Latest News

അവശ്യവസ്തുക്കള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയ നടപടി അടിയന്തരമായി പുനപ്പരിശോധിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

അവശ്യവസ്തുക്കള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയ നടപടി അടിയന്തരമായി പുനപ്പരിശോധിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
X

തിരുവനന്തപുരം: അരിയും ഗോതമ്പുമടക്കമുള്ള നിത്യോപയോഗ വസ്തുക്കള്‍ക്കുപോലും ജിഎസ്ടി ബാധകമാക്കുന്ന നടപടി അടിയന്തരമായി പുനപ്പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിന് ഇടയാക്കുന്ന ഈ തീരുമാനം സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കും.

പലചരക്കുകടകളിലും മറ്റും ചെറിയ അളവില്‍ പാക്കറ്റുകളിലാക്കി വില്‍ക്കുന്ന വസ്തുക്കള്‍ക്കാണ് ജിഎസ്ടി മാനദണ്ഡം മാറ്റിയതിലൂടെ വില വര്‍ധിക്കുന്നത്. ഇത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നതാണ്. കടയിലെ തിരക്കുകുറയ്ക്കുന്നതിനും എളുപ്പത്തില്‍ സാധനങ്ങള്‍ നല്‍കുന്നതിനുമായി ഭക്ഷ്യധാന്യങ്ങളുള്‍പ്പെട്ട അവശ്യവസ്തുക്കള്‍ പാക്കറ്റുകളിലാക്കി വയ്ക്കുന്നത് കേരളത്തിലെ ചെറുകടകളില്‍ പോലുമുള്ള രീതിയാണ്. അതെല്ലാം ജിഎസ്ടിക്ക് വിധേയമാക്കുന്നത് ഈ കടകളെ ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കും എന്നതില്‍ സംശയമില്ല. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് കേരളം നേരത്തേ തന്നെ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു.

നിത്യോപയോഗ വസ്തുക്കള്‍ക്ക് വിലവര്‍ധിക്കാന്‍ ഇടയാവുന്ന സാഹചര്യം ഒഴിവാക്കണമെന്നും വിശദമായ പഠനത്തിന് ശേഷം മാത്രമേ ഏതു നടപടിയും സ്വീകരിക്കാവൂ എന്നും കേരളം ജിഎസ്ടി യോഗങ്ങളില്‍ വ്യക്തമാക്കിയതാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് നാടിനെ സാമ്പത്തികമായും പ്രതികൂലമായി ബാധിക്കും. ഇതെല്ലാം കണക്കിലെടുത്ത് തീരുമാനം പുനപ്പരിശോധിക്കാന്‍ എത്രയും വേഗം ഇടപെടണമെന്ന് കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it