Latest News

ഒഡീഷയിലെ പിന്നോക്ക കുടുംബത്തില്‍ നിന്നു രാഷ്ട്രപതി ഭവനിലേക്ക്; സ്ത്രീ ശക്തി ആദരവ് അര്‍ഹിക്കുന്നതെന്ന് ദ്രൗപതി മുര്‍മു

ഒഡീഷയിലെ പിന്നോക്ക കുടുംബത്തില്‍ നിന്നു രാഷ്ട്രപതി ഭവനിലേക്ക്; സ്ത്രീ ശക്തി ആദരവ് അര്‍ഹിക്കുന്നതെന്ന് ദ്രൗപതി മുര്‍മു
X

ന്യൂഡല്‍ഹി: ആത്മാഭിമാനമുള്ള, സ്വതന്ത്രരായ, ശാക്തീകരിക്കപ്പെട്ട സ്ത്രീകളുടെ ശക്തിയില്‍ മാത്രമേ വികസിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ കഴിയൂ എന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ-ശിശു വികസന മന്ത്രാലയം സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

'ഒരു വികസിത ഇന്ത്യയുടെ ദൃഢനിശ്ചയം എന്നത്, നമ്മുടെ എല്ലാവരുടെയും ദൃഢനിശ്ചയമാണ്, അത് നാമെല്ലാവരും ഒരുമിച്ച് നിറവേറ്റണം. അതിനാല്‍, ശക്തരും ശാക്തീകരിക്കപ്പെട്ടവരും സ്വാശ്രയത്വമുള്ളവരുമായി മാറുന്നതിന് പുരുഷന്മാര്‍ സ്ത്രീകളെ ഓരോ ഘട്ടത്തിലും പിന്തുണയ്ക്കണം. സമ്മര്‍ദ്ദമോ ഭയമോ ഇല്ലാതെ സ്വന്തം ജീവിതത്തെക്കുറിച്ച് സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന ഒരു അന്തരീക്ഷം അവര്‍ക്ക് ലഭിക്കണം.

ഒരു മകളോ സഹോദരിയോ എവിടെയും ഒറ്റയ്ക്ക് പോകാനോ താമസിക്കാനോ ഭയപ്പെടാത്ത ഒരു ആദര്‍ശ സമൂഹം നാം സൃഷ്ടിക്കണം, സ്ത്രീകള്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തോടെയും, സമര്‍പ്പണത്തോടെയും, കഠിനാധ്വാനത്തിലൂടെയും ജീവിതത്തില്‍ മുന്നേറുകയും രാജ്യത്തിന്റെയും സമൂഹത്തിന്റെയും വികസനത്തിന് സംഭാവന നല്‍കുകയും വേണം,'രാഷ്ട്രപതി പറഞ്ഞു.

ഇന്ത്യയില്‍ മാത്രമല്ല, മറ്റ് രാജ്യങ്ങളിലും, സ്ത്രീകള്‍ കുട്ടികളെ നോക്കാന്‍ അവധി എടുക്കുമെന്നും അത് ജോലിയില്‍ ശ്രദ്ധ കുറയ്ക്കുമെന്നും ഉള്ള വിശ്വാസമാണ് തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറയാനുള്ള ഒരു കാരണമെന്ന് ചൂണ്ടിക്കാട്ടിയ അവര്‍ വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി പെണ്‍കുട്ടികള്‍ക്ക് മുന്നോട്ട് പോകുന്നതിന് മെച്ചപ്പെട്ട അന്തരീക്ഷം ആവശ്യമാണെന്നും വ്യക്തമാക്കി.

ഒഡീഷയിലെ ഒരു പിന്നോക്ക പ്രദേശത്തെ ഒരു സാധാരണ കുടുംബത്തില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്കുള്ള തന്റെ ജീവിത യാത്രയെ കുറിച്ച് ഓര്‍മിപ്പിച്ച അവര്‍ സ്ത്രീകളുടെ നേട്ടങ്ങളെ ആദരിക്കാനും, അവരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളര്‍ത്താനും, ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സ്വയം സമര്‍പ്പിക്കാനുമുള്ള ഒരു അവസരമാണ് അന്താരാഷ്ട്ര വനിതാ ദിനമെന്നും കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it