Latest News

ഹലാല്‍ വിവാദം: സംഘ്പരിവാറിന്റെ ധ്രുവീകരണ ശ്രമത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

ഹലാല്‍ വിവാദം: സംഘ്പരിവാറിന്റെ ധ്രുവീകരണ ശ്രമത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
X

തിരുവനന്തപുരം: ഹോട്ടലുകളിലെ ഹലാല്‍ ഭക്ഷണം സംബന്ധിച്ച് സംഘ്പരിവാര്‍ ആസൂത്രിതമായി നടത്തുന്ന വിദ്വേഷ ധ്രുവീകരണ പ്രചരണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇപ്പോള്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസംഗ സമീപനം വിദ്വേഷ പ്രചരണങ്ങള്‍ക്ക് ശക്തി പകരുന്നതാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷെഫീക്ക് പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനും മറ്റ് ചില നേതാക്കളും പി.സി ജോര്‍ജും നികൃഷ്ടമായ രീതിയില്‍ ഇസ്‌ലാമോഫോബിയ പരത്തുന്ന ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. സംഘ്പരിവാര്‍ ആശയഗതിക്കാരായ നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും വിഷം വമിപ്പിക്കുന്ന നുണപ്രചാരണങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നു. ഇതെല്ലാം സംസ്ഥാനത്തെ സാമൂഹിക ജീവിതത്തെ തകര്‍ക്കുമെന്നത് ഉറപ്പാണ്.

നുണപ്രചാരണങ്ങളിലൂടെ രാജ്യത്തെങ്ങും വളര്‍ത്തിയെടുത്ത ഇസ്‌ലാമോഫോബിയയെ കേരളത്തില്‍ ശക്തിപ്പെടുത്താനാണ് സംഘ്പരിവാര്‍ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് ഹലാല്‍ ഭക്ഷണം സംബന്ധിച്ചും ഹലാല്‍ ബോര്‍ഡ് വെച്ച് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളെ സംബന്ധിച്ചും ഇപ്പോള്‍ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍.

മത സമൂഹങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുക, മുസ്‌ലിംകളെ സാമ്പത്തികമായി തകര്‍ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഘ്പരിവാര്‍ ഈ നീക്കം നടത്തുന്നത്. ഉന്‍മൂലനം ചെയ്യുമെന്ന് സംഘ്പരിവാര്‍ പ്രഖ്യാപിച്ച സമൂഹമാണ് മുസ്‌ലിംകള്‍. അതിന് വേണ്ടിയാണ് വംശഹത്യ, പൗരത്വ നിഷേധം, സാമ്പത്തികമായി തകര്‍ക്കല്‍, ഇസ്‌ലാം ഭീതി പരത്തല്‍, വിദ്യാഭ്യാസ ഉദ്യോഗ അവസര നിഷേധം എന്നിവ നടത്തി വരുന്നത്. ഹലാല്‍ വിവാദവും ഇതിന്റെ ഭാഗമാണ്. ഹോട്ടല്‍ വ്യവസായത്തിലെ മുസ്‌ലിം സാന്നിധ്യത്തെ ഇല്ലാതാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

പൗരത്വ നിഷേധം പോലെ തന്നെയാണ് ഒരു സമുദായത്തെ സാമ്പത്തികമായി തകര്‍ക്കാനുള്ള നീക്കവും. ഇത്ര ആഴത്തില്‍ വര്‍ഗീയവംശീയ പ്രചരണങ്ങള്‍ പ്രമുഖ നേതാക്കള്‍ തന്നെ നേരിട്ട് നടത്തിക്കൊണ്ടിരിക്കുമ്പോഴും ചെറുവിരല്‍ പോലും അനക്കാതെ കേരള ആഭ്യന്തര വകുപ്പ് സംഘ്പരിവാറിന്റെ ഗൂഢപദ്ധതി വിജയിപ്പിക്കാന്‍ സഹായമൊരുക്കി കുറ്റകൃത്യത്തില്‍ പങ്കാളിയാകുകയാണ്.

ലൗ ജിഹാദ് മുതല്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ നിശ്ചിത ഇടവേളകളില്‍ വിദ്വേഷ പ്രചാരണം തുടര്‍ച്ചയായി നടത്തുന്നുണ്ട്. സംഘ്പരിവാറിന് പുറത്തുള്ള ചിലരും ഇത് ഏറ്റെടുത്തു കഴിഞ്ഞു. ഇതിന്റെ ഭാഗമാണ് ക്രൈസ്തവ പേരുകളുള്ള ഫേക്ക് ഐ.ഡികളില്‍ നിന്നും നടക്കുന്ന പ്രചാരണങ്ങള്‍.

ഇത്തരം എല്ലാ ഘട്ടങ്ങളിലും സംഘ്പരിവാറിന് സഹായകരമായ സമീപനമാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചത്. പാലാ ബിഷപ്പ് വിദ്വേഷ പ്രചരണം നടത്തിയ സന്ദര്‍ഭത്തിലും നിയമ നടപടി സ്വീകരിക്കാതെയും അദ്ദേഹത്തിനെ മഹത്വപ്പെടുത്തിയും സര്‍ക്കാര്‍ ശക്തി പകര്‍ന്നു. അതേ നിഷ്‌ക്രിയ സമീപനമാണ് ഇപ്പോഴും സ്വീകരിക്കുന്നത്.

കേരളത്തില്‍ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംഘ്പരിവാറിനെ സഹായിക്കുന്ന നിലപാടുകള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ആക്രമണങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും വംശീയ നുണപ്രചാരണങ്ങള്‍ക്കും എല്ലാം സുവര്‍ണാവസരമാണ്. പോലിസ് വകുപ്പോ നിയമ സംവിധാനങ്ങളോ യാതൊരു നടപടിയും സ്വീകരിക്കാറില്ല.

മുസ്‌ലിം, ക്രൈസ്തവ സൗഹാര്‍ദം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നടത്തിവന്ന നീക്കങ്ങള്‍ തെരഞ്ഞെടുപ്പ് വിജയം നേടാനുള്ള അവസരമാക്കി സിപിഎം തന്നെ നേരിട്ടേറ്റെടുത്തു. അതിന്റെ ആഘാതങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.

പത്രസമ്മേളനങ്ങളിലെയും പൊതുയോഗങ്ങളിലെയും വീരവാദ ഡയലോഗുകള്‍ അല്ല ഒരു ഭരണാധികാരിയില്‍ നിന്ന് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. കൃത്യമായ നിയമനടപടികളാണ്. ആ ഉത്തരവാദിത്വം നിറവേറ്റാതെ വാചക കസര്‍ത്തുകൊണ്ട് ഓട്ടയടക്കുന്ന അപഹാസ്യ നിലപാടില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറണമെന്നും കേരള സമൂഹം സംഘ്പരിവാര്‍ നടത്തുന്ന വിദ്വേഷ നീക്കങ്ങളെ തള്ളിക്കളയണമെന്നും ഭക്ഷണത്തില്‍ വംശീയത കലര്‍ത്താന്‍ സംഘ്പരിവാറിനെ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ.എ ഷെഫീക്ക്, (സംസ്ഥാന ജനറല്‍ സെക്രട്ടറി), സുരേന്ദ്രന്‍ കരിപ്പുഴ (സംസ്ഥാന വൈസ് പ്രസിഡണ്ട്), എന്‍.എം അന്‍സാരി (ജില്ലാ പ്രസിഡണ്ട്) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it