Latest News

ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണക്കടത്ത്: തൃക്കാക്കരയിലെ ലീഗ് നേതാവിനെ കസ്റ്റംസ് ചോദ്യംചെയ്യുന്നു

ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിനും, നിര്‍മാതാവ് സിറാജുദ്ദീനും ഒളിവിലാണ്

ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണക്കടത്ത്: തൃക്കാക്കരയിലെ ലീഗ് നേതാവിനെ കസ്റ്റംസ് ചോദ്യംചെയ്യുന്നു
X

കൊച്ചി:ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ തൃക്കാക്കര മുനിസിപ്പല്‍ വൈസ് ചെയര്‍മാനും ലീഗ് നേതാവുമായ എ എ ഇബ്രാഹിംകുട്ടിയെ കസ്റ്റംസ് ചോദ്യംചെയ്യുന്നു. കൊച്ചി കസ്റ്റംസ് ഓഫിസിലാണ് ചോദ്യംചെയ്യല്‍. നോട്ടിസ് നല്‍കി വിളിച്ച് വരുത്തിയാണ് എ എ ഇബ്രാഹിംകുട്ടിയെ ചോദ്യം ചെയ്യുന്നത്. ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിനും, നിര്‍മാതാവ് സിറാജുദ്ദീനും ഒളിവിലാണ്. ഷാബിന്റെ പാസ്‌പോര്‍ട്ട് കസ്റ്റംസ് കണ്ടുകെട്ടി.

ഇറച്ചി മുറിക്കുന്ന യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്നലെ ഇബ്രാഹിംകുട്ടിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. കസ്റ്റംസ് ഒരു ലാപ്‌ടോപ്പും ഏതാനും ചില രേഖകളും വീട്ടില്‍ നിന്നും കസ്റ്റഡിയിലടുത്തു. കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് നഗരസഭ വൈസ് ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. ഇദ്ദേഹത്തിന്റെ മകന്‍ ഷാബിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്നാണ് എക്‌സൈസ് കരുതുന്നത്. ഇയാളും കുടുംബവും ഇപ്പോള്‍ ഒളിവിലാണ്.ഷാബിന്റെ ഡ്രൈവറുടെ കളമശ്ശേരിലുള്ള വസതിയിലും കസ്റ്റംസ് റെയ്ഡ് നടത്തി.ഷാബിനെ ചോദ്യം ചെയ്താല്‍ മാത്രമെ കൂടുതല്‍ പറയാനാകൂ എന്ന് കസ്റ്റംസ് പറഞ്ഞു.

ഇബ്രാഹിം കുട്ടി ലീഗിന്റെ നിയോജക മണ്ഡലം, ജില്ലാ നേതാവാണ്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലായിരുന്നു സ്വര്‍ണ്ണം പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ കാര്‍ഗോയിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ച യന്ത്രമുണ്ടായിരുന്നത്. സിറാജുദ്ദീന് എന്നയാളാണ് സ്വര്‍ണ്ണം അയച്ചതെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. കാര്‍ഗോ കൈപ്പറ്റാന്‍ വന്നയാളെ എക്‌സൈസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

തൃക്കാക്കര തുരുത്തേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു യന്ത്രം എത്തിയത്. ഈ സ്ഥാപനത്തിന്റെ പാര്‍ട്ട്‌നര്‍ ആണ് ഷാബിന്‍. യന്ത്രം തുറക്കാന്‍ സാധിക്കാത്തതിനാല്‍ കട്ടര്‍ ഉപയോഗിച്ച് മുറിച്ചായിരുന്നു സ്വര്‍ണ്ണം പുറത്തെടുത്തത്. രണ്ടേകാല്‍ കിലോയോളം വരുന്ന ചെറുതും വലുതുമായ നാല് സ്വര്‍ണ്ണക്കട്ടികള്‍ ആണ് യന്ത്രത്തില്‍ നിന്ന് ലഭിച്ചത്. ഇന്ത്യയില്‍ സുലഭമായി ലഭിക്കുന്ന യന്ത്രമായിരുന്നിട്ടും ഇറക്കുമതി ചെയ്തത് എന്തിനെന്ന സംശയം തോന്നിയതിനെ തുടര്‍ന്നായിരുന്നു കസ്റ്റംസ് കാര്‍ഗോ വിശദമായി പരിശോധിച്ചത്.

സിറാജുദ്ദീനും ഷാബിനും ചേര്‍ന്ന് മുന്‍പും വിമാനത്താവളം വഴി സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് നല്‍കുന്ന വിവരം. വിവിധ യന്ത്രഭാഗങ്ങള്‍ നാട്ടിലേക്കു കൊണ്ടുവരുന്നുവെന്ന പേരിലായിരുന്നു സ്വര്‍ണക്കടത്ത്.

Next Story

RELATED STORIES

Share it