Latest News

വീടുകളില്‍ പൂക്കളമൊരുക്കി ഗ്രാമികയുടെ നാട്ടുപൂക്കള മത്സരം

വീടുകളില്‍ പൂക്കളമൊരുക്കി ഗ്രാമികയുടെ നാട്ടുപൂക്കള മത്സരം
X

മാള: വീടുകളില്‍ പൂക്കളമൊരുക്കി ഗ്രാമികയുടെ കൊവിഡ് 19 കാലത്തെ നാട്ടുപൂക്കള മത്സരം. ഓണാഘോഷങ്ങളുടെ നിറം കെടുത്തിയ കൊവിഡ് മഹാമാരി പൂക്കളങ്ങളുടെ കെട്ടും മട്ടും മാറ്റിമറിച്ചു. അയല്‍സംസ്ഥാനത്തില്‍ നിന്നുള്ള കമ്പോള പൂക്കളില്‍ നിന്നും ജനം അകന്നുനിന്നതും ലോക്ക് ഡൗണ്‍ കാലം പച്ചക്കറി കൃഷിക്കൊപ്പം പൂച്ചെടികള്‍ നട്ടുവളര്‍ത്താന്‍ ശ്രമിച്ചതും കാരണം ഈ വര്‍ഷം അത്തം മുതല്‍ നാട്ടുപൂക്കളുടെ ചിത്രങ്ങള്‍കൊണ്ട് സമൂഹമാധ്യമങ്ങളെല്ലാം നിറയുകയാണ്.

വര്‍ഷങ്ങളായി പുതിയ തലമുറക്ക് നാട്ടിലും കാട്ടിലും തോട്ടിലും പാടത്തും പറമ്പിലുമെല്ലാമുള്ള ചെടികളെയും പൂക്കളെയും തിരിച്ചറിയാനും അടുത്തറിയാനുമായി നാട്ടുപൂക്കള മത്സരവും നാട്ടുപൂക്കളെ തിരിച്ചറിയല്‍ മത്സരവും നടത്തിവരുന്ന കുഴിക്കാട്ടുശ്ശേരി ഗ്രാമിക അക്കാദമി ഈ വര്‍ഷം വീടുകളിലൊരുക്കിയ നാട്ടുപൂക്കള മത്സരം ശ്രദ്ധേയമായി. കമ്പോള പൂക്കളെ പൂര്‍ണമായും ഒഴിവാക്കി നാട്ടുപൂക്കള്‍ മാത്രമാണുപയോഗിച്ചത്. വീട്ടുചെടികളാണെങ്കിലും പൂവിപണിയിലെ മുഖ്യ ഇനങ്ങളായ ചെണ്ടുമല്ലി, ഉണ്ടമല്ലി, ജമന്തി എന്നിവയും ഒഴിവാക്കിയ മത്സരത്തില്‍ 20 ശതമാനം വരെ ഇലകളും അനുവദിച്ചിരുന്നു. പൂക്കളും ഇലകളും പൂര്‍ണരൂപത്തില്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും നിബന്ധനയുണ്ടായിരുന്നു.






മത്സരത്തിനാകെ ഉണ്ടായിരുന്ന 33 കളങ്ങളില്‍ ചിലതില്‍ 30 പൂക്കള്‍ വരെ ഉപയോഗിച്ചിരുന്നു. വിവിധ വര്‍ണ്ണങ്ങളിലുള്ള ചെത്തിയും ചെമ്പരത്തിയും, മന്ദാരം, തുളസി, പിച്ചകം, പവിഴമല്ലി, രാജമല്ലി, ആകാശമല്ലി, കൃഷ്ണകിരീടം, തുമ്പ, മുക്കുറ്റി, മുല്ല, റോസ്, നിത്യകല്യാണി, നന്ത്യാര്‍വട്ടം, കണിക്കൊന്ന, വാക, അരളി, ശംഖുപുഷ്പം, കനകാംബരം, കോളാമ്പി, അശോകം തുടങ്ങി അറുപതില്‍പരം പൂവിനങ്ങള്‍ എല്ലാ കളങ്ങളിലുമായി നിരന്നിരുന്നു.

ടി വി ആര്യന്‍, ടി വി അനന്തകൃഷ്ണന്‍, കെ. ആര്‍ ഗായത്രീദേവി, സി ജെ ജിതിന്‍, മേഘതീര്‍ത്ഥ, അമിയ രൂപേഷ്, രോഹിണി ശശിധരന്‍, കാവ്യ കൗപ്ര, അമിത്, ബാല സുരേഷ്, ജെറിഷ ഷിബു എന്നിവര്‍ ഒന്ന് മുതല്‍ 11വരെ സമ്മാനങ്ങള്‍ക്ക് അര്‍ഹരായി.

Next Story

RELATED STORIES

Share it