കാട്ടുതീ; കത്തിയമര്‍ന്നതില്‍ പുരാതന ക്ഷേത്രങ്ങളും(വിഡിയോ)

ജീവനെടുത്ത് കാട്ടുതീ; കത്തിയമര്‍ന്നതില്‍ പുരാതന ക്ഷേത്രങ്ങളും(വിഡിയോ)
X

സിയോള്‍: ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ കാട്ടുതീ 18 പേരുടെ ജീവന്‍ എടുത്തെന്ന് അധികൃതര്‍. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ ഒന്നിലധികം തീപിടുത്തങ്ങള്‍ ഉണ്ടായി, ഇത് വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമായി. നിലവില്‍ ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും കാരണം ഉണ്ടാകുന്ന തീപിടുത്തങ്ങള്‍ അണയ്ക്കാന്‍ സൈന്യത്തിന്റെ സഹായത്തോടെ ആയിരക്കണക്കിന് അഗ്‌നിശമന സേനാംഗങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുകയാണ്.

'ഉല്‍സാനിലും ജിയോങ്സാങ് മേഖലയിലും തുടര്‍ച്ചയായ അഞ്ചാം ദിവസവും കത്തുന്ന കാട്ടുതീ അഭൂതപൂര്‍വമായ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുന്നു,' ദക്ഷിണ കൊറിയയുടെ ആക്ടിംഗ് പ്രസിഡന്റ് ഹാന്‍ ഡക്ക്-സൂ പറഞ്ഞു. ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശമായ കാട്ടുതീയെ നേരിടാന്‍ സര്‍ക്കാര്‍ ലഭ്യമായ എല്ലാ ഉദ്യോഗസ്ഥരെയും ഉപകരണങ്ങളെയും വിന്യസിക്കുന്നുണ്ടെങ്കിലും സ്ഥിതി മോശമായി തന്നെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അധികൃതര്‍ അടിയന്തര ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചെങ്കിലും ആളപായം തടയാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളും ഭീഷണി നേരിടുകയാണ്. ശനിയാഴ്ച ഉസിയോങ്ങില്‍ ഉണ്ടായ തീപിടുത്തങ്ങള്‍ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല. കൂടാതെ ആന്‍ഡോങ് നഗരത്തിലെ നിരവധി യുനെസ്‌കോ ലോക പൈതൃക സ്ഥലങ്ങളായ ഹാഹോ വില്ലേജ്, ബിയോങ്സാന്‍ കണ്‍ഫ്യൂഷ്യന്‍ അക്കാദമി എന്നിവയും ഭീഷണിയുടെ നിഴലിലാണ്.

ചൊവ്വാഴ്ച, തീപിടുത്തം അടുത്തെത്തിയതോടെ ഹാഹോ ഫോക്ക് വില്ലേജില്‍ അധികൃതര്‍ അടിയന്തര മുന്നറിയിപ്പ് നല്‍കി. 681-ല്‍ നിര്‍മ്മിച്ച പുരാതന ക്ഷേത്രമായ ഗൗണ്‍ ക്ഷേത്രം ഇതിനകം കത്തിനശിച്ചതായി ഔദ്യോഗിക വൂത്തങ്ങള്‍ അറിയിച്ചു. ഉസിയോങ് തീയുടെ വ്യാപ്തിയും വേഗതയും സങ്കല്‍പ്പിക്കാനാവാത്തതാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് സയന്‍സിലെ വന ദുരന്ത വിദഗ്ധനായ ലീ ബ്യൂങ്-ഡൂ പറഞ്ഞു.

കാട്ടുതീ മൂലം, 27,000-ത്തിലധികം പേര്‍ ഇവിടങ്ങലില്‍ നിന്നു പലായനം ചെയ്തതായി സര്‍ക്കാര്‍ പറയുന്നു. തീ ബാധിത പ്രദേശങ്ങളെ പ്രത്യേക ദുരന്ത മേഖലകളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it