Latest News

വനിതാ ഹോസ്റ്റലുകളിലെ രാത്രി നിയന്ത്രണം; ആണധികാരവ്യവസ്ഥയുടെ ഭാഗമെന്ന് ഹൈക്കോടതി

വനിതാ ഹോസ്റ്റലുകളിലെ രാത്രി നിയന്ത്രണം; ആണധികാരവ്യവസ്ഥയുടെ ഭാഗമെന്ന് ഹൈക്കോടതി
X

കൊച്ചി: വനിതാ ഹോസ്റ്റലുകളിലെ രാത്രി നിയന്ത്രണം ആണധികാരവ്യവസ്ഥയുടെ ഭാഗമെന്ന് ഹൈക്കോടതി. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും കോടതി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണത്തിനെതിരേ വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ രൂക്ഷവിമര്‍ശനം. രാത്രി നിയന്ത്രണത്തിന്റെ കാരണം അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല.

ആണധികാരവ്യവസ്ഥയുടെ ഭാഗമാണ് ഇത്തരം നിയന്ത്രണം. ഹോസ്റ്റലില്‍ രാത്രി പത്തുമണിക്കുശേഷവും തിരികെ കയറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രശ്‌നപരിഹാരത്തിനായി വിളിച്ചുചേര്‍ത്ത പിടിഎ മീറ്റിങ്ങിലും പരിഹാരമുണ്ടാവാത്ത സാഹചര്യത്തിലാണ് അവര്‍ നിയമനടപടിക്കൊരുങ്ങിയത്. രാത്രി 10 മണിയാണ് ഹോസ്റ്റലില്‍ തിരിച്ചുകയറാന്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന സമയം. ഇത് നീട്ടണമെന്നും ആണ്‍കുട്ടികള്‍ക്കുള്ള സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്കും വേണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം.

സര്‍ക്കാര്‍ കോളജുകളുടെ പൊതുചട്ടമാണ് നടപ്പാക്കുന്നതെന്നാണ് കോളജ് അധികൃതരുടെ വാദം. ഇക്കാര്യത്തില്‍ ചട്ടം തന്നെ ഭേദഗതി ചെയ്യണമെന്ന് വിദ്യാര്‍ഥിനികള്‍ ഹരജിയില്‍ ആവശ്യപ്പെടുന്നു. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികള്‍ കാംപസിനുള്ളില്‍ പോലും ഇറങ്ങരുതെന്ന് സ്‌റ്റേറ്റ് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. വിദ്യാര്‍ഥികളുടെ ജീവന് മെഡിക്കല്‍ കോളജ് കാംപസില്‍ പോലും സംരക്ഷണം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണോ ഉള്ളതെന്നും കോടതി വിമര്‍ശിച്ചു. നിയന്ത്രണത്തിനെതിരേ തിങ്കളാഴ്ച രാത്രി വിദ്യാര്‍ഥികള്‍ ടര്‍ഫില്‍ ഫുട്‌ബോള്‍ കളിച്ച് പ്രതിഷേധിച്ചിരുന്നു.

Next Story

RELATED STORIES

Share it