Latest News

അവസര സമത്വമാണ് ആദ്യം ഉറപ്പാക്കേണ്ടത്; ലിംഗ സമത്വം തുടങ്ങേണ്ടത് വസ്ത്രത്തില്‍ നിന്നല്ല: നാഷണല്‍ വിമന്‍സ് ഫ്രണ്ട്

ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് നാഷണല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അവശ്യപെട്ടു

അവസര സമത്വമാണ് ആദ്യം ഉറപ്പാക്കേണ്ടത്; ലിംഗ സമത്വം തുടങ്ങേണ്ടത് വസ്ത്രത്തില്‍ നിന്നല്ല: നാഷണല്‍ വിമന്‍സ് ഫ്രണ്ട്
X

കോഴിക്കോട്: അവഗണിക്കപ്പെടുന്നവര്‍ക്കും അരികുവല്‍ക്കരിക്കപ്പെടുന്നവര്‍ക്കും അവസര സമത്വം ഉറപ്പാക്കിക്കൊണ്ടാണ് ലിംഗ സമത്വം നടപ്പാക്കേണ്ടതെന്ന് നാഷണല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ലിംഗസമത്വം നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍ അത് തുടങ്ങേണ്ടത് വസ്ത്രത്തില്‍ നിന്നല്ല. സമൂഹത്തില്‍ വിവിധ തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുകയും, മറ്റുള്ളവരാല്‍ അവഹേളിക്കപ്പെടുകയും ചെയ്യുന്ന നിരവധി ആളുകള്‍ ഉണ്ട്. അവരുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പോലും പരിഹരിക്കപ്പെടാതെ ഇത് പോലുള്ള വാദവുമായി മുന്നോട്ട് വരുന്നവര്‍ സ്വയം അപഹാസ്യരാകുകയാണ്. സാമാന്യ ബുദ്ധിക്കു നിരക്കാത്ത ഇത്തരം കാര്യങ്ങള്‍ പുരോഗമന വാദമായി കൊട്ടിഘോഷിക്കുന്നത് അര്‍ത്ഥശൂന്യമാണെന്നും നാഷണല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.

സ്ത്രീയും പുരുഷനും ഇന്ന് വിവിധ മേഖലകളില്‍ ഒരുപോലെ അവരുടെ വൈദഗ്ധ്യം തെളിയിച്ചു കൊണ്ടിരിക്കുന്നു. തൊഴില്‍ ഇടങ്ങളിലും പൊതുരംഗങ്ങളിലും ഈ മാറ്റം ദൃശ്യമാണ്. ഇതിന് അനുസൃതമായി സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും സമൂഹത്തെ പാകപ്പെടുത്താനുമുള്ള ക്രിയാത്മകമായ ചിന്തകളും ഇടപെടലുകളുമാണ് ഉണ്ടാവേണ്ടത്.

സ്ത്രീയും പുരുഷനും അവരുടെ ശാരീര ഭാഷയില്‍ തന്നെ വ്യത്യാസം ഉള്ളവരാണ്. അവരെ വസ്ത്രത്തിനകത്തു മാത്രം തുല്യത ഉള്ളവരാക്കി കണക്കാക്കുന്നത് പ്രകടനം മാത്രമായേ കാണാന്‍ കഴിയുകയുള്ളൂ. സംസ്‌കാരികവും വിശ്വാസപരവുമായ അസ്തിത്വം നിലനിര്‍ത്തിക്കൊണ്ട് സ്ത്രീകള്‍ക്ക് മുഖ്യധാരയില്‍ സജീവമാകാനുള്ള ഇടമാണ് സൃഷ്ടിക്കപ്പെടേണ്ടത്. അതിനെ നിഷേധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും മേലുള്ള കൈകടത്തലാണ്. അടിച്ചേല്‍പ്പിക്കലല്ല, തെരഞ്ഞെടുക്കല്‍ ആണ് നീതിയും സ്വാതന്ത്ര്യവുമെന്ന ചിന്തയാണ് യഥാര്‍ഥ പുരോഗമനമെന്നും നാഷണല്‍ വിമന്‍സ് ഫ്രണ്ട് പറഞ്ഞു.

സാമാന്യ ബുദ്ധിക്കു നിരക്കാത്ത കാര്യങ്ങള്‍ പുരോഗമനവാദമായി കൊണ്ടുവരുമ്പോള്‍ അതിനെതിരേ പ്രതികരിക്കാന്‍ സ്ത്രീ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നും നാഷണല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആവശ്യപെട്ടു.

Next Story

RELATED STORIES

Share it