Latest News

ജയിലും ജയിലറെയും ഒഴിവാക്കാനാണ് ഞങ്ങള്‍ പാടുപെടുന്നത്; ട്രംപിന്റെ എഐ വീഡിയോക്കെതിരേ ഹമാസ്

ജയിലും ജയിലറെയും ഒഴിവാക്കാനാണ് ഞങ്ങള്‍ പാടുപെടുന്നത്; ട്രംപിന്റെ എഐ വീഡിയോക്കെതിരേ ഹമാസ്
X

ഗസ: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്‌ററ് ചെയ്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വീഡിയോക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഹമാസ്. ഹമാസിനു പുറമെ നിരവധി പേരാണ് ട്രംപിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഗസയെ റിവിയേര ശൈലിയിലുള്ള ഒരു റിസോര്‍ട്ടായി അവതിരിപ്പിക്കുന്ന വീഡിയോ ആണ് ഇന്നലെ ട്രംപ് പങ്കുവെച്ചത്.

അമേരിക്കന്‍ പ്രസിഡന്റിന്റെ ഗസയെക്കുറിച്ചുള്ള ആശയം ഫലസ്തീനികളുടെ സംസ്‌കാരങ്ങളോടും താല്‍പ്പര്യങ്ങളോടും യോജിക്കുന്നതല്ലെന്ന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗവും വക്താവുമായ ബാസിം നഈം പറഞ്ഞു.

'നിര്‍ഭാഗ്യവശാല്‍, ട്രംപ് വീണ്ടും ജനങ്ങളുടെ സംസ്‌കാരവും താല്‍പ്പര്യവും കണക്കിലെടുക്കാത്ത ആശയങ്ങള്‍ നിര്‍ദ്ദേശിക്കുന്നു,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഗസ പുനര്‍നിര്‍മ്മിക്കപ്പെടുന്നതും, സാമ്പത്തികമായി പുനരുജ്ജീവിപ്പിക്കപ്പെടുന്നതും, കുട്ടികള്‍ക്ക് മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതും കാണുന്ന ദിവസത്തിനായി ഗാസയിലെ ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, വലിയ ജയിലുകള്‍ക്കായുള്ള കാത്തിരിപ്പല്ല അത്. ജയില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനല്ല, മറിച്ച് ജയിലിനെയും ജയിലറെയും ഒഴിവാക്കാനാണ് ഞങ്ങള്‍ പാടുപെടുന്നത്,' നഈം കൂട്ടിച്ചേര്‍ത്തു.

ഗസ പുനര്‍വികസനം എന്ന പേരില്‍, ഗസയില്‍ നിന്ന് 2.1 ദശലക്ഷം പലസ്തീനികളെ പുറത്താക്കുകയും അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ഒരു 'റിവിയേര' ആക്കി മാറ്റുകയും ചെയ്യുന്ന ഒരു വികസന പദ്ധതിയാണ് ട്രംപ് നിര്‍ദേശിച്ചിരുന്നത്.

2023 ഒക്ടോബര്‍ 7-ലെ ആക്രമണത്തില്‍ ഇസ്രായേലി ജെറ്റുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത ഗസ ഇപ്പോള്‍ എങ്ങനെ കാണപ്പെടുന്നുവെന്ന് കാണിച്ചുകൊണ്ടാണ് ജനറേറ്റീവ് എഐ ഉപയോഗിച്ച് സൃഷ്ടിച്ച വീഡിയോ ആരംഭിക്കുന്നത്. ഗസയിലെ അവശിഷ്ടങ്ങളിലൂടെ നഗ്‌നപാദരായി ഫലസ്തീന്‍ കുട്ടികള്‍ നടക്കുന്നതും വീഡിയോയില്‍ കാണിക്കുന്നു.

കോടീശ്വരനായ എലോണ്‍ മസ്‌ക് ഒരു ബീച്ചില്‍ യുഎസ് ഡോളറിന്റെ മഴയില്‍ നൃത്തം ചെയ്യുന്നതും ഭക്ഷണം ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം. നഗരമധ്യത്തില്‍ 'ട്രംപ് ഗസ' എന്ന ബോര്‍ഡുള്ള ഒരു വലിയ കെട്ടിടവും കാണാം. ട്രംപിന്റെ മിനിയേച്ചറുകള്‍ സുവനീറുകളായി വില്‍ക്കുന്ന ഒരു കടയാണ് ഈ അധികാരപ്രകടനത്തെ കൂടുതല്‍ വ്യക്തമാക്കുന്നത്.

അംബരചുംബികളായ കെട്ടിടങ്ങളുടെയും ആഡംബര നൗകകളുടെയും ചിത്രങ്ങള്‍ക്കൊപ്പം ഒരു ബീച്ചില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം ഷര്‍ട്ട് ധരിക്കാത്ത ട്രംപ് കോക്ടെയിലുകള്‍ കുടിക്കുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്.

സൃഷ്ടിപരമെന്നാണ് വീഡിയോടുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വിശേഷണം. ഗസയെ മാറ്റാന്‍ ട്രംപിന്റെ പദ്ധതിക്ക് കഴിവുണ്ടെന്ന് പറഞ്ഞ നെതന്യാഹു കുടിയിറക്കപ്പെട്ട ഗസക്കാര്‍ക്ക് തിരിച്ചുവരണമെങ്കില്‍ അവര്‍ 'ഭീകരതയെ നിരാകരിക്കണം' എന്നുള്ള വാദവും നിരത്തി.ഗസക്കാര്‍ക്ക് താമസിക്കാന്‍ ഒരു രാജ്യം കണ്ടെത്തുക എന്നതാണ് പ്രധാന വെല്ലുവിളി എന്ന് നേരത്തെ നെതന്യാഹു പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it