Latest News

ഹിന്ദുവിനെ മുസ്‌ലിമെന്ന് തെറ്റിദ്ധരിച്ച് സൗദിയില്‍ സംസ്‌കരിച്ചു; മൃതദേഹം കുഴിച്ചെടുത്ത് നാട്ടില്‍ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം ഹൈക്കോടതിയില്‍

ഹിന്ദുവിനെ മുസ്‌ലിമെന്ന് തെറ്റിദ്ധരിച്ച് സൗദിയില്‍ സംസ്‌കരിച്ചു; മൃതദേഹം കുഴിച്ചെടുത്ത് നാട്ടില്‍ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം ഹൈക്കോടതിയില്‍
X

ന്യൂഡല്‍ഹി: മുസ്‌ലിമെന്ന് തെറ്റിദ്ധരിച്ച് ഇസ്‌ലാമിക മതാചാരപ്രകാരം സൗദിയില്‍ സംസ്‌കരിച്ച ഹിന്ദുവായ ഇന്ത്യക്കാരന്റെ മൃതദേഹം രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. മൃതദേഹം കുഴിച്ചെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനുവേണ്ടി ഡല്‍ഹിയിലെ സൗദി എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതായും മന്ത്രാലയത്തിനുവേണ്ടി നേരിട്ട് ഹാജരായ സിപിവി ഡിവിഷന്‍ ഡയറക്ടര്‍ വിഷ്ണു ശര്‍മ കോടതിയെ അറിയിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്ക് ചെയ്തുതീര്‍ക്കാന്‍ എത്ര സമയം വേണ്ടിവരുമെന്ന് പറയാന്‍ ഉദ്യോഗസ്ഥനായില്ല.

പരാതി പരിഗണിച്ച ബെഞ്ചിലെ ജസ്റ്റിസ് പ്രതിബ എം സിങ് ഏപ്രില്‍ അഞ്ചിലേക്ക് കേസ് മാറ്റി പോസ്റ്റ് ചെയ്തു.

വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് സൗദി മിഷനില്‍ നേരിട്ടു ചെന്ന് വിവരങ്ങള്‍ ആരായാനും കോടതി ഉത്തരവ് അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

23 വര്‍ഷം സൗദിയില്‍ ജോലി ചെയ്ത ഡല്‍ഹിയിലെ സഞ്ജീവ് കുമാര്‍ എന്നയാളെയാണ് 2021 ജനുവരി 24ന് മുസ്‌ലിമെന്ന് തെറ്റിദ്ധരിച്ച് സൗദിയില്‍ സംസ്‌കരിച്ചത്. തന്റെ ഭര്‍ത്താവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിച്ചു.

മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള അനുമതി ഇന്ത്യന്‍ എംബസി നല്‍കിയിരുന്നില്ലെന്നും മരണസര്‍ട്ടിഫിക്കറ്റോ അതിന്റെ പരിഭാഷപ്പെടുത്തിയ പകര്‍പ്പോ ലഭ്യമാക്കിയിരുന്നില്ലെന്നുമാണ് നേരത്തെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നത്.

സഞ്ജീവിന്റെ തൊഴിലുടമ നല്‍കിയ 4.65 ലക്ഷം രൂപയും വിദേശകാര്യമന്ത്രാലം കുടുംബത്തിന് കൈമാറി. എന്നാല്‍ തന്റെ ഭര്‍ത്താവിന് 30 ലക്ഷത്തോളം രൂപ പലയിനത്തില്‍ ലഭിക്കാനുണ്ടെന്ന് ഭാര്യ കോടതിയെ അറിയിച്ചു.

അതേസയം ആവശ്യമായ രേഖകള്‍ ഇല്ലാതെ മൃതദേഹം സംസ്‌കരിക്കാനിടയായത് വലിയ നയതന്ത്രപരമായ വീഴ്ചയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കെ ആര്‍ കോടതിയില്‍ വാദിച്ചു. തെറ്റ് വരുത്തിയ ആളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it