Latest News

ഡല്‍ഹി മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന് മുന്‍കൂര്‍ ജാമ്യം

ഡല്‍ഹി മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന് മുന്‍കൂര്‍ ജാമ്യം
X

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന് ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് മനോജ്കുമാര്‍ ഒഹ്‌റിയാണ് രാജ്യദ്രേഹ കേസില്‍ ഡോ. ഖാന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

2020 ജൂലൈ 14 വരെ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായിരുന്നു ഖാന്‍. തന്റെ അഭിഭാഷകരെ ഉദ്ധരിച്ചുകൊണ്ട് ഖാന്‍ തന്നെയാണ് ട്വിറ്റര്‍ വഴി ഇക്കാര്യം അറിയിച്ചത്.

''അഭിഭാഷകരില്‍ നിന്ന് സന്ദേശമുണ്ടായിരുന്നു: അഭിഭാഷകായ വൃന്ദ ഗ്രോവര്‍, സൗതിക് ബാനര്‍ജി, രത്‌ന അപെന്റര്‍ എന്നിവര്‍ വഴി ഫയല്‍ ചെയ്ത ഹരജിയില്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന് ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു''- സഫറുല്‍ ഇസ്ലാം ഖാന്‍ ട്വീറ്റ് ചെയ്തു .

കഴിഞ്ഞ മെയില്‍ സാമൂഹിക മാധ്യമങ്ങളിലെ ഒരു പരാമര്‍ശത്തിന്റെ പേരിലാണ് ഡല്‍ഹി പോലിസിന്റെ പ്രത്യേക സെല്‍ അദ്ദേഹത്തിനെതിരേ രാജ്യദ്രോഹ കേസ് ചുമത്തിയത്. ഇന്ത്യയില്‍ മുസ്‌ലിംകളെ പീഡിപ്പിക്കുന്നത് തുടരുകയാണെങ്കില്‍ അറബ് രാജ്യങ്ങളോട് പരാതിപ്പെടുമെന്നും വര്‍ഗീയവാദികള്‍ക്ക് അതിന്റെ ഫലമനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു പോസ്റ്റ്.

വസന്ത് കുഞ്ച് പോലിസ് ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ ഖാന്റെ സാമൂഹികമാധ്യമ പരാമര്‍ശം പ്രകോപനപരമാണെന്നും സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും ആരോപിച്ചു. 124 എ, 153 എ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്.

വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹം തന്റെ പോസ്റ്റ് അനുചിതമായിപ്പോയെന്ന് അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി വിരുദ്ധ സമരപശ്ചാത്തലത്തിലായിരുന്നു ഖാന്റെ പോസ്റ്റ്.

അതേസമയം ട്വീറ്റ് പിന്‍വലിച്ചുവെന്ന മാധ്യമപ്രചാരണത്തെ അദ്ദേഹം തള്ളക്കളഞ്ഞു. ട്വീറ്റിന് താന്‍ ക്ഷമ ചോദിക്കുകയും അത് ഇല്ലാതാക്കുകയും ചെയ്തതായി ഒരു വിഭാഗം മാധ്യമങ്ങളില്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ട്വീറ്റിന് ഞാന്‍ ക്ഷമ ചോദിച്ചിട്ടില്ല, അത് ഇല്ലാതാക്കിയിട്ടില്ല. ട്വീറ്റിലെ പരാമര്‍ശങ്ങളുടെ പേരിലല്ല താന്‍ ക്ഷമ ചോദിച്ചത് മറിച്ച് നമ്മുടെ രാജ്യം നേരിടുന്ന ഒരു മെഡിക്കല്‍ അടിയന്തരാവസ്ഥയ്ക്കിയില്‍ അനുചിതമായിപ്പോയെന്ന തിരിച്ചറിവിനെ തുടര്‍ന്നാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it