Latest News

ഗള്‍ഫ് പ്രതിസന്ധി; സൗദി അറേബ്യയും ഖത്തറും ഒത്തുതീര്‍പ്പു ശ്രമത്തിലേക്ക്

ഈ ആഴ്ച ആദ്യം റിയാദില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ദോഹയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായും കുഷ്‌നര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഗള്‍ഫ് പ്രതിസന്ധി; സൗദി അറേബ്യയും ഖത്തറും ഒത്തുതീര്‍പ്പു ശ്രമത്തിലേക്ക്
X

ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി ട്രംപിന്റെ ഉപദേഷ്ടാവ് ജാരെഡ് കുഷ്നര്‍ ഖത്തറിലെത്തിയതിന് പിറകെ സൗദി അറേബ്യയും ഖത്തറും ഒത്തുതീര്‍പ്പു ശ്രമത്തിനൊരുങ്ങുന്നു. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ' അല്‍ ജസീറ' ആണ് ഇത് റിപോര്‍ട്ട് ചെയ്തത്്. സൗദിയും ഖത്തറും തമ്മില്‍ മൂന്ന് വര്‍ഷത്തിലേറെയായി അകല്‍ച്ചയിലാണ്.


ഈ ആഴ്ച ആദ്യം റിയാദില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ദോഹയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായും കുഷ്‌നര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഖത്തറിന്റെ വിമാനങ്ങള്‍ സൗദി അറേബ്യയിലെയും യുണൈറ്റഡ് അറബ് എമിറേറ്റ്സിലെയും (യുഎഇ) വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുകയെന്നതാണ് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യമെന്ന് ബുധനാഴ്ച യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തു. ആസന്നമായ കരാറില്‍ യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നിവ ഉള്‍പ്പെടില്ലെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.


2017 ജൂണിലാണ് സൗദി ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തുകയും നയതന്ത്ര, വ്യാപാര ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തത്. ഖത്തര്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നും ഇറാനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നതായും ആരോപിച്ചായിരുന്നു നടപടികള്‍. ഖത്തറിന്റെ പരമാധികാരത്തെ മാനിച്ചുകൊണ്ടുള്ള ഏത് ചര്‍ച്ചകളെയും സ്വാഗതം ചെയ്യുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ ഥാനി രണ്ടാഴ്ച മുമ്പ് പറഞ്ഞിരുന്നു. ഗള്‍ഫ് പ്രതിസന്ധി തുടരുന്നതുകൊണ്ട് ഇരുപക്ഷത്തിനും ഉപകാരമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.




Next Story

RELATED STORIES

Share it