Latest News

ഇസ്മായീല്‍ മരുതേരിക്കും മന്‍സൂര്‍ മാസ്റ്റര്‍ക്കും ജിജിഐ യാത്രയയപ്പ് നല്‍കി

ഇസ്മായീല്‍ മരുതേരിക്കും മന്‍സൂര്‍ മാസ്റ്റര്‍ക്കും ജിജിഐ യാത്രയയപ്പ് നല്‍കി
X

ജിദ്ദ: പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ വാഗ്മിയും എഴുത്തുകാരനും ഗുഡ്‌വില്‍ ഗ്‌ളോബല്‍ ഇനിഷ്യേറ്റിവ് (ജിജിഐ) പ്രസിഡന്റുമായ ഡോ. ഇസ്മായില്‍ മരുതേരിക്കും എക്‌സിക്യൂട്ടിവ് മെമ്പറും ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകനുമായ സി.ടി. മന്‍സൂര്‍ മാസ്റ്റര്‍ക്കും ജിജിഐ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. സാംസ്‌കാരിക, വൈജ്ഞാനിക, അധ്യാപന, സാമൂഹിക സേവന രംഗങ്ങളില്‍ തനതായ അടയാളപ്പെടുത്തലുകള്‍ നടത്തുകയും നിസ്തുല സംഭാവനകളര്‍പ്പിക്കുകയും ചെയ്തശേഷമാണ് ഇരുവരും ജിദ്ദയോട് വിട വാങ്ങുന്നതെന്ന് 'സ്‌നേഹാദരം' യാത്രയയപ്പ് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

സംശയ നിവാരണത്തിന് താന്‍ മുഖ്യമായി അവലംബിച്ചിരുന്ന സ്രോതസ്സുകളില്‍ ഒന്നായിരുന്നു ഡോ. മരുതേരിയെന്ന് ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ചെയര്‍മാനും ജിജിഐ പാട്രണുമായ വി.പി മുഹമ്മദലി പറഞ്ഞു. ജിദ്ദയിലെ പൊതുമണ്ഡലത്തില്‍ നിറഞ്ഞുനിന്ന മരുതേരി, ഹജ്ജ് സേവന രംഗത്തും സജീവ സാന്നിധ്യമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇളംതലമുറക്ക് കൂടുതല്‍ ദിശാബോധത്തോടെ അറിവ് പകര്‍ന്നുകൊടുക്കുന്നതില്‍ മന്‍സൂര്‍ മാസ്റ്റര്‍ വഹിക്കുന്ന പങ്കിനെ വി.പി പ്രകീര്‍ത്തിച്ചു.

സമുദായഐക്യത്തിന്റെ കണ്ണികള്‍ ബലപ്പെടുത്താനും അറിവിന്റെയും സാമൂഹികസേവനത്തിന്റെയും മാഹാത്മ്യം പ്രചരിപ്പിക്കാനും മരുതേരിയും മന്‍സൂര്‍ മാസ്റ്ററും അര്‍പ്പിച്ചുപോരുന്ന സംഭാവനകള്‍ ജിജിഐ വൈസ് പാട്രന്മാരായ അബ്ബാസ് ചെമ്പനും സലീം മുല്ലവീട്ടിലും റഹീം പട്ടര്‍കടവനും എടുത്തുപറഞ്ഞു.

ജിജിഐ ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. മരുതേരിയും മന്‍സൂര്‍ മാസ്റ്ററും സമീറാ മരുതേരിയും മറുപടി പ്രസംഗം നടത്തി. കയ്പും മധുരവും നിറഞ്ഞ ജീവിതത്തില്‍, ആത്മസംഘര്‍ഷങ്ങളില്‍നിന്ന് കരകയറാനുള്ള മികച്ച മാര്‍ഗമാണ് ചുറ്റിലും സ്‌നേഹവും സൗഹാര്‍ദവും പ്രസരിപ്പിക്കാന്‍ ശ്രമിക്കുന്നതും അശരണര്‍ക്കു കൈത്താങ്ങായി നിലകൊള്ളുന്നതുമെന്ന് മരുതേരി പ്രവാസി സമൂഹത്തെ ഉണര്‍ത്തി. സ്രഷ്ടാവ് ചില മഹദ് ദൗത്യങ്ങള്‍ നിറവേറ്റാന്‍ നമ്മോട് അനുശാസിക്കുന്നു. അത്തരം ചില ദൗത്യങ്ങളില്‍ മുഴുകാന്‍ ജിജിഐ എന്ന കൂട്ടായ്മയിലൂടെ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ട്.

ഇന്തോ-അറബ് ബന്ധം സുദൃഢമാക്കുന്നതിനും കാതലായ പ്രവാസി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഇളംതലമുറയുടെ ഉത്കര്‍ഷത്തിനും ഊന്നല്‍ നല്‍കുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച കൂട്ടായ്മയാണിത്. മറ്റു സംഘടനകള്‍ കൈവെക്കാത്ത നിരവധി മേഖലകളിലേക്ക് കടന്നുചെന്നതിനൊപ്പം ജിജിഐ, പരസ്പരം മാനിച്ചും ആദരിച്ചും പൊതുപ്രശ്‌നങ്ങളില്‍ ഒരുമിച്ചുനില്‍ക്കുന്നതിലെ മഴവില്‍ സൗന്ദര്യം അന്വര്‍ഥമാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

തീര്‍ത്തും ആകസ്മികമായാണ് പ്രവാസിയായതെങ്കിലും വ്യാഴവട്ടത്തിലേറെ നീണ്ട അധ്യാപനസപര്യക്കിടയില്‍ കൈവരിച്ച ജീവിതാനുഭവങ്ങള്‍ നാട്ടിലെ അധ്യാപന ജീവിതത്തിലും വലിയ മുതല്‍ക്കൂട്ടാവുമെന്ന് മന്‍സൂര്‍ മാസ്റ്റര്‍ പ്രത്യാശിച്ചു. മറ്റുള്ളവര്‍ക്കായി എന്തെങ്കിലും ചെയ്യുമ്പോഴാണ് ജീവിത സംതൃപ്തി ലഭിക്കുക എന്നും അത് ജിജിഐയിലൂടെ സാധ്യമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജലീല്‍ കണ്ണമംഗലം, സാദിഖലി തുവ്വൂര്‍, എ.എം. അബ്ദുല്ലക്കുട്ടി ചെട്ടിപ്പടി, നൗഫല്‍ പാലക്കോത്ത്, അബ്ദുറഹ്മാന്‍ കാളമ്പ്രാട്ടില്‍, അഷ്‌റഫ് പട്ടത്തില്‍, പി.എം മുര്‍തദ, മന്‍സൂര്‍ വണ്ടൂര്‍, ആലുങ്ങല്‍ ചെറിയ മുഹമ്മദ്, സുല്‍ഫിക്കര്‍ മാപ്പിളവീട്ടില്‍, അരുവി മോങ്ങം, സഹല്‍ കാളമ്പ്രാട്ടില്‍, ജിജിഐ ലേഡീസ് വിംഗ് കണ്‍വീനര്‍ റഹ്മത്ത് ആലുങ്ങല്‍, റഹ്മത്ത് ടീച്ചര്‍, ശബ്‌ന കബീര്‍, നാസിറ സുല്‍ഫി, ഫാത്തിമ ജലീല്‍ എന്നിവര്‍ ഇരുവര്‍ക്കും യാത്രാമംഗളം നേര്‍ന്നു.

ജിജിഐ ട്രഷറര്‍ ഇബ്രാഹിം ശംനാട് ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും സെക്രട്ടറി കബീര്‍ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it