Latest News

വിദ്വേഷപരാമര്‍ശം: പി സി ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രോസിക്യൂട്ടര്‍ ഹാജരാവാത്തത് ഗൂഢാലോചന; സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം

വിദ്വേഷപരാമര്‍ശം: പി സി ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രോസിക്യൂട്ടര്‍ ഹാജരാവാത്തത് ഗൂഢാലോചന; സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം
X

തിരുവനന്തപുരം: മുസ് ലിംസമൂഹത്തിനെതിരേ വിദ്വേഷപരാമര്‍ശനം നടത്തിയതിന് നല്‍കിയ കേസില്‍ അറസ്റ്റ് ചെയ്ത മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാവാത്തതിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം. ഇടത് പക്ഷപ്രവര്‍ത്തകര്‍ അടക്കം ഇതിനെതിരേ രംഗത്തുവന്നു.

പിസി ജോര്‍ജിനെ രക്ഷിക്കാന്‍ ഒത്തുകളിക്കുകയായിരുന്നു കേരള പോലിസെന്നാണ് പ്രധാനവിമര്‍ശനം. അറസ്റ്റ് ചെയ്യണമെന്ന ആവശ്യം പരിഗണിച്ചുവെന്ന് വരുത്തിത്തീര്‍ത്ത് ജോര്‍ജിന് സഹായം ചെയ്യുകയായിരുന്നു സര്‍ക്കാരെന്നും പല സാമൂഹികമാധ്യമ ആക്റ്റിവിസ്റ്റുകളും പ്രതികരിച്ചു.

''ജോര്‍ജിനെ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായില്ല എന്ന് വാര്‍ത്ത. ഹാജരാകാന്‍ പോലിസ് ആവശ്യപ്പെട്ടില്ലെന്ന് എ.പി.പി ഉമ. ഒട്ടും നിസ്സാരമല്ല ഈ സംഭവം. അതിഗുരുതരമായ വീഴ്ച''- ഇടത് പക്ഷഅക്കൗണ്ടുകളിലൊന്നായ ടി കെ വിനോദന്‍ അഭിപ്രായപ്പെട്ടു.

''വിവാദ പരാമര്‍ശങ്ങള്‍ നടത്തരുത് എന്ന ഉപാധിയോടെ ജാമ്യം ലഭിച്ച പി സി ജോര്‍ജ് മാധ്യമങ്ങളിലൂടെ വീണ്ടും വിദ്വേഷ പ്രസംഗം നടത്തി ജാമ്യ വ്യവസ്ഥ ലംഘിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കണം. കോടതിയില്‍ പോയി സര്‍ക്കാര്‍ വക്കീല്‍ മിണ്ടാതിരുന്നാല്‍ ഏത് കുറ്റവാളിക്കും ജാമ്യം കിട്ടും''- മാധ്യമപ്രവര്‍ത്തകനായ കെ സുനില്‍കുമാര്‍ പ്രതികരിച്ചു.

''വിദ്വേഷ പ്രസംഗക്കേസില്‍ പ്രതിയായി കസ്റ്റഡിയിലെടുത്ത പി.സി.ജോര്‍ജിന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുള്ള തലസ്ഥാനത്തേക്കുള്ള ആനയിക്കല്‍ ബഹു കേമമായിട്ടുണ്ട്. ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന പി.സിയോട് കസ്റ്റഡിയിലെടുക്കാന്‍ എത്തിയ പൊലീസുകാര്‍ കാര്യം പറഞ്ഞു. ഞാന്‍ കുളിച്ച് റെഡിയായി സ്വന്തം കാറില്‍ വരാമെന്ന് ആദ്യ ആവശ്യം. ആയിക്കോട്ടേയെന്ന് പൊലീസും. അങ്ങനെ സ്വന്തം കാറില്‍ യാത്ര പുറപ്പെടുന്നു. വഴിയില്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഹോട്ടലില്‍ നിര്‍ത്തി പ്രഭാത ഭക്ഷണവും കഴിക്കാന്‍ പൊലീസ് അനുവദിക്കുന്നു. അത് കഴിഞ്ഞ് സംഘ്പരിവാര്‍ അണികള്‍ക്ക് മാലയിട്ട് സ്വീകരിക്കാന്‍ അവസരം നല്‍കുന്നു. പിന്നാലെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കോടതിയില്‍ ഹാജരാക്കിയ ജോര്‍ജിന് സര്‍ക്കാര്‍ വക്കീല്‍ മാറി നിന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ജാമ്യവും ലഭ്യമാക്കുന്നു. പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായി ജോര്‍ജ് മാധ്യമങ്ങളോട് പറയുന്നു..! എന്തൊരു കരുതലാണീ സര്‍ക്കാര്‍..!!''- കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് എഴുതി.

Next Story

RELATED STORIES

Share it