Latest News

മുന്നാക്ക സംവരണം സാമൂഹികനീതിയെ അട്ടിമറിക്കുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍

മുന്നാക്ക സംവരണം സാമൂഹികനീതിയെ അട്ടിമറിക്കുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍
X

തിരുവനന്തപുരം: പി എസ് സി നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം മുന്നാക്ക സംവരണം നടപ്പാക്കാനുള്ള തീരുമാനത്തിലൂടെ ഭരണഘടനാ മൂല്യങ്ങളെയും സാമൂഹിക നീതിയുടെ താല്‍പര്യങ്ങളെയും സംസ്ഥാന സര്‍ക്കാര്‍ ബലി കഴിച്ചിരിക്കുകയാണെന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. സംവരണം എന്ന ആശയം എന്തിനാണെന്നും ആര്‍ക്കൊക്കെ വേണ്ടിയാണെന്നും ഭരണഘടനയില്‍ വ്യക്തമാക്കപ്പെട്ടതാണ്. അധികാര-ഉദ്യോഗ-വിദ്യാഭ്യാസ മേഖലകളില്‍ സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാല്‍ പുറന്തള്ളപ്പെടുകയും പ്രാതിനിധ്യം ലഭിക്കാതെ പോവുകയും ചെയ്ത പിന്നാക്ക സമുദായ-ജാതി വിഭാഗങ്ങള്‍ക്കുള്ളതാണ് സംവരണം. കേരളത്തിലെ ഓപണ്‍ മെറിറ്റ് ക്വാട്ടയിലെ ഉദ്യോഗ നിയമനങ്ങള്‍ ഫലത്തില്‍ സംവരണേതര വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്യപ്പെട്ട രീതിയിലാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടൊപ്പം മുന്നാക്ക-സവര്‍ണ സമുദായങ്ങള്‍ക്ക് 10 ശതമാനം സംവരണം കൂടി മാറ്റിവയ്ക്കുന്നതോടെ വിടവ് വര്‍ധിക്കുകയാണ് ചെയ്യുന്നത്. പ്രാതിനിധ്യാവകാശങ്ങള്‍ക്കു വേണ്ടി നടന്ന സുദീര്‍ഘമായ സമര പോരാട്ടങ്ങളുടെ ചരിത്രത്തോടും കേരളത്തില്‍ നടന്ന നവോത്ഥാന മുന്നേറ്റങ്ങളോടും ചെയ്യുന്ന പ്രത്യക്ഷ വഞ്ചന കൂടിയാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

കെ കെ സുരേഷ്, വി ആര്‍ ജോഷി, കെ അംബുജാക്ഷന്‍, കുട്ടപ്പന്‍ ചെട്ടിയാര്‍, സണ്ണി എം കപിക്കാട്, ബഹാവുദ്ദീന്‍ നദ് വി, മജീദ് ഫൈസി, കെ കെ ബാബുരാജ്, ഹമീദ് വാണിയമ്പലം, എം ഗീതാനന്ദന്‍, രമേശ് നന്മണ്ട, ഷാജി ജോര്‍ജ്, എന്‍ കെ അലി, ജുനൈദ് കടയ്ക്കല്‍, ടി കെ അശ്റഫ്, ഒ പി രവീന്ദ്രന്‍, ഷെറി ജെ തോമസ്, പൂന്തുറ സിറാജ്, രാമചന്ദ്രന്‍ മുല്ലശ്ശേരി, ഡോ. പി കെ സുകുമാരന്‍, ഡോ. ജാബിര്‍ അമാനി, വിനീത വിജയന്‍, വിനീഷ് സുകുമാരന്‍, പ്രേംനാഥ് വയനാട്, ഡോ. അമല്‍ സി രാജ്, അഡ്വ. വി ആര്‍ അനൂപ്, അനില്‍കുമാര്‍ ഒന്നിപ്പ്, കെ രാജന്‍, നഹാസ് മാള, വിനില്‍ പോള്‍-ജെഎന്‍യു, ജസ്റ്റിന്‍ കരിപ്പാട്ട്, പി എ കുട്ടപ്പന്‍, ജബീനാ ഇര്‍ഷാദ്, ഷംസീര്‍ ഇബ്റാഹീം, റസാഖ് പാലേരി തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചത്.

Forward reservation undermines social justice: Social activists




Next Story

RELATED STORIES

Share it