Latest News

ഗഡ്കരിയും ചൗഹാനും പുറത്ത്; ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ സംഭവിക്കുന്നതെന്താണ്?

ഗഡ്കരിയും ചൗഹാനും പുറത്ത്; ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍ സംഭവിക്കുന്നതെന്താണ്?
X

ന്യൂഡല്‍ഹി: 2023ല്‍ പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയുടെ നയരൂപീകരണവേദിയായ പാര്‍ലമെന്ററി ബോര്‍ഡിലേക്കുള്ള നേതാക്കളെ ഇന്ന് തിരഞ്ഞെടുത്തു. 2024 ലെ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇന്നത്തെ തീരുമാനം ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുള്ളതാണ്. ചില തീരുമാനങ്ങള്‍ രാഷ്ട്രീയവൃത്തങ്ങളില്‍ അമ്പരപ്പുണ്ടാക്കിയപ്പോള്‍ മറ്റ് ചിലത് അപ്രതീക്ഷിതമായിരുന്നില്ല. കേന്ദ്രമന്ത്രി ഗഡ്കരിയെ ബോര്‍ഡില്‍നിന്ന് പുറത്തേക്കയച്ചതാണ് ഏറ്റവും അമ്പരപ്പിച്ച നടപടി.

ഗഡ്കരിക്കുപുറമെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് ചൗഹനെയും പുറത്തുനിര്‍ത്തിയിട്ടുണ്ട്. സ്വന്തം സംസ്ഥാനങ്ങളില്‍ പരാജയം നേരിട്ട ഫഡ്‌നാവിസും അഴിമതി ആരോപണത്താല്‍ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്തുപോകേണ്ടിവന്ന കര്‍ണാടകയിലെ ബി എസ് യദ്യൂരപ്പയും പട്ടികയില്‍ ഇടംപിടിച്ചു.

രണ്ടാം തവണയും പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച യോഗി ആദിത്യനാഥിനും നയരൂപീകരണവേദിയില്‍ ഇടംലഭിച്ചില്ലെന്നത് ശ്രദ്ധേയമാണ്.

ബിഎസ് യെദ്യൂരപ്പ, സര്‍ബാനന്ദ സോനോവാള്‍, കെ ലക്ഷ്മണ്‍, ഇഖ്ബാല്‍ സിംഗ് ലാല്‍പുര, സുധ യാദവ്, സത്യനാരായണ ജതിയ എന്നിങ്ങനെ ആറ് പേര്‍ പുതുമുഖങ്ങളാണ്.

മുഖ്യമന്ത്രിമാര്‍, സംസ്ഥാന അധ്യക്ഷന്മാര്‍ തുടങ്ങി പ്രധാനപ്പെട്ട തസ്തികയിലുളളവരെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയാണ് പാര്‍ലമെന്ററി ബോര്‍ഡ്.

നിതിന്‍ ഗഡ്കരിയെ ബിജെപിയുടെ സുപ്രധാനമായ സമിതിയില്‍ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയവൃത്തങ്ങളിലും പാര്‍ട്ടിയിലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രധാന നേതാവും പാര്‍ട്ടി മേധാവിയുമായിരുന്നയാളെ പാര്‍ലമെന്ററി ബോര്‍ഡില്‍ നിലനിര്‍ത്തലാണ് സാധാരണ ചെയ്തുവരുന്നത്. അത് ഗഡ്കരിയുടെ കാര്യത്തില്‍ നടക്കാതെപോയതെന്താണെന്ന് വ്യക്തമല്ല. മുന്‍പാര്‍ട്ടി മേധാവി രാജ്‌നാഥ് സിങ്ങും ഇടംപിടിച്ചിട്ടുണ്ട്.

ശിവസേനയുമായി സഖ്യമുണ്ടാക്കിയ ശേഷം വെറും ഉപമുഖ്യമന്ത്രിസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ഫഡ്‌നാവിസിന് പുതുതായുണ്ടായ സ്ഥാനലബ്ധി ആശ്വാസകരമാണ്.

20 വര്‍ഷം മുഖ്യമന്ത്രി പദത്തിലിരുന്ന ചൗഹാന്‍ പുറത്താക്കപ്പെട്ടത് വലിയൊരു ആഘാതമായാണ് കണക്കാക്കുന്നത്.

യദ്യൂരപ്പയാകട്ടെ കഴിഞ്ഞ വര്‍ഷം അഴിമതിയാരോപണത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവയ്‌ക്കേണ്ടിവന്നയാളാണ്. ബോര്‍ഡില്‍ 75 വയസ്സുവരെയുളളവരെയാണ് പരിഗണിക്കുക പതിവ്. യദ്യൂരപ്പക്ക് 77 വയസ്സായി. എന്നിട്ടും പരിഗണിക്കപ്പെട്ടു. ലിങ്കായത്ത് സമുദായക്കാരനായ യദ്യൂരപ്പ കഴിഞ്ഞ കുറേ കാലമായി അതൃപ്തിയിലായിരുന്നു. അദ്ദേഹത്തെ സമാധാനിപ്പിക്കാനാണത്രെ പുതിയ നീക്കം. അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.

മുന്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനൊവാള്‍ ഹിമാന്തബിശ്വാസ് ശര്‍മക്കുവേണ്ടി സ്ഥാനമൊഴിഞ്ഞയാളാണ്. അദ്ദേഹവും കമ്മിറ്റിയില്‍ ഇടംപിടിച്ചു.

അമിത് ഷായും മോദിയും ജെ പി നദ്ദയും ബിഎല്‍ സന്തോഷുമാണ് മാറ്റമില്ലാതെ സമിതിയില്‍ തുടരുന്നവര്‍.

Next Story

RELATED STORIES

Share it