Latest News

നില്‍പ് സമരം പതിനെട്ടാം ദിവസത്തിലേക്ക്; ക്രിസ്മസ് ആഘോഷം സെക്രട്ടേറിയറ്റ് പടിക്കലാക്കി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

നില്‍പ് സമരം പതിനെട്ടാം ദിവസത്തിലേക്ക്; ക്രിസ്മസ് ആഘോഷം സെക്രട്ടേറിയറ്റ് പടിക്കലാക്കി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍
X

തിരുവനന്തപുരം: മഹാമാരിക്കാലത്തെ മുന്നണിപ്പോരാളികളെ തെരുവില്‍ നിര്‍ത്തുന്നതിലെ പ്രതിഷേധ സൂചകമായി നാളെ പ്രതീകാത്മക ക്രിസ്മസ് ആഘോഷം സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ക്കു നേരെ കടുത്ത അവഗണന തുടരവേ സെക്രട്ടേറിയറ്റ് പടിക്കല്‍ കെജിഎംഒഎയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന നില്‍പ് സമരം പതിനേഴാം ദിവസം പിന്നിടുകയാണ്.

വെള്ളിയാഴ്ചയിലെ പ്രതിഷേധം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടന്നത്. പ്രതിഷേധം കെജിഎംഒഎ സംസ്ഥാന എത്തിക്‌സ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സാബു സുഗതന്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍മാരെ തെരുവിലിറക്കാതെയും പണിമുടക്കിലേക്ക് തള്ളിവിടാതെയും ന്യായമായ ആവശ്യങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.

കെജിഎംഒഎ ആലപ്പുഴ ജില്ലാ സെക്രട്ടറി ഡോ. റിഷാദ് മേത്തര്‍, ഡോ.സേതുമാധവന്‍, ഡോ.ശരത്ചന്ദ്രബോസ്, ഡോ.വിശാനാഥ്, ഡോ.ലിജോ, ഡോസുഹൈല്‍, ഡോ.നുജൂബ, ഡോ.സിനു, ഡോ.അനില്‍കുമാര്‍, ഡോ.ഫിറോസ്, ഡോ.ഗണേഷ് എന്നിവര്‍ പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്തു.

അനിശ്ചിതകാല നില്‍പ് സമരത്തിന്റെ പതിനെട്ടാം ദിവസമായ നാളെ കെജിഎംഒഎ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.

Next Story

RELATED STORIES

Share it