Latest News

കരിപ്പൂര്‍ വഴി ഹജ്ജിന് പോകാന്‍ ഇത്തവണ ചെലവേറും; മന്ത്രിക്ക് കത്തയച്ചു, അധികമായി നല്‍കേണ്ടത് 75,000

75,000 രൂപയാണ് കരിപ്പൂരില്‍ നിന്ന് യാത്ര പോകുന്നവര്‍ അധികമായി നല്‍കേണ്ട തുക. പകുതിയിലധികം ഹജ്ജ് തീര്‍ത്ഥാടകരും കരിപ്പൂരില്‍ നിന്നായതിനാല്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി ഹജ്ജിന് പോകാന്‍ ഇത്തവണ ചെലവേറും. കണ്ണൂരില്‍ ടിക്കറ്റ് നിരക്ക് 89,000 രൂപയും, നെടുമ്പാശ്ശേരിയില്‍ 86,000 രൂപയും മാത്രമായിരിക്കെ കരിപ്പൂരില്‍ ടിക്കറ്റ് നിരക്ക് 1,65000 രൂപയാണ്. 75,000 രൂപയാണ് കരിപ്പൂരില്‍ നിന്ന് യാത്ര പോകുന്നവര്‍ അധികമായി നല്‍കേണ്ട തുക. പകുതിയിലധികം ഹജ്ജ് തീര്‍ത്ഥാടകരും കരിപ്പൂരില്‍ നിന്നായതിനാല്‍ വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യമാത്രമാണ് കരിപ്പൂരില്‍ സര്‍വീസ് നടത്തുന്നത്. വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ അനുമതിയുമില്ല. ഈ സാഹചര്യത്തില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് കോഴിക്കോട് നിന്നുള്ള വന്‍ വിമാന നിരക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിക്കും കത്തെഴുതിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം കേരളത്തില്‍ നിന്നും 11556 തീര്‍ത്ഥാടകരാണ് ഹജ്ജ് തീര്‍ത്ഥാടനം നടത്തിയത്. ഇതില്‍ 7045 പേരും കോഴിക്കോട് നിന്നാണ് യാത്രതിരിച്ചത്. കോഴിക്കോടിനൊപ്പം കൊച്ചിയും കണ്ണൂരുമാണ് ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ്.

കോഴിക്കോട് നിന്നു എയര്‍ ഇന്ത്യയും കണ്ണൂരിൽ നിന്നും കൊച്ചിയില്‍ നിന്നും സൗദി എയര്‍ലൈന്‍സുമാണ് സര്‍വീസിന് അര്‍ഹത നേടിയത്. ഇത്തവണത്തെ ഉയര്‍ന്ന നിരക്ക് കോഴിക്കോട് നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. നിരക്ക് കുറയ്ക്കണം. ഇതിനായി കോഴിക്കോട്ട് നിന്നുള്ള നിരക്ക് നിശ്ചയിക്കാന്‍ റീ ടെണ്ടര്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it