Latest News

ഓഫിസുകള്‍ ഡിജിറ്റല്‍ ആകുന്നതിനൊപ്പം ഉദ്യോഗസ്ഥ സമൂഹവും കാര്യക്ഷമമാകണം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കേരള മാരിടൈം ബോര്‍ഡില്‍ ഇഓഫിസ് സംവിധാനം നടപ്പാക്കി

ഓഫിസുകള്‍ ഡിജിറ്റല്‍ ആകുന്നതിനൊപ്പം ഉദ്യോഗസ്ഥ സമൂഹവും കാര്യക്ഷമമാകണം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
X

തിരുവനന്തപുരം: ഓഫിസ് വ്യവഹാരങ്ങളെ കടലാസില്‍നിന്നും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയാലും അതിന്റെ ഗുണവും വേഗതയും വകുപ്പിനും പൊതുജനങ്ങള്‍ക്കും ലഭ്യമാകണമെങ്കില്‍ ഉദ്യോഗസ്ഥ സമൂഹം കാര്യക്ഷമത പുലര്‍ത്തിയെ മതിയാകൂ എന്നും അല്ലെങ്കില്‍ എല്ലാ നൂതന സംവിധാനങ്ങളും ജലരേഖയാകുമെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കേരള മാരിടൈം ബോര്‍ഡില്‍ ഇ ഓഫിസ് സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നാഷണല്‍ ഇ ഗവര്‍ണന്‍സ് പ്ലാനിന്റെ കീഴിലുള്ള മിഷന്‍ മോഡ് പ്രോജക്ടാണ് ഇ ഓഫിസ്. സര്‍ക്കാര്‍ ഓഫിസുകളെ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു കൊണ്ട് കടലാസ് രഹിത സ്ഥാപനങ്ങളായി മാറ്റാനും അതുവഴി ഒരു ഡിജിറ്റല്‍ വര്‍ക്ക് സ്‌പേസ് സൊല്യൂഷന്‍ ഉണ്ടാക്കാനുമാണ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ നിര്‍മ്മിച്ച ഈ സോഫ്റ്റ്‌വെയര്‍ സംവിധാനം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്ന തിനും സുതാര്യത, ഡാറ്റാ സെക്യൂരിറ്റി മുതലായവ ഉറപ്പാക്കാനും സാധിക്കും. കേരള സ്‌റ്റേറ്റ് ഐ.ടി മിഷന്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, കെല്‍ട്രോണ്‍, കെ സ്വാന്‍, ബി.എസ്.എന്‍.എല്‍ എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടു കൂടി നടപ്പാക്കുന്ന പദ്ധതിക്കായി 8.39 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്.

മൂന്നു ഘട്ടങ്ങളായി കേരള മാരിടൈം ബോര്‍ഡിന്റെ എല്ലാ ഓഫീസുകളിലും ഇ ഓഫിസ് സംവിധാനം നടപ്പിലാക്കാനാണ് ലക്ഷ്യം. ഇതിന്റെ ആദ്യഘട്ടമാണ് വലിയതുറയിലെ ആസ്ഥാനമന്ദിരത്തില്‍ പൂര്‍ത്തീകരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ മൂന്ന് റീജിയണല്‍ ഓഫിസുകളിലും രണ്ട് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിങ്ങുകളിലും മൂന്നാംഘട്ടത്തില്‍ ബാക്കിയുള്ള എല്ലാ ഓഫീസുകളിലും നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ ഡോ.എന്‍എസ് പിള്ള, സി.ഇ.ഒ സലീംകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Next Story

RELATED STORIES

Share it